29 March 2024, Friday

Related news

February 6, 2024
November 5, 2023
September 12, 2023
September 1, 2023
August 13, 2023
August 9, 2023
August 8, 2023
August 2, 2023
July 26, 2023
July 17, 2023

വി ഡി സതീശന് വീണ്ടും തിരിച്ചടി

Janayugom Webdesk
July 11, 2022 9:38 pm

തന്നെക്കുറിച്ച് പ്രചരിക്കുന്ന വാക്കുകൾ വന്ധ്യവയോധികനായ വി എസ് അച്യുതാനന്ദനും കൂടി ബാധകമാണ് പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശന് വീണ്ടും തിരിച്ചടി. സതീശൻ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് വേദിയിൽ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ പ്രസംഗിച്ചതത്രയും ഹിന്ദുത്വത്തിന് എതിരെയാണ്. അന്ന് പ്രസംഗം പൂർണമായും റിപ്പോർട്ട് ചെയ്ത ഡൂൾ ന്യൂസാണ് ഇപ്പോൾ ഇത് പുറത്തുവിട്ടത്.

സ്വാമി വിവേകാനന്ദനെ ഹിന്ദുത്വത്തിൽ തളച്ചിടാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നാണ് വിചാരധാരയുടെ പുസ്തകപ്രകാശന വേദിയിലെത്തി വി എസ് പ്രസംഗിച്ചത്. എന്നാൽ വി ഡി സതീശൻ ഗോൾവാൾക്കറെയും മറ്റും പുകഴ്ത്തിയാണ് പ്രസംഗിച്ചതെന്നാണ് ആർഎസ്എസ് നേതാക്കൾ തന്നെ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ നിലവിളക്കുകൊളുത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുനടന്ന ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് 2013 മാർച്ച് 13ന് വി എസ് പങ്കെടുത്ത് സംസാരിച്ചത്. അതിന്റെ ചിത്രങ്ങൾ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി പരമേശ്വരൻ എഴുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചാണ് വി എസ് ആർഎസ്എസിന് നേരെ രൂക്ഷ വിമർശനം നടത്തിയത്.

വി എസ് അച്യുതാനന്ദൻ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം:

സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥം ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയതായി അറിയിക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പല കാലഘട്ട ങ്ങളിലായി മലയാളത്തിൽ എഴുതപ്പെട്ട ലേഖനങ്ങളും കവിതകളും മലയാളികൾ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുമെല്ലാം സംഘടിപ്പിച്ച് ഈ പുസ്തകം ഒരുക്കിയ ശ്രീ. പി പരമേശ്വരനെ ഞാൻ അഭിനന്ദിക്കുന്നു. വിവേകാനന്ദനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾക്ക് ഇതിൽ സ്ഥാനം നൽകിയിട്ടുണ്ടെന്നത് സ്വാഗതാർഹമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ശ്രീ. പി പരമേശ്വരന്റെയും വീക്ഷണത്തിലുള്ള വിവേകാനന്ദനെ മാത്രമല്ല, മറിച്ചുള്ള വീക്ഷണത്തിലുള്ള വിവേകാനന്ദനെയും ഈ പുസ്തകത്തിൽ കാണാം.

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാർഷികവും അദ്ദേഹത്തിന്റെ കേരള സന്ദർശനത്തിന്റെ നൂറ്റിരുപത്തൊന്നാം വാർഷികവുമാണിത്. ജാതിവിവേചനത്തിന്റെയും അനാചാരങ്ങളുടെയും ഒരു ഭ്രാന്താലയമാണ് കേരളം എന്ന് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 121 വർഷം മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെറുതെ അഭിപ്രായം പറയുകയല്ല, നിശിതമായി ആക്ഷേപിക്കുകയും ഈ അവസ്ഥയിൽ നിന്ന് മലബാറുകാർ അഥവാ കേരളീയർ മാറാൻ തയ്യാറാകുന്നില്ലെങ്കിൽ ഇതര ഇന്ത്യക്കാർ അവരെ വെറുപ്പോടെയേ കാണാവൂ എന്നുവരെ അദ്ദേഹം പറയുകയുണ്ടായി.

