Web Desk

തിരുവനന്തപുരം

December 17, 2020, 6:14 pm

ശക്തിദുർഗ്ഗങ്ങളെല്ലാം കൈവിട്ടു; നേതൃത്വത്തിലെ തർക്കങ്ങൾ കല്ലുകടി; കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

Janayugom Online

തദ്ദേശ തിരഞ്ഞെടുപ്പിൽ ദയനീയപരാജയമേറ്റുവാങ്ങിയ കോൺഗ്രസ്സിന് തലവേദനയായി നേതൃത്വത്തിലെ തർക്കങ്ങളും, പ്രവർത്തകർക്കിടയിലെ ഭിന്നതയും .ചാനൽ ചർച്ചകളിലിരുന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നതെല്ലാം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുകയും അവയെയെല്ലാം ജനം പാടെ തിരസ്കരിക്കുന്ന കാഴ്ചയ്ക്കാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

കോൺഗ്രസിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു, ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ഇപ്പോഴും സംസ്ഥാനത്തെ കോൺഗ്രസ് മതി മറന്നിരിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ ആണ് അവസാനമായി കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങളെയും പാർട്ടിക്കുള്ളിലെ ഭിന്നതയെയും തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുന്നത്.

കോൺഗ്രസ്സ് പാർട്ടി നിരന്തരം അതിന്റെ സംഘടനാ പിഴവുകളുമായി മുമ്പോട്ട് പോകുമ്പോൾ ഇടതുപക്ഷം കൂടുതൽ ജനങ്ങളുമായി അടുത്തു,കോൺഗ്രസ്സ് പ്രവർത്തകർ പോലും ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിച്ചു എന്നതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് രൂപീകരിച്ച നാൾ മുതൽ പരമ്പരാഗതമായി കോൺഗ്രസ്സിന് വേരോട്ടമുള്ള യുഡിഎഫ് ശക്തികേന്ദ്രമായ പത്തനംതിട്ടയിലടക്കം കോൺഗ്രസ്സിനുണ്ടായ തകർച്ച. കോൺഗ്രസ്സ് പാർട്ടിയുടെ സംഘടനാ,നേതൃത്വ പിഴവുകൾ മുതലെടുത്ത് കാലങ്ങളായി പിന്തുടർന്നുവരുന്ന ശബരിമല വിഷയവുമായി പത്തനംതിട്ടയിൽ വോട്ട് പിടിക്കാൻ വന്ന ബിജെപിയെയും ജനങ്ങൾ തൂത്തെറിഞ്ഞു. ഫലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻനേട്ടമാണ് പത്തനംതിട്ട ജില്ലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ജോസ് കെ മാണിയുടെ വരവ് ഇടതുപക്ഷമുന്നണിക്ക് നേട്ടമായി എങ്കിലും ജോസിന്റെ എൽ ഡി എഫ് പ്രവേശനത്തിന് മുന്നേ തന്നെ ജില്ലയിലെ 5 എംഎൽഎ മാരും ഇടതുപക്ഷ പ്രതിനിധികളായിരുന്നു എന്നതും എൽഡിഎഫിന്റെ ഇപ്പോഴത്തെ കുതിപ്പിന് കാരണമായി. ഇവിടെ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനാവാതെ വന്നതും യുഡിഎഫിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി.

തിരുവനന്തപുരത്തെ സ്ഥിതിയും വ്യത്യസ്തമല്ല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു മുൻപേ തന്നെ തലസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തോൽവി സമ്മതിച്ച നിലപാടായിരുന്നു. കോൺഗ്രസ്സിന്റെ വോട്ടുബാങ്കുകൾ പലതും എൽഡിഎഫിലേക്ക് എത്തി എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേട്ടമായി. ജനകീയനായ ഒരു മേയർ സ്ഥാനാർത്ഥിയെ പോലും കണ്ടെത്താൻ തലസ്ഥാനത്ത് കോൺഗ്രസിന് കഴിഞ്ഞില്ല. പ്രവർത്തകർക്കിടയിലെ അഭിപ്രായഭിന്നതകളും എന്തിന് പ്രചാരണത്തിന്റെ ചുമതല പോലും അതാത് സ്ഥാനാർത്ഥികൾ ഏറ്റെടുക്കേണ്ടി വന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടിന് മറ്റൊരു ഉദാഹരണം ആണ്. ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലെ മറ്റ് ജില്ലകളിലെ കോൺഗ്രസ് നേതൃത്വങ്ങളും അഭിമുഖീകരിക്കുന്നത്. മധ്യകേരളത്തിലെ യുഡിഎഫിന്റെ ആശ്വാസമായിരുന്നു കൊച്ചി കോർപറേഷനും എൽഡിഎഫ് തിരിച്ചു പിടിച്ചതോടെ നേതൃത്വത്തിലെ ഗ്രൂപ്പ് കളിയുടെ തിക്തഫലം അനുഭവിക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ്സ് നേതൃത്വം. തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ ഈ ഫലങ്ങൾ എന്തായാലും 2021 ലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ഇറങ്ങാൻ പ്രചോദനമാകും.

 

Eng­lish Sum­ma­ry : A major cri­sis awaits Congress

You May Also Like This Video