Web Desk

ചണ്ഡീഗഢ്:

February 07, 2021, 9:08 pm

ഹരിയാനയിലും മഹാപഞ്ചായത്ത്

Janayugom Online

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിമത്തിനെതിരായ സമരത്തിന് പിന്തുണയുമായി ഹരിയാനയിലെ ചർക്കി ദാദ്രിയിലും മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. ഇന്ന് നടന്ന മഹാപഞ്ചായത്തിൽ കർഷക നേതാക്കളായ രാകേഷ് ടിക്കായത്ത്, ബൽബീർ സിങ് രാജേവാൽ, ദർശൻ പാൽ സിങ് തുടങ്ങിയവരുൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്തു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഹരിയാനയിൽ പ്രക്ഷോഭം ശക്തമാക്കണമെന്നും സമരത്തിന്റെ മുൻനിരയിലേക്ക് യുവജനങ്ങൾ കൂടുതലായി എത്തണമെന്നും ദർശൻ പാൽ സിങ് യോഗത്തിൽ ആഹ്വാനം ചെയ്തു. നിയമത്തെ കുറിച്ച് കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയിട്ടുള്ള ചർച്ചകളെ സംബന്ധിച്ച് നുണകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും നിയമങ്ങൾ നടപ്പാക്കുന്നതിലെ തെറ്റ് കേന്ദ്രമന്ത്രിമാർ പോലും ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യസമരം കർഷകരുടെ വിജയം ഉറപ്പാക്കുമെന്നും ദർശൻ പാൽ സിങ് ആവർത്തിച്ചു.

സമരം തകർക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായതിനെ തുടർന്ന് ഹരിയാനയിൽ നിന്നുള്ളവർ, പഞ്ചാബികൾ, സിഖ്, സിഖ് ഇതര വിഭാഗങ്ങൾ എന്നിങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടി. എന്നാൽ സമരത്തിന് ഒരു കോട്ടവും തട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക മാർച്ചിനിടെ സർക്കാർ ഏജൻസികളാണ് സമരക്കാരെ വഴിതെറ്റിച്ച് ചെങ്കോട്ടയിലേക്ക് കൊണ്ടുപോയതെന്നും ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: MAHAPANCHAYATH AT HARYANA

YOU MAY ALSO LIKE THIS VIDEO