24 April 2024, Wednesday

Related news

January 30, 2024
September 4, 2023
May 2, 2023
February 26, 2023
January 30, 2023
January 30, 2023
January 30, 2023
January 30, 2023
January 28, 2023
November 30, 2022

ഗാന്ധിഘാതകർ ദേശദ്രോഹികൾ

ടി ടി ജിസ് മോന്‍, എഐവെെഎഫ് സംസ്ഥാന സെക്രട്ടറി 
January 30, 2023 8:00 am

പ്രാർത്ഥനാമണ്ഡപത്തിലേക്കുള്ള പടികളിൽ നാലെണ്ണം കയറിയപ്പോഴേക്കും ഏകദേശം 35 വയസുള്ള ഒരു യുവാവ് ഗാന്ധിജിയുടെ മുമ്പിൽ വന്നു. ഗാന്ധിജിയിൽനിന്ന് ഏകദേശം രണ്ടുവര മാത്രം അകലെനിന്ന് വണങ്ങി. ഗാന്ധിജി പ്രതിവന്ദനം ചെയ്തു. ‘ഇന്ന് പ്രാർത്ഥനയ്ക്കെത്താൻ കുറേ വൈകിയല്ലോ.’ ആ യുവാവ് പറഞ്ഞു. ‘ഉവ്വ്, ഞാൻ വൈകി.’ ഗാന്ധിജി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു. അപ്പോഴേക്കും യുവാവ് തന്റെ റിവോൾവർ വലിച്ചെടുത്തു. ഗാന്ധിജിയുടെ ബലഹീനമായ ദേഹത്തിനുനേരെ തുടരെത്തുടരെ മൂന്ന് ഉണ്ടകൾ ഒഴിച്ചുകഴിഞ്ഞിരുന്നു. ആദ്യത്തെ വെടി വയറിൽ കൊണ്ടു. ‘ഹേ രാം… ഹേ രാം’ എന്ന് ഗാന്ധിജി മന്ത്രിച്ചുതുടങ്ങി. രണ്ടാമത്തെ വെടി അടിവയറ്റിൽ കൊണ്ടു. മൂന്നാമത്തെ വെടി നെഞ്ചത്തും. ഗാന്ധിജി മലർന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. മുറിവുകളിൽനിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. നാലോ അഞ്ചോ ആളുകൾ അദ്ദേഹത്തെ ഉടനെ ബിർലാ മന്ദിരത്തിലേക്കെടുത്തു. ഗാന്ധിജിയെ കിടത്തിയിരുന്ന മുറി ഉടനെ അടച്ചു. ഗാന്ധിജിയുടെ സംഘത്തിലെ ദുഃഖവിവശനായ ഒരംഗം ഗാന്ധിജിയുടെ മുറിയിൽനിന്ന് പുറത്തേക്ക് വന്നു. ‘ബാപ്പു അന്തരിച്ചു.’ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിരാശാജനകവും വേദനാജനകവും ആയ ഒന്നായിരുന്നു ഗാന്ധിവധം. ഒരു രാഷ്ട്രം സ്വാതന്ത്ര്യം നേടുകയും അതേസമയം ആ സ്വാതന്ത്ര്യസമരത്തിന്റെ ഐക്കൺ ആയിരുന്ന വ്യക്തിയെ പരസ്യമായി സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദ പൂത്തിരികളുടെ വെള്ളിവെളിച്ചത്തിന് കീഴിൽ വധിക്കുക എന്നതും ലോകത്തിൽ അത്യപൂർവമായി പോലും സംഭവിച്ചിട്ടില്ല.

