അത്യന്തം നാടകീയ നീക്കം, മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യം അധികാരത്തിൽ; ശിവസേനയുടെ നീക്കങ്ങൾ പാളി

Web Desk
Posted on November 23, 2019, 8:57 am

മുബൈ: മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന‑എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞും മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു.

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് മൂന്നു കക്ഷികളും സംയുക്തമായി പ്രഖ്യാപനം നടത്താനിരിക്കുകയായിരുന്നു. രാവിലെ എന്‍സിപി നേതാവ് ശരദ് പവാര്‍ പത്രസമ്മേളനം നടത്താനിരിക്കെയാണ് സ്ഥിതിഗതികള്‍ തകിടം മറിഞ്ഞത്. എന്‍സിപി നേതാവും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി നടത്തിയ അപ്രതീക്ഷിതനീക്കമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയിലെത്തിയത്.

മഹാരാഷ്​ട്രയിലെ ജനങ്ങളുടെ വിധി ബിജെപിക്ക്​ അനുകൂലമായിരുന്നുവെന്ന്​ ദേവേന്ദ്ര ഫട്​നാവിസ്​ പറഞ്ഞു. സ്ഥിരതയുള്ള സര്‍ക്കാറാണ്​ മഹാരാഷ്​ട്രയില്‍ വേണ്ടതെന്നും അദ്ദേഹം വ്യക്​തമാക്കി. മഹാരാഷ്​ട്രയിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ പ്രശ്​നങ്ങള്‍ നേരിടുന്നുണ്ടെന്നും അതാണ്​ സര്‍ക്കാറുണ്ടാക്കാന്‍ കാരണമെന്ന്​ അജിത്​ പവാറും പ്രതികരിച്ചു.

ശിവേസന-എന്‍സിപി-കോണ്‍ഗ്രസ്​ സഖ്യം സര്‍ക്കാറുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ്​ അതിനാടകീയ നീക്കങ്ങൾ​. അഴിമതി കേസുകളില്‍ അജിത്​ പവാറിനെതിരെ കേന്ദ്ര ഏജന്‍സികള്‍അന്വേഷണം ശക്​തമാക്കിയതിന്​ പിന്നാലെയാണ്​ മഹാരാഷ്​ട്രയിലെ നാടകീയ നീക്കം.

സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.