അറബിക്കടലിലെ ന്യൂനമർദ്ദം ‘മഹാ’ ചുഴലിക്കാറ്റായി, ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Web Desk
Posted on October 31, 2019, 8:53 am

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ ‘മഹാ’ ചുഴലിക്കാറ്റായി മാറിയതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയാകും. വ്യാഴാഴ്ച ഉച്ചയോടെ വേഗം 140 കിലോമീറ്റര്‍വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഫിഷറീസ് വകുപ്പ് ഓഫീസുകള്‍ വഴി തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

കേരളതീരത്തു മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തിലും ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കായി ക്യാമ്ബുകള്‍ ആരംഭിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.