മഹാരാഷ്ട്ര: സർക്കാർ രൂപീകരണ നീക്കം അന്തിമഘട്ടത്തിൽ

Web Desk
Posted on November 17, 2019, 10:40 pm

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേനാ- എൻസിപി- കോൺഗ്രസ് സർക്കാർ രൂപീകരണ ശ്രമം അന്തിമഘട്ടത്തിലേക്ക്.
സഖ്യരൂപീകരണത്തിന്റെ ഭാഗമായി നാളെ എൻസിപി നേതാവ് ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കും.
സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള പൊതിമിനിമം പരിപാടി അംഗീകരിച്ചെങ്കിലും തന്ത്രപ്രധാനമായ വിഷയങ്ങൾ ഇപ്പോഴും സമവായത്തിൽ എത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം സഖ്യകക്ഷി നേതാക്കൾ ഗവർണറെ സന്ദർശിക്കുമെന്ന് പറഞ്ഞെങ്കിലും മാറ്റിവച്ചു. ഇന്നലെ വൈകിട്ടോടെ എൻസിപി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും മാറ്റിയ്ക്കുകയായിരുന്നു.

അതിനിടെ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബിജെപി മഹാരാഷ്ട്ര അധ്യക്ഷനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശുഭാപ്തി വിശ്വാസം പുലർത്താനാണ് ബിജെപി അധ്യക്ഷൻ പറഞ്ഞതെന്ന് കേന്ദ്ര മന്ത്രി അത്വാലയുടെ വാക്കുകളും സഖ്യകക്ഷികൾക്കിടയിൽ ഏറെ അങ്കലാപ്പാണ് സൃഷ്ടിക്കുന്നത്. ഇന്നലെ ബാൽതാക്കറെ ചരമദിനത്തിൽ മുൻ മുഖ്യമന്ത്രി ശിവാജി പാർക്കിലെത്തി പുഷ്പചക്രം അർപ്പിച്ചിരുന്നു. ഫഡ്നാവിസ് ശിവാജി പാർക്കിൽ എത്തിയപ്പോൾ ഉദ്ധവ് താക്കറെയുടെ പിഎ അല്ലാതെ മാറ്റൊരു നേതാക്കളും ഉണ്ടായിരുന്നില്ല. പുഷ്പചക്രം അർപ്പിച്ച് പുറത്തിറങ്ങിയ ഫഡ്നാവിസിനുനേരെ ശിവസേനാ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. എന്നാൽ പ്രതിഷേധവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ഫഡ്നാവിസ് പ്രതികരിച്ചില്ല.

സംഘപരിവാർ നേതാവായ വി ഡി സവർക്കറോടുള്ള ശിവസേനയുടെ അനുകൂല നിലപാട് എൻസിപി കോൺഗ്രസ് നേതൃത്വത്തിന് താൽപ്പര്യമില്ല. സവർക്കർക്ക് ഭാരത്രത്ന നൽകണമെന്ന നിലപാടിലാണ് ഇപ്പോഴും ശിവസേന. വിവിധ വിഷയങ്ങളിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്ന കോൺഗ്രസ്- എൻസിപി ആവശ്യത്തോടും അനുകൂലമായല്ല ശിവസേന പ്രതികരിച്ചത്. തീവ്ര ഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്തുന്നത് തങ്ങളുടെ അസ്തിത്വത്തെ ബാധിക്കുമെന്ന ബോധ്യമാണ് ശിവസേനയുടെ ഈ നിലപാടിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ശിവസേനയുടെ മുസ്ലിം വിരുദ്ധ നിലപാട് അംഗീകരിക്കാൻ കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികൾ തയ്യാറല്ല. സഖ്യത്തിന് അൽപ്പായുസ് മാത്രമേയുള്ളുവെന്നാണ് വിദർഭയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇന്നലെ പ്രതികരിച്ചത്. അതിനിടെ ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ സംസ്ഥാന നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായും സൂചനകളുണ്ട്.