Web Desk

December 18, 2019, 10:22 pm

മഹാകവി അക്കിത്തവും വിമതസ്വരങ്ങളും

Janayugom Online

രമേശ് ബാബു

“ഞാന്‍ ഉപനിഷത്തുകള്‍ പരിചയപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം അര്‍ത്ഥശൂന്യമായിപോകുമായിരുന്നു. പാശ്ചാത്യതത്വശാസ്ത്രം വെറും സ്കൂള്‍ കുട്ടികളുടെ രചന മാത്രം. അതിനപ്പുറം വളര്‍ന്നിട്ടില്ല”- നൊബേല്‍ നേടിയ വേസ്റ്റ് ലാന്‍ഡ് എന്ന കൃതിയുടെ കര്‍ത്താവ് ടി എസ് ഇലിയറ്റ്. “ഉപനിഷത്തുകള്‍ നേരത്തെ പരിചയപ്പെട്ടിരുന്നെങ്കില്‍ ആപേക്ഷിക സിദ്ധാന്തത്തിന് പിറകെ പോയി ഞാന്‍ സമയം കളയില്ലായിരുന്നു”- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. “ലോകത്ത് ഒരിടത്തും ഉപനിഷത്തുകള്‍ പോലെ ഉപകാരപ്രദവും ഉത്കൃഷ്ഠവുമായ ഒരു ആശയമില്ല”- ഷോപ്പന്‍ഹോവര്‍. ഭാരതം ലോകത്തിന് നല്‍കിയ സനാതനദര്‍ശനത്തിന്റെ അന്തര്‍ധാരയായ ഉപനിഷത്തുകളെക്കുറിച്ച് മൂന്ന് മഹാമേരുക്കള്‍ കുറിച്ചിട്ട വാക്കുകളാണ് മേലുദ്ധരിച്ചത്.

മാക്സ്മുള്ളര്‍, എസ്രാപൗണ്ട്, ഹെര്‍മന്‍ ഹെസ്സെ, സിസ്റ്റര്‍ നിവേദിത, കാള്‍സാഗന്‍ തുടങ്ങി വേറെ എത്രയോപേര്‍ ഉപനിഷത്‍ ദര്‍ശനങ്ങളുടെ സാരാംശങ്ങളില്‍ അത്ഭുതപരതന്ത്രരായിരിക്കുന്നു‍. ഭാരതീയ വേദേതിഹാസങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയതിനാല്‍ ഇവരെ സംഘികളെന്ന് വിളിക്കാനാവുമോ? ഭാരതത്തില്‍ പിറന്ന് സനാതനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ആത്മസാക്ഷാത്ക്കാരം നേടിയ ശ്രീരാമകൃഷ്ണ പരമഹംസന്‍, ശ്രീനാരായണഗുരു,രമണമഹര്‍ഷി,ജിദ്ദുകൃഷ്ണമൂര്‍ത്തി തുടങ്ങിയ ഗുരു പരമ്പരകളെയും സംഘികളുടെ പട്ടികയില്‍ പെടുത്താനാവുമോ? മാര്‍ക്സും ഏംഗല്‍സും വിഭാവന ചെയ്ത സമത്വസുന്ദര ലോകത്തിന്റെ സ്ഥാപനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഇടതുപക്ഷ സെെദ്ധാന്തികര്‍പോലും ഭാരതദര്‍ശനങ്ങളിലെ സമഭാവനയെ തങ്ങളെ നയിക്കുന്ന സിദ്ധാന്തവുമായി താരതമ്യം ചെയ്ത് രചനകള്‍ നടത്തിയിട്ടുണ്ട്.