സംഘി രാഷ്ട്രീയം എത്രമേൽ രണോത്സുകവും മാനവ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തതുമാണ് എന്ന് ചരിത്രം നമ്മോടു പറയുന്നു. സംഘത്തിന്റെ ഉറച്ച പ്രവർത്തകനായ ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സെ ആർഎസ്എസ് വർഗീയതയ്ക്ക് ശക്തി പോര എന്നുപറഞ്ഞ് സംഘടനയിൽ നിന്നും രാജിവച്ച് പുറത്തുപോയിരുന്നു എന്നാണ് സംഘഭാഷ്യം. എന്നാൽ തികഞ്ഞ സംഘ അനുയായിയായ ഗോഡ്സെ; തന്റെ ചെയ്തികളുടെ കാരണം ആർഎസ്എസ് നിയമപരമായ കുരുക്കിൽ വീഴരുത് എന്നതിനാണ് രാജിവച്ച് പാർട്ടിയെ സേഫ് സോണിൽ എത്തിച്ചത്, എല്ലാ ഫാസിസ്റ്റ് കൊലയാളികളും മാതൃസംഘടനയ്ക്കുവേണ്ടി ചെയ്യുന്ന പ്രാഥമിക ത്യാഗങ്ങളിൽ ഒന്നായിരുന്നു ഇതും. ഗാന്ധിവധത്തിൽ തങ്ങൾക്ക് പങ്കില്ലായെന്നാണ് ആർഎസ്എസ് എന്നും പറഞ്ഞിട്ടുള്ളത്. എന്നാൽ കൊലയാളിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും തങ്ങൾ അകന്നു നിൽക്കുന്നുവോ എന്ന കാര്യം സംശയലേശമന്യെ പ്രകടിപ്പിക്കുവാനും അവർ തയ്യാറായിട്ടില്ല. വിചാരണയ്ക്കിടെ എഴുതി നൽകിയ പ്രസ്താവനയിൽ താൻ എന്തിന് ഗാന്ധിയെ കൊന്നു എന്ന് കൃത്യമായി ഗോഡ്സെ പറഞ്ഞിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: മല്ലികാ സാരാഭായിയെ ഭയക്കുന്നവര്‍


“അയാളുടെ (ഗാന്ധിയുടെ) രാഷ്ട്രവിരുദ്ധതയ്ക്കും രാജ്യത്തെ മതമൗലികവാദികൾ ആയ ഒരു വിഭാഗത്തോടുള്ള അപകടകരമായ പക്ഷപാതിത്വത്തിനുമുള്ള ശിക്ഷ അയാൾക്ക് കിട്ടിയെന്ന് ലോകമറിയണമെങ്കിൽ ആ മനുഷ്യന് സ്വാഭാവികമായ ഒരു മരണം ലഭിക്കാൻ അനുവദിക്കരുത് എന്ന ഉൾപ്രേരണ എന്റെ മനസിൽ അത്രയും ശക്തമായിരുന്നു” എന്നാണ് ഗോഡ്സെ പറഞ്ഞത്. ഗാന്ധി വധത്തിൽ ആർഎസ്എസിന് കൃത്യമായ പങ്കുണ്ട്. 1948 ജനുവരി 30നാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. അന്ന് പൂനെ, ജയ്‌പുർ എന്നിവിടങ്ങളിൽ ആർഎസ്എസ് മധുരപലഹാര വിതരണം ചെയ്ത് ആഘോഷം നടത്തിയതായി പത്രങ്ങളിൽ വാർത്ത വന്നതാണ്. അക്കാലത്തൊന്നും ആർഎസ്എസിന് കൃത്യമായി മെമ്പർഷിപ്പ് വിതരണം ചെയ്യുന്ന രീതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകത്തിൽ പങ്കെടുത്തവർ സാങ്കേതികമായി ആർഎസ്എസുകാരല്ലെന്ന് പറയാം. എന്നാൽ അവരെല്ലാവരും ആർഎസ്എസ് മുന്നോട്ടുവച്ച ആശയത്തിന്റെ വക്താക്കളായിരുന്നുവെന്നത് ചരിത്രസത്യമാണ്. ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസ് നിരോധിക്കപ്പെടുകയാണ്. നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോൾവാള്‍ക്കർ അന്നത്തെ അഭ്യന്തരമന്ത്രി പട്ടേലിന് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയായി പട്ടേലയച്ച കത്തിൽ ഗാന്ധി വധത്തിൽ ആർ
എസ്എസിനുള്ള പങ്ക് വ്യക്തമായിപ്പറയുന്നുണ്ട്.

