പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം; സര്‍ക്കാര്‍ സമവായത്തിന്

Web Desk
Posted on June 18, 2019, 11:16 pm

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന തീരുമാനം ചര്‍ച്ചകളിലെ അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചെങ്കിലും ഏതൊക്കെ അധികാരം കമ്മിഷണര്‍മാര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങള്‍കൂടി പരിഗണിച്ചു മാത്രമേ ഇത് നടപ്പിലാക്കൂ. ധൃതിപിടിച്ച് നടപ്പിലാക്കില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് സേനയ്ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതു സംബന്ധിച്ച നയപരമായ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 2012 നവംബര്‍ 28ലെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുകയും ധന,നിയമ വകുപ്പുകള്‍ക്ക് ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ അയക്കുകയും ചെയ്തു. മറുപടി ലഭിച്ചശേഷം 2013 ജനുവരി 23ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മെട്രോ പൊളിറ്റന്‍ പൊലീസ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ അംഗീകാരം നല്‍കുകയും ജനുവരി 29ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തത്. വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുശേഷമാണ് യുഡിഎഫ് മന്ത്രിസഭ തീരുമാനമെടുത്തതെന്ന് വ്യക്തമെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി ഒരു തീരുമാനവും ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. 1977ല്‍ നിയമിച്ച ദേശീയ പൊലീസ് കമ്മിഷന്റെ പ്രധാന ശുപാര്‍ശകളിലൊന്നാണ് അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ പൊലീസ് കമ്മിഷണറേറ്റ് രൂപീകരണമെന്നത്. ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായ കേരള പൊലീസ് പെര്‍ഫോമന്‍സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മിഷന്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ കമ്മിഷണറേറ്റ് രൂപീകരിക്കാനും ഡിഐജിമാരെ കമ്മിഷണര്‍മാരാക്കാനും ശുപാര്‍ശ ചെയ്തിരുന്നു. നഗര വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോഴാണ് കമ്മിഷണറേറ്റ് രൂപീകരണത്തിന്റെ പ്രാധാന്യം ഉയരുന്നത്.ഇന്ത്യയില്‍ 44 നഗരങ്ങളില്‍ നിലവില്‍ കമ്മിഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്നതും ഭരിച്ചിരുന്നതുമായ സംസ്ഥാനങ്ങളിലെ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ സെന്‍സസ് പ്രകാരം നിലവില്‍ തിരുവനന്തപുരത്ത് 21 ലക്ഷവും കൊച്ചിയില്‍ 18 ലക്ഷവും ജനസംഖ്യയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് വി ടി ബലറാം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഉദ്യോഗസ്ഥരെ വിവിധ
ലോബികളായി കാണരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: മജിസ്റ്റീരിയല്‍ അധികാരം നല്‍കുമ്പോള്‍ നിലവില്‍ കളക്ടര്‍മാരുടെ കൈവശമുള്ള മജിസ്റ്റീരിയല്‍ അധികാരങ്ങളില്‍ ചിലത് കമ്മിഷണര്‍ക്ക് കൈമാറേണ്ടതായി വരും. കൂട്ടായി ആലോചിച്ച് മാത്രമേ അതില്‍ തീര്‍പ്പുണ്ടാക്കാനാകൂ. ഉദ്യോഗസ്ഥന്മാരെ വിവിധ ലോബികളായി കാണുന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. പൊലീസ് സേനയില്‍ അച്ചടക്കരാഹിത്യമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ക്രമസമാധാനപാലനത്തില്‍ മുന്‍പന്തിയിലാണ് കേരളം.

പൊലീസിന് മജിസ്റ്റീരിയല്‍ പദവി
മനുഷ്യാവകാശ ലംഘനം: ചെന്നിത്തല
തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് മജിസ്റ്റീരിയല്‍ പദവി നല്‍കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടയാക്കും. വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടില്‍ മാവോയിസ്റ്റിനെ വെടിവച്ച് കൊന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. മജിസ്റ്റീരിയല്‍ പദവി നല്‍കിയാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ പൊലീസ് നടത്തും. മജിസ്റ്റീരിയല്‍ പദവിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.