ഈ കള്ളിയില്‍പെടുത്താവുന്ന കെ ദാമോദരന്‍, എന്‍ ഇ ബലറാം തുടങ്ങിയവരെ ആരെങ്കിലും സംഘികള്‍ എന്നു വിശേഷിപ്പിക്കുമോ? ശീര്‍ഷകത്തില്‍ പുരോഗമനമെന്ന വാക്കുള്ള ചില പ്രസ്ഥാനങ്ങളിലെ ഭാരവാഹികള്‍ മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചതില്‍ നെറ്റിചുളിക്കുന്നതു കണ്ടപ്പോള്‍ അവരുടെ വിവേചനബുദ്ധിയുടെ സുസ്ഥിരതയില്‍ സംശയം തോന്നിയതിലാണ് ഇത്രയും എഴുതിയത്. യാഥാസ്ഥിതിക വെെദിക ബ്രാഹ്മണ കുടുംബത്തില്‍ പൗരോഹിത്യത്തിന്റെ നടുവില്‍ ജനിച്ചുവളര്‍ന്നിട്ടും നവോത്ഥാനത്തിന്റെ സഹയാത്രികനായിരുന്ന വ്യക്തിയായിരുന്നു അക്കിത്തം. മനുഷ്യത്വത്തിനെതിരായ എല്ലാ ശക്തികളെയും തട്ടിത്തെറിപ്പിക്കാന്‍ വെമ്പല്‍കൊണ്ട യുവാക്കളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അക്കിത്തവും സജീവമായിരുന്നു. വി ടി ഭട്ടതിരിപ്പാട്, ഇഎംഎസ്, ഇടശേരി എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെയും സഹവാസം. കമ്മ്യുണിസത്തിന്റെ മാനവസമത്വദര്‍ശനങ്ങളെ അക്കിത്തവും സ്വാംശീകരിച്ചിരുന്നുവെന്നത് രചനകളില്‍ സ്പഷ്ടമാണ്.

1950കള്‍ ലോകം മനുഷ്യ പുരോഗതിയുടെയും പ്രത്യാശയുടെയും വിഹായസിലേക്കുയര്‍ന്ന കാലഘട്ടത്തില്‍ തന്നെ അതിന് പ്രചോദനമായി ഭവിച്ച ആശയങ്ങളുടെ നേതൃനിരയില്‍ നിന്നവരുടെ ഫാസിസ്റ്റ് മുഖങ്ങളും വെളിപ്പെടാന്‍ തുടങ്ങി. സിദ്ധാന്തങ്ങളുടെ പ്രയോഗങ്ങളില്‍ വന്നുപോയ ഹിംസാത്മകതയെ അനുകൂലിക്കാന്‍ അക്കിത്തത്തിന്റെ കവിമനസിന് കഴിഞ്ഞില്ലെന്നുള്ളതിന്റെ പ്രത്യക്ഷമാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതി. പ്രത്യയശാസ്ത്രങ്ങളുടെ ചലനമറ്റ സാമ്യവാദത്തില്‍ നിന്ന് സ്നേഹത്തിന്റെയും മാനവികതയുടെയും സര്‍വഭൂതഹൃദയത്തിലേക്ക് കവി പിന്നെ ഉയര്‍ന്നുപറക്കുകയാണ്. “ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി” പാശ്ചാത്യ ചിന്തകര്‍ ‘ഡി കണ്‍സ്ട്രക്ഷന്‍’ സിദ്ധാന്തമൊക്കെ അവതരിപ്പിക്കും മുമ്പാണ് പാലക്കാട്ടെ ഒരു ഗ്രാമമായ കുമരനല്ലൂരിലിരുന്ന് അക്കിത്തം ‘ഇടിഞ്ഞുപൊളിഞ്ഞു ലോകം’ എഴുതുന്നത്.

ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പാണ് അദ്ദേഹത്തിന്റെ ഈ ദീര്‍ഘദര്‍ശനം. അന്നേ അദ്ദേഹത്തിന് സമകാലിക സത്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ധ്യാനാത്മകവും ധ്വനിസാന്ദ്രവുമായ വാക്കുകള്‍കൊണ്ട് കാലികമായ വസ്തുതകളെ അദ്ദേഹം അക്ഷരങ്ങളിലേക്ക് ആവാഹിക്കുകയായിരുന്നു. ഈ പ്രക്രിയകളില്‍ കാല്പനികതയുടെ അംശം ചോര്‍ത്തിക്കളിഞ്ഞതിനാലാവാം അദ്ദേഹം കൊണ്ടാടപ്പെടാത്തത്. ഭാരതീയ കാവ്യദര്‍ശനപ്രകാരം കവി ഋഷിയാണ്. ഋഷിയല്ലാത്തയാള്‍ കവിയല്ല. മലയാള കവിതയില്‍ എഴുത്തച്ഛനും നാരായണഗുരുവിനും കുമാരനാശാനും ശേഷം വന്ന ഋഷിതുല്യനായ കവി അക്കിത്തമാണ് എന്നാണ് പണ്ഡിതമതം. ‘ഇരുപതാം നൂറ്റാണ്ടി‘ന്റെ ഇതിഹാസത്തിലൂടെ മലയാള കവിതയില്‍ ആധുനികതയുടെ യുഗത്തിന് ‍തുടക്കംകുറിച്ച അക്കിത്തം തന്നെയാണ് ആധുനിക മലയാള കവിതയ്ക്ക് ആധ്യാത്മിക ദര്‍ശനത്തിന്റെ ചാരുത പകര്‍ന്നതും.ഉപനിഷദ്സംസ്കാരത്തിന്റെ ചിരപുരാതനമായ ആരണ്യഭൂമിയില്‍ ചുവടുറപ്പിച്ചുനിന്ന് നിത്യസത്യങ്ങളെ ആവിഷ്ക്കരിക്കുന്ന ഒരു മഹാകവി സവര്‍ണനായി പിറന്നുപോയതിനാല്‍ സംഘി എന്ന് വിശേഷിപ്പിക്കുന്നത് ഗുരുത്വദോഷമെന്നേ പറയാനാവൂ.

ഭാരതത്തിന്റെ സനാതനദര്‍ശനങ്ങള്‍ക്കും സംഘപരിവാര്‍ ഉദ്ഘോഷിക്കുന്ന ഹിന്ദുമതവും തമ്മി­ല്‍ എന്തു ബന്ധം? ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു സംസ്കൃതിയെ ക്രിസ്ത്യന്‍ ഇസ്ലാം സെമിറ്റിക് മതങ്ങള്‍ പോലെ പരിമിതപ്പെടുത്താനാണ് അവര്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. തപസ്യ എന്നൊരു സംഘടനയില്‍ പ്രവര്‍ത്തിച്ചുപോയതിനാല്‍ അക്കിത്തത്തിന്റെ കവിത്വപരിണാമങ്ങള്‍ക്ക് ഒരു ക്ഷതവും സംഭവിച്ചുകാണുന്നില്ല. അദ്ദേഹത്തിന്റെ കവിത ചിരപുരാതന സത്യത്തിലേക്ക് ദൃഷ്ടികൾ ഊന്നുന്നതായാണ് ഗൗരവമുള്ള വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്. കവിതയെ ജീവിതമാക്കുകയും ജീവിതത്തെ കവിതയാക്കുകയും ചെയ്യുന്ന കവിയുടെ സാമൂഹിക ദര്‍ശനങ്ങളില്‍ സമ്യക്ക്ഭാവം മാത്രമേയുണ്ടാവൂ എന്നതിനാല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ കൊല മുതല്‍ സഞ്ചിയില്‍ വെടിയുണ്ടയുമിട്ട് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ വരെ ശരവ്യ വസ്തുവാകാം. അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം വെെകിയാണ് ലഭിച്ചിരിക്കുന്നത്. കിട്ടേണ്ടയാൾക്ക് വെെകി കിട്ടിയാലും സമൂഹത്തിന് അത് ആഹ്ലാദമാണ്. അതിന്റെ അനുരണനങ്ങള്‍ വായനസമൂഹത്തില്‍ ഇപ്പോള്‍ പ്രത്യക്ഷവുമാണ്. ജ്ഞാനപീഠത്തിലെ വാഗ്‌ദേവതയ്ക്ക് ചെെതന്യം ഏറിയിരിക്കുന്നു.

മാറ്റൊലി-

പോഷക സംഘടനകളിലെ ഗുണഭോക്താ ക്കള്‍ക്കായി അക്കിത്തം പണ്ടേ എഴുതിവച്ച ട്ടുണ്ട്. “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം”