മഹാരാഷ്ട്രയിൽ അനിശ്ചിതത്വം തുടരുന്നു: സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിക്ക് ക്ഷണം

Web Desk
Posted on November 11, 2019, 9:28 pm

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാൻ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനു ഗവർണർ ഭഗത് സിങ് കോഷിയാരി എൻസിപിയെ ക്ഷണിച്ചു. മൂന്നാമത്തെ വലിയ കക്ഷിയെന്ന നിലയിലാണ് ക്ഷണം.

24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് എന്‍സിപിയോട് ഗവര്‍ണര്‍ അറിയിച്ചത്. നിലവില്‍ 54 എം.എല്‍.എമാരാണ് എന്‍സിപിക്കുള്ളത്. ഇതേതുടര്‍ന്ന് എന്‍സിപി നേതാക്കള്‍ ഗവര്‍ണറെ കാണാനായി പുറപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നാളെ തീരുമാനം ഉണ്ടാകും. എന്‍സിപി നേതാവ് ശരദ് പവാർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും.

തിങ്കളാഴ്ച രാത്രി ഏഴരയ്ക്കുള്ളിൽ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാൻ ഗവർണർ നിർദേശിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് സർക്കാർ രൂപീകരണത്തിനു രണ്ടു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് ശിവസേന അഭ്യർഥിച്ചിരുന്നു. എന്നാൽ കൂടുതൽ സമയം നൽകാനാകില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഇതിനെ തുടർന്നായിരുന്നു ഗവർണറുടെ നടപടി.

അതേസമയം ശിവസേനയെ പിന്തുണക്കുന്നതിനെ സംബന്ധിച്ച് എൻസിപിയുമായി ചർച്ച തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ അറിയിച്ചു.