Site iconSite icon Janayugom Online

മഹാരാഷ്ട്ര ; നിയമസഭാ പിരിച്ചുവിടാന്‍ ശുപാര്‍ശയുമായി ശിവസേന

Sanjay RawatSanjay Rawat

മഹാരാഷ്ട്രയിലെ മഹാവികാസ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിട്ടേക്കും. ഇതുസംബന്ധിച്ച് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് സൂചന നല്‍കി. 40 എംഎല്‍എമാര്‍ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പം നിന്നതോടെയാണ് ശിവസേന കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ പിരിച്ചുവിട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഒരുപക്ഷേ, ഗവര്‍ണര്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം നല്‍കാനും സാധ്യതയുണ്ട്. 40 ശിവസേന എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് ഏകനാഥ് ഷിന്‍ഡെ ഇന്ന് രാവിലെ പറഞ്ഞിരുന്നു.

നേരത്തെ ഗുജറാത്തിലെ സൂറത്തിലായിരുന്ന അദ്ദേഹവും കൂട്ടരും ഇന്ന് പുലര്‍ച്ചെ അസമിലെ ഗുവാഹത്തിയിലേക്ക് എത്തിയിട്ടുണ്ട്. ഇത്രയും എംഎല്‍എമാര്‍ വിമത പക്ഷം ചേര്‍ന്നതോടെ ശിവസേന ദുര്‍ബലമായി. സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. സമവായ നീക്കങ്ങളും വിജയിച്ചില്ല. തുടര്‍ന്നാണ് നിയമസഭ പിരിച്ചുവിടുന്നത് സംബന്ധിച്ച് ശിവസേന ആലോചിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് നീങ്ങുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. 55 എംഎല്‍എമാരാണ് ശിവസേനക്കുള്ളത്. മൂന്നില്‍ രണ്ടു പേര്‍ ഏകനാഥ് ഷിന്‍ഡെക്കൊപ്പം നിലയുറപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, കൂറുമാറ്റ നിരോധന നിയമം നടപ്പാക്കാനും സാധ്യമല്ല.

ഇതോടെ ശിവസേന പിളരുമെന്ന് ഉറപ്പായി. ഹിന്ദുത്വത്തില്‍ ഉറച്ച് നില്‍ക്കുമെന്നാണ് ഷിന്‍ഡെ പറയുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഹിന്ദുത്വത്തിന് പുറത്ത് നില്‍ക്കുന്ന എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികളുമായുള്ള സഖ്യം ഒരിക്കലും മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നാണ് ഷിന്‍ഡെയുടെ നിലപാട്.ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഗുജറാത്തിലായിരുന്ന ഷിന്‍ഡെയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിമതര്‍ എല്ലാവരും അസമിലേക്ക് പുറപ്പെട്ടത്. മുംബൈയിലേക്ക് വിമതര്‍ തിരിച്ചുവരില്ലെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ ഇനി മുന്നോട്ട് പോകില്ലെന്ന് ബോധ്യമായി. കോണ്‍ഗ്രസിനും എന്‍സിപിക്കും പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നമല്ല ഇപ്പോഴുള്ളതെന്നാണ് ഈ പാര്‍ട്ടികളുടെ നിലപാട്.

അസമിലെത്തിയ ഷിന്‍ഡെയെ സ്വീകരിച്ചത് ബിജെപി നേതാക്കളാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തെ എത്തിയിരുന്നു. 50 മുറികളാണ് ഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നത്. ഇന്ന് കൂടുതല്‍ ശിവസേന എംഎല്‍എമാര്‍ അസമിലെത്തുമെന്ന് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നു. തിരിച്ചുവരണമെന്നും സര്‍ക്കാരില്‍ ഭാഗമാകണമെന്നും താക്കറെ വിമതരോട് ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപിയുമായുള്ള സഖ്യം മാത്രമേ അംഗീകരിക്കൂ എന്നാണ് ഷിന്‍ഡെയുടെ നിലപാട്.

Eng­lish Sum­ma­ry: Maha­rash­tra; Shiv Sena rec­om­mends dis­so­lu­tion of Assembly

You may also like this video:

Exit mobile version