November 29, 2022 Tuesday

Related news

October 15, 2022
August 24, 2022
August 17, 2022
August 14, 2022
April 5, 2022
April 2, 2022
January 30, 2022
May 4, 2021
January 21, 2021
October 2, 2020

കോവിഡിനും യുദ്ധത്തിനുമിടയില്‍ മഹാത്മ ഗാന്ധിയും ടോള്‍സ്റ്റോയിയും തമ്മിലെന്ത്

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
June 25, 2020 9:34 pm

പ്രത്യേക ലേഖകൻ

കൊറോണ മഹാമാരി മാനവരാശിയെ വിഴുങ്ങാനായി നിൽക്കുമ്പോഴും അധിനിവേശ ശക്തികളുടെ യുദ്ധകാഹളങ്ങൾക്ക് അറുതിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യ- ചൈന- റഷ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ചർച്ചകൾ നടത്തുന്നതിടെ റഷ്യൻ ദിനപത്രമായ ദി മോസ്കോ ടൈംസ് മഹാത്മ ഗാന്ധിയും റഷ്യൻ എഴുത്തുകരാനായ ലിയോ ടോൾസ്റ്റോയിയും തമ്മിലുള്ള കത്തിടപാടുകളുടെ കാലിക പ്രസക്തിയെ ഉയർത്തികാട്ടുന്നു. അഹിംസ മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. എന്നാൽ ഇതിന്റെ ഉള്ളടക്കം ഇന്നും ലോകരാജ്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടോ എന്ന കാര്യം ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

1909ൽ മഹാത്മഗാന്ധിക്ക് 40 വയസുള്ളപ്പോഴാണ് ടോൾസ്റ്റോയ് ആദ്യത്തെ കത്ത് എഴുതുന്നത്. അപ്പോൾ 81 വയസുള്ള ടോൾസ്റ്റോയ് ലോകം ആദരിക്കുന്ന ഒരു മനുഷ്യനായി ഉയർന്നു കഴിഞ്ഞു. ബ്രിട്ടിഷ് കോളനിവാഴ്ച്ചയിൽ നിന്നും മോചനം നേടുന്നതിന് അക്രമാസക്തമായ മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്ന ഒരു ഇന്ത്യൻ വർഗീയവാദിയുടെ കത്തിനുള്ള മറുപടിയായി ടോൾസ്റ്റോയ് ഗാന്ധിജിക്ക് എഴുതിയ വാചകങ്ങളാണ് ഇന്ന് പ്രസക്തമാകുന്നത്. സ്നേഹം എന്ന ആശയത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം പ്രാപ്തമാകൂ എന്നാണ് ടോൾസ്റ്റോയ് എഴുതിയത്. ‘എ ലെറ്റർ ടു എ ഹിന്ദു’ എന്ന പേരിൽ പ്രസിദ്ധീകരിച്ച കത്താണ് ഗാന്ധിജിക്ക് സ്വാതന്ത്ര്യ സമരത്തിനുള്ള ആദ്യവഴിവിളക്കായത്. ഈ കത്ത് ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി ടോൾസ്റ്റോയിക്ക് കത്തെഴുതി. അതിന് സമ്മതം മൂളിയ ടോൾസ്റ്റോയി ഗാന്ധിജിക്ക് നിരന്തരം കത്തുകൾ അയച്ചിരുന്നു. ആ കത്തുകളാണ് ഗാന്ധിജിക്ക് എല്ലാ അർഥത്തിലും മാർഗ്ഗരേഖയായത്.

ഗാന്ധിജിയുടെ കത്തുകളും പുസ്തകങ്ങളും തികഞ്ഞ സ്നേഹോഷ്മളതയോടെയാണ് ടോൾസ്റ്റോയി ഉൾക്കൊണ്ടത്. ഹിന്ദു സ്വരാജ് എന്ന പുസ്തകം വായിച്ച ശേഷം ടോൾസ്റ്റോയി കുറിച്ച വാക്കുകൾ തന്നെ ഇതിന് ഉദാഹരണമാണ്. സമാധാനപരമായ പ്രതിഷേധം ( പാസിവ് റെസിസ്റ്റൻസ്) എന്ന ഗാന്ധിജിയുടെ പരാമർശം ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രമല്ല ലോകജനതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതെന്നാണ് ടോൾസ്റ്റോയി കുറിച്ചത്. ഇരുവരും തമ്മിലുള്ള കത്തിടപാടുകളിൽ അഹിംസ, മനുഷ്യസ്നേഹം, മാനവരാശിയുടെ പുരോഗതി, കാലവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് ചർച്ചയായത്. ഒരു പക്ഷേ മേക്ക്യവല്ലിയും ചാണക്യനും വായിച്ച് രാജ്യതന്ത്രജ്ഞത പ്രകടിപ്പിക്കുന്ന ഇന്നിന്റെ ഭരണാധികാരികൾ ഗാന്ധിജി, ടോൾസ്റ്റോയ് എന്നിവരെ വായിക്കാൻ ഇടയില്ല. അത് വായിച്ചിരുന്നെങ്കിൽ ഇന്ന് ലോകം നേരിടുന്ന പലപ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു.

രാഷ്ട്രീയവും സാസ്കാരികവുമായ അതിർ വരമ്പുകളിലുപരിയായി ഇരുവരും തമ്മിൽ ചർച്ച ചെയ്ത വിഷയങ്ങൾക്ക് ഇപ്പോഴും പരിഹാരം കാണാൻ ലോക ഭരണ നേതൃത്വങ്ങൾക്ക് കഴിയുന്നില്ല. പ്രകൃതി സ്രോതസുകളെ ഉപയോഗിച്ച് സുസ്ഥിര വികസനം സാധ്യമാക്കുകയാണ് മാനവരാശിയുടെ ഉന്നമനത്തിന് ആധാരമെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. എന്നാൽ ഇതൊന്നും ഇന്നത്തെ ഭരണ നേതൃത്വം ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നും മോസ്കോ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.ഗാന്ധിജിയും ടോൾസ്റ്റോയിയും മാനവരാശിക്ക് പകർന്നുനൽകിയ ആശങ്ങൾ സംബന്ധിച്ച് എല്ലാ വർഷവും ആയിരക്കണക്കിന് പരിപാടികളാണ് റഷ്യയിൽ സംഘടിപ്പിക്കുന്നത്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് റഷ്യൻ പാർലമെന്റായ സ്റ്റേറ്റ് ഡ്യൂമയും കുട്ടായ്മ സംഘടിപ്പിച്ചു. ഇരുവരുടേയും മഹത്വം വിളിച്ചോതുന്ന വിധത്തിലുള്ള പ്രദർശനവും സംഘടിപ്പിച്ചു. ലോകരാഷ്ട്രങ്ങളിലെ ഭരണാധികാരികൾ ഇരുവരുടേയും മഹത്വം ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന പ്രത്യാശയിലാണ് മനുഷ്യസ്നേഹികൾ.

ENGLISH SUMMARY: Mahat­ma Gand­hi’s and Tol­stoy’s letter

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.