റെജി കുര്യന്‍

ന്യൂഡൽഹി

February 10, 2021, 10:33 pm

തുറമുഖങ്ങള്‍ കുത്തകകള്‍ക്ക്; പ്രധാന തുറമുഖ അതോറിറ്റി ബില്‍ 2020 പാസാക്കി

Janayugom Online

രാജ്യത്തെ തുറമുഖങ്ങള്‍ സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതല്‍ ശക്തമാക്കാനുറച്ച് കേന്ദ്രം. ഇതിനായുള്ള പ്രധാന തുറമുഖ അതോറിറ്റി ബില്‍ 2020 രാജ്യസഭ പാസ്സാക്കി. 12 പ്രധാന തുറമുഖങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്ത സമ്പ്രദായത്തില്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ നിയമം പാസ്സാക്കിയത്. തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, വ്യാപാരം, വാണിജ്യം എന്നിവ സുഗമമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. തുറമുഖങ്ങളുടെ ഭരണത്തില്‍ വികേന്ദ്രീകരണം മുന്നോട്ടു വയ്ക്കുന്ന ബില്ലില്‍ തുറമുഖം സ്വന്തമാക്കുന്ന കമ്പനിക്ക് പൂര്‍ണ്ണ തോതില്‍ അധികാരങ്ങളും ഉറപ്പു വരുത്തുന്നു.

വേഗത്തിലും സുതാര്യവുമായി തുറമുഖ ഭരണം നിര്‍വ്വഹിക്കാന്‍ പ്രസ്തുത കമ്പനികള്‍ക്ക് അധികാരം ലഭിക്കുന്നതോടെ തുറമുഖം ലേലത്തില്‍ ലഭിക്കുന്ന കമ്പനിക്ക സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ സ്വതന്ത്രമായ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാകും.
ബോര്‍ഡ് ഓഫ് പോര്‍ട്ട് അതോറിറ്റി അംഗങ്ങളുടെ സംഖ്യ 17–19 ആയിരുന്നത് പുതിയ ബില്ലില്‍ 11–13 ആക്കി ചുരുക്കി. പ്രധാന തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍, റയില്‍വേ മന്ത്രാലയം, പ്രതിരോധ, കസ്റ്റംസ് മന്ത്രാലയം, റവന്യൂ വകുപ്പുകളിലെ നോമിനികളും ബോര്‍ഡില്‍ അംഗങ്ങളാകും. ഇതിനു പുറമെ തുറമുഖ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒരു അംഗത്തെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേജര്‍ പോര്‍ട്ട് ട്രസ്റ്റ് ആക്ട് 1963ല്‍ ഉണ്ടായിരുന്ന 134 വകുപ്പുകളെ പുതിയ നിയമത്തില്‍ 76 ആയി ചുരുക്കി.

പ്രമുഖ തുറമുഖങ്ങളുടെ താരിഫ് അതോറിറ്റിയുടെ പങ്ക് പുതിയ ബില്ലില്‍ പുനര്‍നിശ്ചയിച്ചിട്ടുണ്ട്. തുറമുഖം എത്ര തുകയ്ക്ക് ലേലത്തില്‍ വയ്ക്കണം എന്നത് സംബന്ധിച്ച് അതോറിറ്റിക്ക് തീരുമാനമെടുക്കാം. തുറമുഖം കൈവശപ്പെടുത്തുന്ന കമ്പനിക്ക് വിപണിയുടെ വ്യതിയാനത്തിന് അനുസൃതമായി നിരക്കുകളും നിശ്ചയിക്കാം. തുറമുഖത്തിന്റെ വിലനിശ്ചയവും ഈ അതോറിറ്റിക്കാണ്. പഴയ വ്യവസ്ഥ പ്രകാരം പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങളുടെയും പുതിയ വ്യവസ്ഥ പ്രകാരം പ്രവര്‍ത്തനം തുടങ്ങുന്ന തുറമുഖങ്ങളിലെയും തര്‍ക്കങ്ങള്‍ പരിശോധിക്കാനും പരിഹാരങ്ങള്‍ ഉണ്ടാക്കാനും പുതിയൊരു ബോര്‍ഡ് രൂപീകരിക്കാനും ബില്ല് നിര്‍ദ്ദേശിക്കുന്നു. രാജ്യസഭ ഇന്നലെ പാസാക്കിയ ബില്ലിന് ഇനി രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് ബാക്കിയുള്ളത്.

സ്വകാര്യവൽക്കരണത്തിന്റെ ആമുഖം: ബിനോയ് വിശ്വം

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മേജർ തുറമുഖ നിയമം സമ്പൂർണ സ്വകാര്യവൽക്കരണത്തിന്റെ ആമുഖമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ഈ നിയമത്തിന്റെ പിന്നിലെ അദൃശ്യകരങ്ങൾ അഡാനിയുടേതാണെന്ന് രാജ്യസഭയിൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അദ്ദേഹം വിമർശിച്ചു. സ്വയംഭരണത്തെക്കുറിച്ച് പറയുമ്പോഴും അത് അഡാനി കമ്പനിക്ക് പണയപ്പെടുത്തപ്പെട്ടതാണ്. ഇന്ത്യ ക്രമേണ അഡാനി രാജ്യമായി മാറുമ്പോൾ സംസ്ഥാനങ്ങളുടെ അധികാരമെല്ലാം കവർന്നെടുക്കപ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങളും ഇല്ലാതാക്കപ്പെടുന്നു. കൊച്ചി തുറമുഖത്തിന്റെ വളർച്ചയുടെ ഭാഗമായി 2020 ഡിസംബറിൽ 3.20 ദശലക്ഷം ടൺ ചരക്ക് നീക്കം നടന്നു. ഇതിൽ തൊഴിലാളികളുടെ വിയർപ്പിന്റെ പങ്ക് വലുതാണെന്ന് സർക്കാർ മറക്കരുത്. ഇടതുപക്ഷ അംഗങ്ങളായ എളമരം കരിം, ബിനോയ് വിശ്വം എന്നിവർ ആവശ്യപ്പെട്ടത് പ്രകാരം നടന്ന വോട്ടെടുപ്പിൽ 44 നെതിരെ 84 വോട്ടുകളോടെ ബിൽ പാസായി.

ENGLISH SUMMARY:Major Ports Author­i­ty Bill 2020 passed
You may also like this video