മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: കല്യാണ്‍ സീറ്റിലെ ബിജെപി കരാറില്‍ ശിവസേനയില്‍ കലാപം

Web Desk
Posted on October 10, 2019, 12:19 pm

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയ മഹാരാഷ്ട്രയില്‍ കല്യാണ്‍ സീറ്റിനെ ചൊല്ലി ശിവസേനയില്‍ കലാപം. 200 പാര്‍ട്ടി അംഗങ്ങളും 28 കോര്‍പ്പറേറ്റുകളും രാജി വച്ചു. സീറ്റ് പങ്കുവയ്ക്കലില്‍ കല്യാണ്‍ ഈസ്റ്റില്‍ പാര്‍ട്ടി ബിജെപിയുമായി ഉണ്ടാക്കിയ കരാറിലാണ് കലാപം ഉടലെടുത്തിരിക്കുന്നത്.

രണ്ട് തവണ എംഎല്‍എയായ ബിജെപിയുടെ ഗണപത് ഗെയ്ക്കവാജ് ആണ് ഇവിടെ നിന്ന് എന്‍ഡിഎയുടെ ബാനറില്‍ ജനവിധി തേടുന്നത്. ഇതില്‍ ശിവസേനയിലെ ഒരു വിഭാഗം അതൃപ്തിയിലാണ്. മണ്ഡലത്തിന് വേണ്ടി ഇയാള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇവരുടെ ആരോപണം. സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാജിവച്ച് കൊണ്ടുള്ള കത്ത് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് അയച്ച് കൊടുത്തു.

ശിവസേനയുടെ ധനജ്ഞയ് ബോദെറിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ഇദ്ദേഹം 28 വര്‍ഷമായി സേനയില്‍ പ്രവര്‍ത്തിക്കുന്നു. ഗെയ്ക്കവാദിനെ സ്ഥാനാര്‍ഥിയാക്കിയതോടെ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു.

കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ ഗെയ്ക്കവാദിന് സീറ്റ് നല്‍കുന്നതിന് പകരം മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ടാണ് തങ്ങള്‍ രാജി വച്ചതെന്നും ബോദെറിന് പിന്തുണ നല്‍കുമെന്നും കല്യാണില്‍ നിന്നുള്ള സേനാനേതാവ് ശാരദാപാട്ടീല്‍ പറഞ്ഞു. ബിജെപിക്ക് നല്‍കുന്നത്രയും സീറ്റുകള്‍ തങ്ങള്‍ക്കും വേണമെന്ന് ശിവസേന ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 124 സീറ്റുകള്‍ എന്ന ധാരണയ്ക്ക് വഴങ്ങുകയായിരുന്നു. 288 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ചെറു സഖ്യകക്ഷികള്‍ക്കൊപ്പം 164 സീറ്റുകളില്‍ ബിജെപി ജനവിധി തേടുന്നുണ്ട്. അധികാരത്തില്‍ എത്തുന്നതിന് വേണ്ടിയാണ് ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതെന്ന് പിന്നീട് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പുതിയ കരാറുകള്‍ മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പ്രത്യേകം പ്രത്യേകമാണ് മത്സരിച്ചത്. ബിജെപി 122 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സേന 63 സീറ്റുകള്‍ നേടി. തെരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ മാസം 21നാണ് തെരഞ്ഞെടുപ്പ്. 24ന് ഫലമറിയാം.