Web Desk

June 11, 2020, 12:35 pm

നിറംമാറി ലൊണാര്‍ തടാകം

Janayugom Online

മുംബൈ: മഹാരാഷ്ട്രയിലെ ലോണാര്‍ തടാകത്തിന്റെ നിറം മാറിയതായി റിപ്പോര്‍ട്ട്. ഒറ്റ രാത്രി കൊണ്ട് തടാകത്തിലെ വെള്ളത്തിന്റെ നിറം പിങ്കായി. ജലത്തിന്റെ ലവണത്വവും ആല്‍ഗെകളുടെ സാന്നിധ്യമാകാം ഇതിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

അന്‍പതിനായിരം വര്‍ഷം മുമ്പ് ഉല്‍ക്ക പതിച്ചാണ് ഈ തടാകം രൂപപ്പെട്ടത്. മുംബൈയില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ബുല്‍ധാന ജില്ലയിലെ ഈ തടാകം പ്രമുഖ സഞ്ചാര കേന്ദ്രം കൂടിയാണ്. നിരവധി ശാസ്ത്രജ്ഞരും വിവിധ പഠനങ്ങള്‍ക്കായി ഇങ്ങോട്ടേക്ക് എത്താറുണ്ട്. 1.2 കിലോമീറ്റര്‍മാത്രം വ്യാസമുള്ള തടാകത്തിലെ വെള്ളത്തിന്റെ നിറം മാറ്റം നാട്ടുകാരെ മാത്രമല്ല ശാസ്ത്രലോകത്തെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഇതാദ്യമായല്ല തടാകത്തിന്റെ നിറം മാറുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇത്തവണ വളരെ തിളക്കവും ഇതോടൊപ്പം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ദേശീയ ഭൗമ പൈതൃക പട്ടികയില്‍ പെടുത്തിയിട്ടുള്ള തടാകമാണിത്. 10.5 ആണ് ഇവിടുത്തെ വെള്ളത്തിന്റെ പിഎച്ച് മൂല്യം. ഉപരിതലത്തിന് ഒരു മീറ്റര്‍ താഴെ ഓക്സിജന്‍ ലഭ്യമല്ല.

ലോക്ഡൗണ്‍ കാലത്ത് യാതൊരു ബാഹ്യ ശല്യങ്ങളുമില്ലാത്തതാകാം ഇത്തരം നിറംമാറ്റത്തിന് കാരണമെന്ന് ഔറംഗാബാദിലെ ഡോ.ബാബസാഹിബ് അംബേദ്ക്കര്‍ മറാത്ത് വാഡ സര്‍വകലാശാലയിലെ ഭൗമശാസ്ത്ര വിഭാഗം തലവന്‍ ഡോ.മദന്‍ സൂര്യവംശി പറഞ്ഞു. ലൊണാര്‍ ക്രേറ്ററില്‍ ജൈവശാസ്ത്ര പരമായ മാറ്റങ്ങളും ഉണ്ടായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry: Maha­rash­tra Lonar Lake Turns Pink, Locals Sur­prised At Overnight Change

you may also like this video: