സാമ്പത്തികമാന്ദ്യത്തില്‍ മഹാരാഷ്ട്ര: ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകും

Web Desk
Posted on October 15, 2019, 10:23 pm

മുംബൈ: സാമ്പത്തിക മാന്ദ്യം രാജ്യത്ത് പിടിമുറുക്കുന്നത് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുന്നു. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ലോങ് മാര്‍ച്ചുമായി തെരുവിലിറങ്ങിയ കര്‍ഷകരോഷത്തിന് മുന്നില്‍ വിജയം നേടുക ബിജെപിക്ക് ഇത്തവണ ഏറെ എളുപ്പമാകില്ല.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാന സമ്പദ്‌വ്യവസ്ഥയാണ് മഹാരാഷ്ട്ര. സാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിക്കുന്നതും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയെയാണ്. കേന്ദ്ര, സംസ്ഥാന ബിജെപി സര്‍ക്കാരുകളുടെ വികല നയങ്ങളുടെ ഫലമായി സംസ്ഥാനത്ത് നിലവില്‍ സാധാരണക്കാരുടെ ജീവിതം ഏറെ ദുഷ്‌കരമായിരിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത് വിദര്ഭ മേഖലയിലാണ്. 1995 ന് ശേഷം 60,000 ത്തിലേറെ കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കിയെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. പലരും കടംവീട്ടുന്നതിനായി തങ്ങളുടെ ഭൂമി വിറ്റതോടെ ഭൂരഹിത കര്‍ഷകത്തൊഴിലാളികളായി മാറിയിരിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി പേരിന് നടപ്പാക്കിയെങ്കിലും ലക്ഷക്കണക്കിന് യഥാര്‍ഥ കര്‍ഷകര്‍ ആനുകൂല്യത്തിന് പുറത്തായി. കരിമ്പ്, പരുത്തി കര്‍ഷക മേഖലകള്‍ ദുരിതം നേരിടുകയാണ്. വിളകളുടെ താങ്ങുവിലയിലെ ഈ വര്‍ഷത്തെ വര്‍ധന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നു. 2016 ല്‍ 4.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ 5.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ വെറും പത്തായി വെട്ടിക്കുറച്ചിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നു. വാഹന നിര്‍മ്മാണ മേഖലകളിലേക്ക് സാമ്പത്തികമാന്ദ്യം പടര്‍ന്നുകയറിയപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ അനുഭവിക്കുന്നതും മഹാരാഷ്ട്രയാണ്. വാഹനമേഖലയുടെ പ്രധാനകേന്ദ്ര മായ പൂനെയിലെ ചകാന്‍ മേഖലയിലെ 12,000 ത്തോളം യൂണിറ്റുകള്‍ അടച്ചുപൂട്ടിയതായും ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരായതായും യൂണിയന്‍ നേതാവായ ദത്ത യലവാന്തേ പറയുന്നു.

കുട്ടികളുടെ ആരോഗ്യ സംരക്ഷണം, പോഷകാഹാരം എന്നിവയുടെ കാര്യത്തില്‍ മഹാരാഷ്ട്ര ഏറെ പിന്നിലാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു, രണ്ട് വയസിന് താഴെയുള്ള 2.2 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് സന്തുലിത വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പോഷകാഹാര സര്‍വേ (നാഷണല്‍ നുട്രീഷന്‍ സര്‍വേ). രാജ്യത്തെ രണ്ട് വയസിന് താഴെയുള്ള 41.9 ശതമാനം കുട്ടികള്‍ക്ക് കുറഞ്ഞ അളവില്‍ മാത്രമാണ് ഭക്ഷണം ലഭിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ മാഹാരാഷ്ട്രയാണ് ഏറ്റവും പിന്നിലുള്ളത്. അനീമിയ ബാധിച്ച കുട്ടികളുടെ എണ്ണത്തിലും മുന്നില്‍ മഹാരാഷ്ട്രയാണ്. ഒന്നു മുതല്‍ നാല് വയസുവരെയുള്ള കുട്ടികളില്‍ 41.6 ശതമാനം കുട്ടികളും അനീമിയ ബാധിച്ചവരാണ്. 49 ശതമാനം കുട്ടികള്‍ക്കും ഇരുമ്പിന്റെ അംശത്തിന്റെ കുറവുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം നിലവിലെ ജീവിതസാഹചര്യങ്ങളും സര്‍ക്കാരിന്റെ പ്രകടനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയുടെ പേരില്‍ വോട്ടുതേടാനാണ് ബിജെപിയുടെ ശ്രമം.