ഹിന്ദു മുസ്ലിം ഐക്യത്തിലൂടെ മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കൂവെന്ന് പറയുന്നവർ രാജ്യദ്രോഹികളാണെന്ന് ആർഎസ്എസിന്റെ വേദഗ്രന്ഥമായ വിചാരധാരയിൽ പറയുന്നുണ്ട്. ഗാന്ധിജിയെ ഉന്നംവച്ചാണ് വിചാരധാന ഇക്കാര്യം പറഞ്ഞത്. താനും സഹോദരനും ആർഎസ്എസ് പ്രവർത്തകരാണെന്നതിൽ അഭിമാനിക്കുന്നുവെന്നും എന്നാൽ ജനസംഘം ഇപ്പോൾ ഞങ്ങളെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ഗാന്ധി വധക്കേസിൽ തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ വ്യക്തമാക്കിയിരുന്നു. ഗാന്ധിഘാതകൻ ഗോഡ്സെയെ ആരാധിക്കുകയും ഗാന്ധി പ്രതീകങ്ങളെ കല്ലെറിയുകയും പ്രതീകാത്മകമായി ഗാന്ധി ചിത്രങ്ങൾക്കുനേരെ വെടിവയ്ക്കുകയും ചെയ്യുന്ന കടുത്ത ഗാന്ധി നിന്ദയിലേക്ക് ഒരു വിഭാഗം നടന്നു നീങ്ങുമ്പോൾ നമ്മൾ പാലിക്കുന്ന ഈ മൗനം രാഷ്ട്രപിതാവിനോടുള്ള അനാദരവ് മാത്രമല്ല, രാജ്യദ്രോഹവുമാണ്. രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന സ്വരങ്ങളെ രാഷ്ട്രനിന്ദയായി ഉൾക്കൊള്ളാനും അത്തരം ക്രിമിനലുകളെ മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടത്തിനാവണം. രാജ്യത്ത് ഗാന്ധിവധവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കുകയും ഘാതകനു ‘ക്ഷേത്രം’ നിർമ്മിക്കുകയും ചെയ്യുമ്പോൾ ആഗോള ജനാധിപത്യ കോവിലിലൊന്നായ ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ ഗാന്ധി പ്രതിമയുയർത്തി ലോകം ഗാന്ധിജിയെ ആദരിക്കുന്നത് പൂജാ ശകുൻപാണ്ഡെയെയും പ്രജ്ഞ താക്കൂറിനെയും പോലുള്ള തീവ്രഹിന്ദുത്വ വാദികൾ കാണാതെ പോകരുത്.


ഇതുകൂടി വായിക്കൂ: മോഹൻദാസ് എന്ന കർമ്മചന്ദ്രൻ


ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ജനകീയ മുഖം നൽകി, 33 വർഷക്കാലം ദശലക്ഷക്കണക്കിന് വരുന്ന പട്ടിണിപ്പാവങ്ങൾക്ക് ബ്രിട്ടീഷുകാർക്കെതിരേ പോരാടാൻ നിസഹകരണവും അഹിംസാവാദവും ആയുധമായി നൽകിയ മഹാ വിപ്ലവകാരിയായിരുന്നു മഹാത്മാഗാന്ധി. 1921 ലെ നിസഹകരണ പ്രസ്ഥാനത്തിലൂടെ അതുവരെ വിഘടിച്ചു നിന്നിരുന്ന ഹിന്ദുവിനെയും മുസ്ലിമിനെയും ദേശീയതയുടെ പേരിൽ ഒന്നിപ്പിക്കാൻ കഴിഞ്ഞുവെന്നത് ഗാന്ധിജിക്ക് മാത്രം അവകാശപ്പെട്ട നേട്ടങ്ങളിലൊന്നാണ്. എന്നാൽ, ഇന്ന് ഗാന്ധിജിയുടെ ‘രാമനേയും’ ‘രാമ രാജ്യത്തെയും’ മത വിദ്വേഷത്തിന്റെ പ്രതീകമായി അടർത്തി മാറ്റുകയാണ് ഫാസിസ്റ്റുകൾ. രാജ്യത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതും എല്ലാ വിഭാഗത്തേയും ഉൾക്കൊള്ളാൻ പാകത്തിൽ ‘സവർണരുടെ’ സംഘടനയായ കോൺഗ്രസിനെ ജനകീയവൽക്കരിക്കുന്നതും ഗാന്ധിജിയാണ്. ഇന്ത്യയിലെ ജാതി, മത, ഭാഷാ വ്യത്യാസങ്ങൾ ദേശീയ ബോധത്തിനനുസൃതമായി ഒറ്റത്തലത്തിലേക്ക് രൂപപ്പെട്ടുവന്നത് ഗാന്ധിജിയുടെ നേതൃത്വത്തിലാണ്. രാജ്യം ഇത്തരം സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലാണ് ഗാന്ധിഘാതകർക്കെതിരെ എഐവൈഎഫ് രംഗത്ത് വരുന്നത്. ഗാന്ധി രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ദേശസ്നേഹസദസുകൾ സംഘടിപ്പിക്കുകയാണ്. ചരിത്രത്തെ എത്രകണ്ട് മൂടിവച്ചാലും അത് മായ്ക്കാൻ സാധ്യമല്ലായെന്ന് ഓർമ്മിപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.