ഓൺലൈൻ തട്ടിപ്പ്  മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

Web Desk
Posted on October 28, 2019, 10:27 pm

ഫറോക്ക്: ഫറോക്കിലെ  റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്ന്  ഓൺ ലൈനിൽ 28 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ ഫറോക്ക് പൊലീസ് അതിസാഹസികമായി പിടികൂടി. നാഗ്പൂർ ബന്ദാര റോഡിൽ മാത മന്ദിറിൽ അമോൽ മറോട്ടി കോങ്ങേ(36) ആണ് പിടിയിലായത്. പ്രൊഫസർക്ക് ഇൻകം ടാക്സ് റിട്ടേൺ അഞ്ചു ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നും അത് ലഭിക്കുവാൻ വേണ്ടി ബാങ്ക് അകൗണ്ട് നമ്പർ ആവശ്യമുണ്ടെന്നും പറഞ്ഞു  ഫോൺ ചെയ്തായിരുന്നു  തട്ടിപ്പിന്റെ തുടക്കം.അക്കൗണ്ട് നമ്പർ കൈവശപ്പെടുത്തി ഇയാൾ അക്കൗണ്ടിൽ നിന്നും  28 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു വെന്ന്  പൊലീസ് പറഞ്ഞു.

പഞ്ചാബ്, ഡൽഹി,നാഗ്പൂർ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയ ഫറോക്ക് പൊലീസ്  നാഗ്പൂർ പരഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോഴിക്കോട് നോർത്ത് എ.സി.എ.ജെ.ബാബുവിന്റെയും,ഫറോക്ക് പൊലീസ് ഇൻസ്പക്ടർ കെ.കൃഷ്ണന്റെയും നിർദ്ദേശപ്രകാരം എസ്.ഐ എൻ.സുബൈർ,സി.പി.ഒ.മധുസൂദനൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ  ഇന്നലെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.  ഇതിനുസമാനമായി പലരേയും ഇയാൾ കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്നു പരാതി  പറയാതിരിക്കുകയാണ്.പ്രതിയുടെ  കൂട്ടാളികളേയും  പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലീസ് .