ഉത്തര്‍ പ്രദേശില്‍ മഹാകുംഭമേളക്കിടെ മരിച്ചവരുടെ എണ്ണം യുപി സര്‍ക്കാര്‍ കുറച്ച് കാണിച്ചതായി ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന മേളയില്‍ തിക്കിലും തിരക്കിലും പെട്ട് 37 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ 82 പേര്‍ കൊല്ലപ്പെട്ടെന്ന് ബിബിസി ഹിന്ദി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മരിച്ചവരുടെ കുടുംബങ്ങള്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 11 സംസ്ഥാനങ്ങളിലായി നൂറിലേറെ കുടുംബങ്ങളാണ് അന്വേഷണവുമായി സഹകരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ആശുപത്രി മോർച്ചറി സ്ലിപ്പുകൾ, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ തെളിവുകൾ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നു. കൃത്യമായ തെളിവുകള്‍ ലഭിക്കാത്ത മരണങ്ങള്‍ ഇതിലുമേറെ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. മരണനിരക്ക് ഉള്‍പ്പെടെയുള്ള കണക്കുകളിലെ പൊരുത്തകേടുകൾ സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മൗനി അമാവാസി ദിനമായ ജനുവരി 29ന് സംഭവിച്ച നാലു ദുരന്തങ്ങളിലായി 37 പേര്‍ മരിച്ചെന്നാണ് യുപി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 30 പേര്‍ സ്‌നാന്‍ഘട്ടിലും, ഏഴ് പേര്‍ മറ്റിടങ്ങളിലും മരിച്ചെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിയമസഭയില്‍ പറഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപവീതം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തുക മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് പുറമെ 26 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പണമായി സര്‍ക്കാര്‍ കൈമാറിയെന്നാണ് കണ്ടെത്തല്‍. പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് നോട്ടുകള്‍ കൈമാറിയത്. തിക്കിലും, തിരക്കിലും പെട്ടല്ല അസുഖ ബാധിതരായി മരിച്ചതാണെന്ന് രേഖപ്പെടുത്തി ഒപ്പിടാന്‍ നിരവധിപേരെ അധികൃതര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൊലീസ് സംഘങ്ങൾ ഈ കുടുംബങ്ങൾക്ക് നോട്ടു കെട്ടുകൾ കൈമാറുന്ന ദൃശ്യങ്ങളും ബിബിസി പുറത്തുവിട്ടു. ഇതുകൂടാതെ മേളയ്ക്കിടെ മരണപ്പെട്ട 19 പേരുടെ കുടുംബങ്ങളെ കൂടി ബിബിസി അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ ആര്‍ക്കും സഹായം ലഭിച്ചില്ലെന്നാണ് കണ്ടെത്തല്‍.
ബിബിസി റിപ്പോര്‍ട്ട് പങ്കുവച്ച് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് കേന്ദ്ര സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പണം നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്നും നഷ്ടപരിഹാര തുക വിതരണം ചെയ്യാന്‍ കഴിയാത്തവരുടെ പണം എവിടെപ്പോയെന്നും അഖിലേഷ് ചോദിച്ചു. തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതില്‍ യുപി സര്‍ക്കാരിനെ അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.