മാഹി കൊലപാതകം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk
Posted on May 19, 2018, 1:20 pm

കണ്ണൂര്‍: മാഹിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാഹി ചെറുകല്ലായി സ്വദേശികളായ എം എം ഷാജി (36), ഷബിന്‍ (27), പള്ളൂര്‍ സ്വദേശിയായ ലിജിന്‍ (27) എന്നിവരാണ് പിടിയിലായത്. വടകരയിലെ ഒരു ഹോട്ടലില്‍ താമസിക്കവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പടിയിലായതെന്നാണ് സൂചന.  ഇവരെ  പൊലീസ് ചോദ്യം ചെയ്ത് വരികെയാണ്.

കഴിഞ്ഞ ഏഴാം തീയ്യതിയാണ് ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകനായ ബാബുവിന്‍റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അടുത്ത കൊലപാതകവും നടന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ബിജെപി പ്രതിഷേധം ആരംഭിച്ചിരുന്നു. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇനി അഞ്ച് പേര്‍ കൂടി പിടിയിലാവാനുണ്ട്.