March 26, 2023 Sunday

ഐക്യദാര്‍ഢ്യത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം

Janayugom Webdesk
March 28, 2020 5:00 am

കോവിഡ് 19 മഹാമാരി ആഗോള സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന വന്‍ വെല്ലുവിളികളെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നാകെ നടപടികള്‍ സ്വീകരിക്കാന്‍ സന്നദ്ധമായിരിക്കുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. ജി 20 രാജ്യങ്ങള്‍ ആഗോള സമ്പദ്ഘടനയിലേക്ക് അഞ്ചുലക്ഷം കോടി യുഎസ് ഡോളറിലധികം വിന്യസിക്കാന്‍ തീരുമാനിച്ചു. ലോക സമ്പദ്ഘടനയുടെ ചാലകശക്തികളെന്നു വിശേഷിപ്പിക്കുന്ന യുഎസ്, ചെെന, ജപ്പാന്‍ തുടങ്ങി ഇന്ത്യയടക്കം രാജ്യങ്ങള്‍ സുപ്രധാനമായ പണനയ പ്രഖ്യാപനങ്ങളുമായി രംഗത്ത് വന്നുകഴിഞ്ഞു. കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ആഗോള നേതൃത്വം നല്‍കുന്ന ലോക ആരോഗ്യ സംഘടനയുടെ ഐക്യദാര്‍ഢ്യ പ്രതികരണ നടപടികള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നാണ് കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ സമ്മേളിച്ച ജി 20 രാഷ്ട്ര നേതാക്കള്‍ നല്‍കുന്ന വാഗ്ദാനം.

കോവിഡ് മഹാമാരി ലോകരാഷ്ട്രങ്ങളുടെ പരസ്പരാശ്രയത്വം ഒരിക്കല്‍ക്കൂടി അനുസ്മരിപ്പിക്കുന്നുവെന്ന് സമ്മേളനം അംഗീകരിച്ച പ്രസ്താവന അടിവരയിടുന്നു. അ­ത് രാഷ്ട്രങ്ങളുടെയും ജനതകളുടെയും കൂട്ടായ നിലനില്‍പ്പ് നേരിടുന്ന അപകടാവസ്ഥ കൂടിയാണ് സൂചിപ്പിക്കുന്നതെന്നും പ്രസ്താവന പറയുന്നു. ആഗോള ഐക്യദാര്‍ഢ്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള ഏകോപിതവും സുതാര്യവും അത്യന്തം വിപുലവും ശക്തവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ മാത്രമെ മനുഷ്യരാശിക്ക് രാഷ്ട്ര അതിരുകളെ ഉല്ലംഘിച്ചുള്ള ഈ വെല്ലുവിളിയെ നേരിടാനാവൂ എന്നും പ്രസ്താവന അസന്നിഗ്ധമായി പറയുന്നു. കോവിഡ് അതിന്റെ ചുടലനൃത്തം ആരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോള്‍ വെെകിയെങ്കിലും ലോകരാഷ്ട്രങ്ങള്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു എന്നതാണ് ലോകത്തിന് ആശ്വാസം പകരുന്നത്.

2020 നവംബറില്‍ ചേരുന്ന ജി 20 റിയാദ് ഉച്ചകോടിക്കു മുന്നോടിയായി വിദേശകാര്യ മന്ത്രിമാര്‍, ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍, മറ്റ് ഭരണകൂട പ്രതിനിധികള്‍ എന്നിവരുടെ കൂടുതല്‍ കൂടിയാലോചനകളും ഏകോപന പ്രവര്‍ത്തനവും നേതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ചില രാഷ്ട്രങ്ങളും അവയുടെ നേതാക്കളും പൊതുധാരണക്കും താല്പര്യത്തിനും വിരുദ്ധമായി നടത്തിവരുന്ന അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളും തെല്ലെങ്കിലും ഉല്‍ക്കണ്ഠക്ക് കാരണമാകുന്നുണ്ട്. കോവിഡ് കേവലം ഒരു ചെെനീസ് പ്രശ്നമാണെന്നും അത് ‘ചെെനീസ് വെെറസാ‘ണെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മഹാമാരിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാനും പ്രതിരോധന നടപടികള്‍ക്ക് വിസമ്മതിക്കുകയും ചെയ്യുന്ന ബ്രസീലിന്റെ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സാനാരൊ തുടങ്ങിയവരാണ് ഈ ആശങ്കകള്‍ക്ക് കാരണമാകുന്നത്.

കോവിഡ് വ്യാപനത്തിന് ചെെനയേയും ലോക ആരോഗ്യ സംഘടനയേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ട്രംപ് നിരന്തരം ശ്രമിച്ചുപോന്നിട്ടുള്ളത്. ജര്‍മനി വികസിപ്പിച്ചെടുത്തതും ലോക ആരോഗ്യ സംഘടന അംഗീകരിച്ചതുമായ പരിശോധന കിറ്റ് സ്വന്തം രാജ്യത്ത് പ്രയോഗിക്കാനും രോഗബാധിതരായ സ്വന്തം പൗരന്മാരെ സംസര്‍ഗ വിലക്കിലൂടെ ചികിത്സിക്കാനും ട്രംപ് കാണിച്ച കാലവിളംബമാണ് ഇന്ന് യുഎസിനെ മഹാമാരിയുടെ കേന്ദ്രസ്ഥാനത്ത് എത്തിച്ചത്. ലോകരാഷ്ട്രങ്ങളുടെയും ജനതകളുടെയും പരസ്പരാശ്രയത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ട്രംപിന്റെ ആദ്യ നടപടിയല്ല ഇത്. അത് യുഎസ് ജനതക്ക് വന്‍ വിനയായും ലോകത്തിനാകെ ഭീഷണിയായും മാറുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മര്‍ക്കടമുഷ്ടിയോളം വളര്‍ന്ന യാഥാസ്ഥിതികതയും വിദ്വേഷത്തിലും അസഹിഷ്ണുതയിലും അധിഷ്ഠിതമായ തീവ്രദേശീയതയും ഏതെങ്കിലും ഒരു രാജ്യത്തിനും അവിടത്തെ ജനങ്ങള്‍ക്കും മാത്രമല്ല ലോകത്തിനാകെ വിനാശകരമായി മാറാമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് കോവിഡ് വ്യാപനത്തിന്റെ ഇന്നത്തെ അവസ്ഥ. ലോകചരിത്രത്തില്‍ മനുഷ്യന്‍ മഹാമാരികളുടെ പരമ്പരകള്‍ക്കുതന്നെ സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്. അവയില്‍ പലതും അതാതുകാലത്തെ രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. യുദ്ധങ്ങള്‍ പോലെതന്നെ മനുഷ്യ നിര്‍മ്മിതമാണ് മഹാമാരികളും. വിവേകത്തോടെ നേരിട്ടാല്‍ അത്തരം ദുരന്തങ്ങളെ വലിയൊരളവ് തടയാനും അവയുടെ ആഘാതം പരമാവധി കുറയ്ക്കാനും മനുഷ്യരാശിക്ക് കഴിയും. അതിന് ഉതകുന്ന മാനവികതയിലും ആഗോള ഐക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ വിശാല രാഷ്ട്രീയ കാഴ്ചപ്പാടാണ് മനുഷ്യരാശിയുടെ നിലനില്‍പ്പിനും പുരോഗതിക്കും ആവശ്യം. ഒരുപക്ഷെ കോവിഡ് അത്തരം ഒരു രാഷ്ട്രീയ ചിന്തക്കു കൂടി അവസരം ഒരു‌ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.