പന്ന്യൻ രവീന്ദ്രൻ

April 05, 2020, 7:50 am

മഹാഭാരതം ഒരു കമ്മ്യൂണിസ്റ്റ് പ്രഭാഷകന്റെ കാഴ്ചപ്പാടിൽ

Janayugom Online

മഹാഭാരതം ഒരു മഹാകാവ്യമാണ്. വിശ്വാേത്തരമായ മഹത്ഗ്രന്ഥം. കുരുക്ഷേത്രയുദ്ധമാണ് ഇതിവൃത്തം. ധർമ്മയുദ്ധമെന്നും നിരീക്ഷിച്ചിട്ടുണ്ട്. മഹാഭാരത യുദ്ധം ലോകമാകെ ശ്രദ്ധിച്ചതിന് പ്രധാന കാരണം ജ്യേഷ്ടന്റെയും അനുജന്റെയും മക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. എട്ട് അക്ഷൗഹിണി പടകളാണ് മുഖാമുഖം കണ്ടത്. ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവ: മാമ കാ: പാണ്ഡവാശ് ചൈവ. കി മകുർവത സഞ്ജയ? അന്ധനായ ധൃതരാഷ്ട്രർ ആകാംക്ഷയോടെ യുദ്ധ വിവരങ്ങൾ സഞ്ജയനോട് ചോദിക്കുന്നതാണ് രംഗം. വേദവ്യാസനാണ് മഹാഭാരതം രചിച്ചത്.

വേദവ്യാസന്റെ യഥാർത്ഥ നാമം കൃഷ്ണദ്വൈപായനൻ എന്നാണ്. ദ്വീപിൽ ജന്മം കൊണ്ട കറുത്തവൻ എന്നാണ് അർത്ഥം. പരാശരമുനിക്ക് പാതിരാവിൽ ലഭിച്ച അശരീരിയാണ് കാരണമെന്ന് പറയുന്നു. നേരം വെളുക്കുന്നതിന് മുൻപ് ഒരു കുഞ്ഞിന് ജന്മം കൊടുത്താൽ ലോകത്ത് എറ്റവും ബുദ്ധിമാനായ കുഞ്ഞ് ജനിക്കുമെന്നാണ് അശരീരി. സത്യവതിയെന്ന കടത്തുകാരി പെണ്ണിന് കടത്തുവള്ളത്തിൽ വെച്ചു മുനിയിൽ ഉണ്ടായ കുഞ്ഞാണ് വ്യാസൻ.

മഹാഭാരതം എഴുതുവാൻ സർവ്വതാ യോഗ്യൻ വ്യാസൻ തന്നെയാണ്. മഹാഭാരതവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ മലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. എഴുത്തച്ചന്റെ മഹാഭാരതം കിളിപ്പാട്ട് വ്യാസ ഭാരതത്തിനോട് കടപ്പെട്ടിരിക്കുന്നു. മഹാഭാരതത്തിന്റെ ഗദ്യരചന നിരവധിയുണ്ട്. മാരാരുടെ ഭാരത പര്യടനവും സി വി കുഞ്ഞിരാമന്റെ വ്യാസ ഭാരതവും മൂലകൃതിയോട് നീതി പുലർത്തുന്നവയാണ്. മാലി ഭാരതം കുട്ടികൾക്ക് വേണ്ടിയാണെങ്കിലും എല്ലാവരെയും ആകർഷിക്കുന്നതാണ്.

എം ടിയുടെ രണ്ടാമൂഴം സവിശേഷതയാർന്നതാണ്. ഡോ. രാധാകൃഷ്ണൻ, വിനോഭാഭാവെ തുടങ്ങിയ പ്രഗത്ഭമതികൾ മഹാഭാരതത്തെ വ്യത്യസ്ത കാഴ്ചപ്പാടിൽ നോക്കിക്കണ്ടിട്ടുണ്ട്. എണ്ണമറ്റ കഥാപാത്രങ്ങളും ശാഖോപശാഖകളായി പടർന്ന് കിടക്കുന്ന കഥാബീജവും ഉപകഥകളും സമന്വയിച്ച ഈ കൃതിയോട് തുലനം ചെയ്യാവുന്ന മറ്റൊരു കൃതി പിറന്നിട്ടില്ലത്രേ. മഹാഭാരത യുദ്ധ കഥ തന്നെയാണെങ്കിലും ദുര്യോധനന്റെ മരണവുമായി ബന്ധപ്പെട്ട നാടൻ പാട്ടിൽ നിന്നാണ് മഹാഭാരതം രചിക്കപ്പെട്ടതെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. ചരിത്ര പണ്ഡിതനായ വി ഡി കൊസാമ്പിയുടെ അഭിപ്രായവും അതിന്നോട് സാമ്യമുള്ളതാണ്. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകതകളുണ്ട്. അവരെ വേർതിരിച്ചെടുത്ത് നിരവധി കഥകൾ രചിക്കപ്പെട്ടിട്ടുണ്ട്. മുല്ലക്കര രത്നാകരന്റെ ‘മഹാഭാരതത്തിലൂടെ’ അത്തരമൊരു പരിശ്രമത്തിന്റെ ഭാഗമാണ്. പത്തു കഥാ പാത്രങ്ങളെ തിരഞ്ഞെടുത്താണ് പുസ്തകം തയ്യാറാക്കിയത്. പ്രഭാഷണത്തിൽ അവതരിപ്പിച്ച കഥകൾ ആസ്വാദകരുടെ മനസ്സ് കവരുന്നതായിരുന്നു. കഥകളും ഉപകഥകളും വർത്തമാനകാല സംഭവങ്ങളുമായി ചേർത്തുവെച്ച ഉദാഹരണങ്ങളും ആകർഷണീയമായിരുന്നു. പ്രഭാഷണ കലയിൽ മലയാളികൾ ഇഷ്ടപ്പെടുന്ന മുല്ലക്കരയുടെ രണ്ടാമത്തെ പുസതകമാണിത്. പ്രഭാഷണവും എഴുത്തും ഒരേ നിലവാരം പുലർത്തുന്നത് അപൂർവ്വമാണ്.

