എംജി സർവകലാശാല കലോത്സവം ‘ആർട്ടിക്കിൾ 14’ 27ന് തൊടുപുഴ അൽ അസ്ഹർ കാംപസിലെ അഭിമന്യു നഗറിൽ ആരംഭിക്കും. മാർച്ച് രണ്ട് വരെയാണ് കലോത്സവം. 192 കോളജുകളിൽ നിന്നായി പതിമൂവായിരത്തോളം പേർ മാറ്റുരയ്ക്കും. ആകെ എട്ടു വേദികളിൽ 60 ഇനങ്ങളിലാണ് മത്സരം. ആദ്യമായി ട്രാൻസ്ജൻഡേഴ്സും എംജി സർവകലാശാല കലോത്സവത്തിൽ പങ്കെടുക്കും. ഇവർ ഭരതനാട്യം, ലളിതസംഗീതം, ശാസ്ത്രീയസംഗീതം, ഇംഗ്ലീഷ് കവിതാരചന എന്നിവയിലായിരിക്കും മത്സരിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ഏറ്റവും കൂടുതൽ മത്സരാർഥികൾ എറണാകുളം മഹാരാജാസ് കോളജിൽ നിന്നാണ്. ഇതുവരെ 102 പേരാണ് രജിസ്റ്റർ ചെയ്തത്. കുട്ടിക്കാനം മരിയൻ കോളജാണ് മത്സരാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ആതിഥേയ ജില്ലയായ ഇടുക്കിയിലെ 25 കാംപസുകളിലെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ഭരണഘടനാശിൽപി ഡോ. ബി ആർ അംബേദ്കറുടെ പേരിലാണ് മുഖ്യവേദി. വേദി രണ്ട്–ദാക്ഷായണി വേലായുധൻ നഗർ, വേദി മൂന്ന്–ഫക്രുദീൻ അലി നഗർ, വേദി നാല്–സനാവുള്ള ഖാൻ നഗർ, വേദി അഞ്ച്–ജെഎൻയു നഗർ, വേദി ആറ്–ഗൗരി ലങ്കേഷ് നഗർ, വേദി ഏഴ്– ഫാത്തിമ ലത്തീഫ് നഗർ, വേദി എട്ട്–സൈമൺ ബ്രിട്ടോ നഗർ എന്നിങ്ങനെയാണ് മറ്റു പേരുകൾ.
ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് കലയും ഒരു പ്രതിരോധമാണെന്ന സന്ദേശമാണ് ഇതിലൂടെ സംഘാടകർ നൽകുന്നത്. വ്യാഴാഴ്ച വൈകിട്ട് നാലിന് മുഖ്യവേദിയിൽ മന്ത്രി ഡോ. കെ ടി ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം എം മണി അധ്യക്ഷനാവും. ഉദ്ഘാടനശേഷം ഈ വേദിയിൽ തിരുവാതിരകളി മത്സരം ആരംഭിക്കും. രണ്ടാം വേദിയിൽ മൈം, മൂന്നാം വേദിയിൽ ഭരതനാട്യവും (ആൺ) അരങ്ങേറും.
സംഘാടക സമിതി ജനറൽ കൺവീനർ തേജസ് കെ ജോസ്, എംജി സർവകലാശാല യൂണിയൻ ചെയർമാൻ അമൽരാജ്, ജനറൽ സെക്രട്ടറി മുഹമ്മദ് അബ്ബാസ്, വൈസ് ചെയർമാൻ അമൽ സുധാകരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടിജു തങ്കച്ചൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
English Summary; Mahatma Gandhi University Arts Festival
YOU MAY ALSO LIKE THIS VIDEO