തെലങ്കാനയിലെ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) യിലെ 20 മുതല്‍ 30 എംഎല്‍എമാരെ പണം നല്‍കി വശത്താക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ പൊലീസ് ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളും ഇത് ശരിവയ്ക്കുന്നു.
ടിആര്‍എസ് എംഎല്‍എമാരായ പൈലറ്റ് റോഹിത് റെഡ്ഡി, രേഖ കാന്താറാവു, ഗുവ്വാല ബാലരാജു, ഭീറാം ഹര്‍ഷവര്‍ധന്‍ എന്നിവരെ പണം നല്‍കി വശീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. കേസില്‍ ഉന്നത ബിജെപി നേതാക്കളുമായി ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാര്‍, സിംഹായജി സ്വാമി എന്നിവരെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക കോടതി ആദ്യം ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെ ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
റോഹിത് റെഡ്ഡിക്ക് ഇവര്‍ 100 കോടി വാഗ്ദാനം ചെയ്തുവെന്നും പകരം ടിആർഎസ് വിട്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. ടിആര്‍എസ് എംഎല്‍എമാരുമായി പ്രതികള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം എംഎല്‍എമാര്‍ക്ക് 100 കോടി വീതം നല്‍കി വശീകരിക്കാനായിരുന്നു ബിജെപിയുടെ നീക്കമെന്ന് മുനുഗോഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചു. ഇതിനായി ബിജെപിയുടെ ബ്രോക്കര്‍മാര്‍ ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയില്‍ എത്തി. എന്നാല്‍ യഥാർത്ഥ മണ്ണിന്റെ മക്കളായ നിയമസഭാംഗങ്ങൾ ഈ വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഐക്ക് പൊതു അനുമതിയില്ല: തെലങ്കാന
ഹൈദരാബാദ്: സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ക്കുള്ള പൊതു അനുമതി പിന്‍വലിച്ചതായി തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുതിരക്കച്ചവട ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദര്‍ റെഡ്ഡി ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് റെഡ്ഡിയുടെ ആരോപണം. 1946ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള പൊതു അനുമതി നിഷേധിച്ച്, ഓഗസ്റ്റ് 30ന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ട് ഹര്‍ജിക്കാരന്റെ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളും സിബിഐക്കുള്ള പൊതു അനുമതി നിഷേധിക്കണമെന്ന് കെ ചന്ദ്രശേഖര റാവു ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ സിബിഐക്ക് പൊതു അനുമതി നിഷേധിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ സിബിഐക്കുള്ള പൊതു അനുമതി നിഷേധിച്ചിരുന്നെങ്കിലും ഏകനാഥ് ഷിന്‍ഡെ-ഫഡ്നാവിസ് സര്‍ക്കാര്‍ അടുത്തിടെ പുനഃസ്ഥാപിച്ചു.
English Summary: Major sabotage in BJP Telengana
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.