നല്ല പ്രഭാഷകൻ നല്ല രചയിതാവാകണമെന്നില്ല. നല്ല എഴുത്തുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. മലയാളത്തിൽ എഴുത്തും പ്രഭാഷണവും ഒരേ നിലവാരത്തിൽ നടത്തുന്നവർ വിരളമാണ്. ഡോ. സുകുമാർ അഴീക്കോടാണ് അതിൽ വിജയിച്ചത്. പ്രഭാഷണ കലയുടെ മർമ്മം അറിയുന്നവർക്ക് നല്ല പ്രഭാഷകരാകാമെങ്കിലും എഴുത്തിന്റെ വഴി പ്രയാസകരമാണ്. മുല്ലക്കരയുടെ പ്രത്യേകത പ്രഭാഷണകലയുടെ താളലയ പരിവേഷം പുസ്തക രചനയിലും പ്രകടമാകുന്നുവെന്നതാണ്. സത്യവതി, ഭീഷ്മർ, ഗാന്ധാരി, കർണ്ണൻ, യുധിഷ്ഠിരൻ ദുര്യോധനൻ, അർജുനൻ, പാഞ്ചാലി, ശ്രീകൃഷ്ണൻ, ഹിഡുംബി എന്നീ പത്തുകഥാ പാത്രങ്ങളിലൂടെ മഹാഭാരതകഥയുടെ ചുരുൾ നിവർത്തുകയാണ്. വ്യത്യസ്ഥതകളിൽ വ്യത്യസ്ഥമായ മഹാഭാരതകഥ ലളിതമായ ഭാഷയിൽ വായനക്കാരോട് പറയുന്ന രചയിതാവിന്റെ ആഖ്യാനരീതിയും ഓരോ സംഭവവും ഉദാഹരണങ്ങൾ സഹിതം ലളിതമായി വരച്ചുകാട്ടുമ്പോൾ ശരാശരി വായനക്കാരനെ നന്നായി ആകർഷിക്കും. ഭാരതത്തിന്റെ പൈതൃകസ്വത്തായ രാമായണവും മഹാഭാരതവും ഭഗത് ഗീതയും ഉപനിഷത്തുകളും എല്ലാം ചില പ്രമാണിമാരുടെ മാത്രം സ്വകാര്യ സ്വത്താണെന്നു് ധരിക്കുന്നവരുടെ എണ്ണം മെല്ലെ മെല്ലെ കൂടി വരുന്ന വർത്തമാനകാലത്ത് മുല്ലക്കരയുടെ ‘മഹാഭാരതത്തിലൂടെ‘യുടെ അനിവാര്യത പ്രകടമാവുകയാണ്.

ധർമ്മപുത്രരിൽ തുടങ്ങി ഹിഡുംബിലെത്തുമ്പോൾ വായനക്കാർക്ക് മനസ്സാന്നിദ്ധ്യം വീണ്ടെടുക്കാൻ പ്രയാസമായിരിക്കും. കാലത്തിന്റെ നിയാമകതയിൽ മഹാഭാരതകഥയിലെ സംഭവങ്ങൾ പലപ്പോഴും പുനർ സൃഷ്ടിക്കപ്പെടുന്നതായി തോന്നും. ശ്രീകൃഷ്ണൻ അർജ്ജുനന്റെ തേരാളി മാത്രമല്ല, പാണ്ടവരുടെ തന്ത്രങ്ങൾ മെനയുന്ന, ആയുധമെടുക്കാത്ത സേനാധിപൻ കുടിയാണ്. ദുര്യോധനന്റെ അഹങ്കാരവും ധർമ്മപുത്രരുടെ എളിമയും ഒരൊറ്റ സംഭവത്തിൽ വ്യക്തമാണ്. കൃഷ്ണനെ കാണാൻ ധർമ്മപുത്രരും ദുര്യോധനനും എത്തിച്ചേരുന്നു മയങ്ങിക്കിടക്കുന്ന കൃഷ്ണന്റെ തലയുടെ ഭാഗത്ത് കസേരയിൽ അഹങ്കാര ഭാവത്തിൽ ദുര്യോധനൻ ഇരിക്കുന്നു.

