പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. ഇന്ന് നടന്ന പൗഷ് പൗർണിമ സ്നാനത്തോടെയാണ് 45 ദിവസം നീളുന്ന മഹാ കുംഭമേള ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് വെളിയില്‍ നിന്നും എത്തിയ 40 ലക്ഷത്തിലധികം തീർത്ഥാടകർ ഷാഹി സ്‌നാന്‍ കര്‍മ്മം നിര്‍വഹിച്ചു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്താണ് പുണ്യസ്നാനം നടന്നത്.
ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 45 ദിവസത്തെ മഹാ കുംഭമേളയില്‍ ഏകദേശം 45 കോടി ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന തീർത്ഥാടകർക്കായി വന്‍ സുരക്ഷാക്രമീകരണമാണ് ഉത്തര്‍പ്രദേശ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സ്‌നാനം നടത്തുന്ന പ്രദേശത്ത് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതിനായി നഗരത്തിലുടനീളം 100 മീറ്റര്‍ വരെ ആഴത്തിലേക്ക് ഡൈവ് ചെയ്യാന്‍ കഴിയുന്ന അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ട് . ആകാശ നിരീക്ഷണത്തിനായി 120 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന റ്റെതേര്‍ഡ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ഇത് ജനക്കൂട്ടത്തെയോ മെഡിക്കല്‍ അല്ലെങ്കില്‍ സുരക്ഷാ ഇടപെടല്‍ ആവശ്യമുള്ള പ്രദേശങ്ങളെയോ തിരിച്ചറിയുന്നതിന് സഹായിക്കും.
മഹാ കുംഭമേളയുടെ സുഗമമായ നടത്തിപ്പിനായി ‘മഹാ കുംഭമേള’ എന്ന പേരിൽ നാല് മാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചിരുന്നു. ഏകദേശം 4000 ഹെക്ടറിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വലിയ വരുമാനമാണ് മഹാ കുംഭമേളയിലൂടെ യോഗി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആകെ 7000 കോടി രൂപയാണ് ബജറ്റ്. കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 40 കോടി സന്ദർശകരിൽ ഓരോരുത്തരും ശരാശരി 5,000 രൂപ ചെലവഴിച്ചാണ് ഈ തുക ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.