മഹാരാഷ്ട്ര: ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന

Web Desk
Posted on November 07, 2019, 1:03 pm

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം നീളുന്ന സാഹചര്യത്തിൽ ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ, ധനമന്ത്രി സുധീർ മുങ്കന്തിവാർ എന്നിവർ ഇന്ന് ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കാണും. സഖ്യകക്ഷിയായ ശിവസേനയുമായി തർക്കം തുടരുന്നിടെയാണ് ബിജെപി എംഎൽഎമാർ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ ഇപ്പോഴും വെല്ലുവിളിക്കുകയാണ് ശിവസേന.

ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആർഎസ്എസ് നിർദ്ദേശം. നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോൾ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. നാളെ തന്നെ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടിലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. കാവൽ സർക്കാരിന്റെ കാലാവധി നാളെ അവസാനിക്കുന്നതിനാൽ ഇന്ന് തന്നെ സേനയുമായി ധാരണയിൽ എത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതാക്കൾ. ആ ആത്മവിശ്വാസത്തിലാണ് പട്ടീലിന്റെ നേതൃത്വത്തിൽ ഗവർണറെ കാണുന്നത്. എന്നാൽ സമവായ ചർച്ചകൾ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ചയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന.

അതേസമയം, പാർട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിൽ സേന മേധാവി ഉദ്ദവ് താക്കറെ സംസാരിക്കും. എംഎൽഎമാരെ പാർട്ടി റിസോർട്ടിലേക്ക് മാറ്റുകയാണെന്ന റിപ്പോർട്ടുകൾ എംപി സഞ്ജയ് റൗത്ത് തള്ളി. “ഞങ്ങൾക്ക് ഇത് ചെയ്യേണ്ട ആവശ്യമില്ല, ഞങ്ങളുടെ എംഎൽഎമാർ അവരുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും പാർട്ടിയോട് പ്രതിബദ്ധത കാണിക്കുകയും ചെയ്യുന്നുവെന്നും” അദ്ദേഹം പറഞ്ഞു.