മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി പിന്മാറി

Web Desk
Posted on November 10, 2019, 6:32 pm

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി പിന്മാറി. ബിജെപി കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ശിവസേനയുമായുള്ള ബന്ധം ബിജെപി അവസാനിപ്പിച്ചു. ശിവസേന പിന്നിൽ നിന്നു കുത്തിയെന്നും ബിജെപി വ്യക്തമാക്കി.

മഹാരാഷ്ട്ര രാജ് ഭവനിൽ എത്തിയ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും മറ്റ് ബിജെപി നേതാക്കളും ഗവർണർ ഭഗത് സിംഗ് കോഷ്യാരിയെ ഇക്കാര്യം അറിയിച്ചു. സർക്കാർ ഉണ്ടാക്കാനില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ അറിയിച്ചു. സർക്കാർ രൂപീകരണത്തിനുള്ള അംഗബലമില്ലെന്നാണ് ഗവർണറെ അറിയിച്ചത്. സഖ്യകക്ഷിയായ ശിവസേന അവസാനശ്രമത്തിലും വഴങ്ങാത്ത സാഹചര്യത്തിലാണ് ബിജെപിയുടെ തീരുമാനം.

ഞായറാഴ്ച രാത്രി എട്ടിനകം മറുപടി നൽകാനായിരുന്നു ഗവർണറുടെ നിർദേശം. തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 50–50‑ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല. ഇതിന് പിന്നാലെ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കാനാണ് ശിവസേനയുടെ നീക്കം.

അതേസമയം ശിവസേനയും ബിജെപിയും ചേർന്നു സർക്കാർ രൂപീകരിക്കാനായിരുന്നു ജനവിധി. എന്നാൽ ജനവിധി മറികടന്ന് സർക്കാർ രൂപീകരിക്കാനാണ് ശിവസേന ആഗ്രഹിക്കുന്നതെങ്കിൽ, അവർക്ക് ഞങ്ങളുടെ ആശംസകളും നേരുന്നെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.