ധർമ്മപുത്രർ കാൽ ഭാഗത്ത് വിനീതനായി നിൽക്കുന്നു. കുഷ്ണൻ മയക്കത്തിൽ നിന്നുണർന്നപ്പോൾ ആദ്യം കണ്ടത് ധർമ്മപുത്രരെയാണ്. ”നേരത്തെ വന്നോ?” കൃഷ്ണന്റെ ചോദ്യം. ഉടൻ തന്നെ ദുബോധനന്റെ മദ്യപടി വന്നു. ”ഞാനാണാദ്യം വന്നത്.” കൃഷ്ണൻ പറഞ്ഞു: ”രണ്ടു പേരും സഹായത്തിന് വന്നതല്ലെ. രണ്ടു ഭാഗത്തും എന്റെ സഹായം ഉണ്ട്. ഒരാൾക്ക് എന്റെ സൈന്യത്തെ തരാം. മറ്റൊരാൾക്ക് നിരായുധനായ ഞാനും.” അപ്പോൾ തന്നെ ദുര്യോധനന്റെ മറുപടി വന്നു:

”സൈന്യത്തെ ഞാനെടുക്കാം.” ധർമ്മത്തിനും നീതിക്കും വേണ്ടിയുള്ള യുദ്ധത്തിന്റെ മർമ്മതലങ്ങളെ സ്പർശിക്കത്തക്ക നിലയിൽ പത്ത് മുഖ്യ കഥാപാത്രങ്ങളിലൂടെ മഹാഭാരതകഥയെ വായനക്കാരിൽ എത്തിക്കുകയാണ് മുല്ലക്കര ഈ പുസതകത്തിലൂടെ നിർവ്വഹിച്ചത്. കർണ്ണന്റെ ജന്മവും ആ ചെറുപ്പക്കാരൻ നേരിട്ട അപമാനവും ദുഃഖത്തിന്റെ ചുഴിയിൽ അകപ്പെട്ട പുത്രന്റെ ദൈന്യതയിൽ മനംനൊന്ത് കഴിയുന്ന കുന്തിയുടെ തകർന്ന മനസ്സാന്നിദ്ധ്യവും ആരെയും വിഷമവൃത്തത്തിലാക്കും. പത്തു കഥാപാത്രങ്ങളെയും വിമർശനബുദ്ധിയോടെയാണ് രചയിതാവ് അവതരിപ്പിക്കുന്നത്. പുരാണ കഥാപാത്രങ്ങളെ വിമർശനബുദ്ധിയോടെ അവതരിപ്പിക്കുമ്പോൾ കാലത്തിന്റെ ചുവരെഴുത്തുകൾ കൂട്ടിനുണ്ടാകും. കേരളീയർ ഏറെ ഇഷ്ടപ്പെടുന്ന സുഗതകുമാരി ടീച്ചറാണ് അവതാരിക എഴുതിയിരിക്കുന്നത്.

പ്രകൃതിയെ സ്നേഹിക്കുന്ന സുഗതകുമാരി ടീച്ചർ എഴുതിയതിങ്ങനെയാണ്: ‘മനുഷ്യർക്കും പ്രകൃതിക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സഹൃദയനും സാഹിത്യാസ്വാദകനുമായ ഈ രാഷ്ടീയക്കാരനെ കാണുമ്പോൾ ഈ ജനുസ്സിൽപ്പെട്ട കുറച്ചു പേർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു പോയി.’ കമ്യൂണിസ്റ്റുകാരൻ എഴുതിയ മഹാഭാരതത്തെക്കുറിച്ചു എഴുതിയ അവതാരിക ഒരു കാര്യം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു. ഭാരതീയ തത്വചിന്ത മലയാളികൾക്ക് പറഞ്ഞു തന്ന കെ ദാമോദരനും, രാമായണവും ഉപനിഷത്തുകളും വേദങ്ങളും ശാസ്ത്രീയമായി അപഗ്രഥിച്ച് ഇന്ത്യയുടെ പൈതൃകത്തെ മാർക്സിസത്തിന്റെ വഴിയിൽ നേരായി വിശകലനം ചെയ്ത എൻ ഇ ബാലറാമും സഞ്ചരിച്ച വഴിയിൽ പ്രഭാഷണ പരതയും രചനാരീതിയും സമന്വയിപ്പിക്കുന്ന മഹാഭാരതത്തിലൂടെ വായനക്കാർക്ക് ഹൃദ്യമാകുമെന്ന് നിസംശയം പറയാം. മഹാഭാരത്തിലൂടെ മുല്ലക്കര രത്നാകരന്‍ സങ്കീർത്തനം പബ്ളിക്കേഷൻസ് വില: 200 രൂപ