മൈസൂരിൽ ഡോക്ടർ പവിൽപ്പുവിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ സ്വാമിയോട് പൽപ്പു കേരളത്തിന്റെ സാമൂഹ്യ ദുരവസ്ഥ ബോധ്യപ്പെടുത്തുകയുണ്ടായി. പിന്നീട് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിലെത്തിയ വിവേകാനന്ദന് ജാതി പറയാൻ തയ്യാറല്ലാത്തതിനാൽ അവിടെ പ്രവേശനം ലഭിച്ചില്ല. ജാതിരാക്ഷസന്റെ ക്രൂരത നേരിട്ട് മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഈ ദുരവസ്ഥയിൽ നിന്ന് രക്ഷനേടാൻ സംഘടിത ശ്രമം വേണമെന്നും അതിന് ഒരു ആധ്യാത്മിക ഉള്ളടക്കം വേണമെന്നും ഡോക്ടർ പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. ശ്രീനാരായണ ധർമപരിപാലന യോഗത്തിന് തുടക്കംകുറിക്കാൻ നേതൃത്വം നൽകുന്നതിന് ഡോക്ടർ പൽപ്പുവിന്റെ പ്രചോദനം അതാണ്. ബംഗാളിൽ വിദ്യാഭ്യാസം നടത്തിയ കുമാരനാശാനാകട്ടെ, വിവേകാനന്ദ തത്വങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം നൽകി ക്കൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി നാലാണ്ടിനുശേഷമാണ് വിവേകാനന്ദൻ കേരളത്തിൽ വരുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഡോക്ടർ പൽപ്പുവും കുമാരനാശാനും ചേർന്ന് എസ്എൻഡിപി യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപംനൽകിയതിൽ വിവേകാനന്ദന്റെ പ്രചോദനം വളരെ വലുതാണെന്നാണ് സൂചിപ്പിക്കുന്നത്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് വിവേകോദയം എന്നായതും യാദൃഛികമല്ല. ഇവിടെ പ്രകാശനം ചെയ്ത പുസ്തക ത്തിൽ കവിതകളും ലേഖനവുമായി കുമാരനാശാന്റെ നാലോ അഞ്ചോ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ശ്രീ. പി പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയിൽ അടക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇപ്പോൾ സംഘപരിവാർ, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു. സംശയമില്ല, ഹിന്ദുമതത്തിന്റെ ഏകോപനത്തിനും നവീകരണത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ജീവിത നിഷേധിയായ ആത്മീയവാദത്തിനും ഹിന്ദുമതത്തിലെ വർണാശ്രമചൂഷണത്തിനും അനീതിക്കുമെതിരെ ആഞ്ഞടിക്കാൻ തയ്യാറായി എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം. ഈശ്വരനല്ല, മനുഷ്യനായിരുന്നു വിവേകാനന്ദന്റെ പ്രഥമ പരിഗണാവിഷയം. പട്ടിണി കിടക്കുന്ന മനുഷ്യരുടെ നേർക്ക് മതം നീട്ടി കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവേകാനന്ദൻ ചൂണ്ടിക്കാട്ടി. ആത്മാവിന്റെ ദാരിദ്ര്യ ത്തെക്കുറിച്ച് പ്രസംഗിക്കുന്ന സന്യാസിമാരോട് അദ്ദേഹം ചോദിച്ചത് അവരുടെ യഥാർഥ വിശപ്പ് മാറ്റാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണ്.

പാവങ്ങൾക്ക് ഭക്ഷണം നൽകാനും അവരെ അഭ്യസ്തവിദ്യരാക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പാടുകളെ ദുരീകരിക്കാനുമുളള ശക്തി ഉണ്ടാക്കിത്തരുന്ന ഒരു മതമാണ് നമുക്ക് വേണ്ടത്. നിങ്ങൾക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കിൽ മനുഷ്യനെ സേവിക്കുക – അതായിരുന്നു വിവേകാനന്ദന്റെ തത്വം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് യൂറോപ്പിൽ പ്രചാരം സിദ്ധിച്ചുവന്ന നൂതനാശയങ്ങൾ സ്വാംശീകരിക്കാനും വിവേകാനന്ദന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തിൽ മനസിലാക്കുകയും ചെയ്തു.

‘ശൂദ്രന് പ്രാധാന്യം ലഭിക്കുന്ന ഒരുകാലം വരും. ശൂദ്രന്റെതായ ധർമ കർമങ്ങളോടൊപ്പം എല്ലായിടത്തും ശൂദ്രന്മാർ സമൂദായത്തിൽ മേധാവിത്വം നേടും. അതിന്റെ പ്രാരംഭങ്ങളാണ് പാശ്ചാത്യലോകത്തിൽ മെല്ലെ മെല്ലെ ഉദിച്ചുയർന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലാഫലങ്ങളെക്കുറിച്ച് എല്ലാവരും വ്യാകുലരാണ്. ഈ വിപ്ലവത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് സോഷ്യലിസം’ എന്ന് വിവേകാന്ദൻ ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തെക്കുറിച്ച് ഇന്ത്യയിൽ മറ്റാരും സംസാരിക്കുന്നതിനു മുമ്പാണ്. വിവിധ ജാതി-മത വിശ്വാസികളായ പാവങ്ങളെ, പ്രോലിറ്റേറിയറ്റി നെയാണ് ശൂദ്രന്മാർ എന്ന് അദ്ദേഹം വിവക്ഷിച്ചത്.

തൊഴിലാളികൾ പ്രവൃത്തി നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണം, തുണി മുതലായതു കിട്ടുന്നത് നിൽക്കും. എന്നിട്ടും നിങ്ങൾ അവരെ താണവരായി കണക്കാക്കുകയും നിങ്ങളുടെ സംസ്ക്കാരം ഉന്നതമെന്നവകാശപ്പെട്ട് അഹങ്കരിക്കു കയും ചെയ്യുന്നു എന്ന് സവർണരും ധനികരുമായ ചൂഷകരെ കുറ്റപ്പെടുത്തുകയും ചൂഷണത്തിനിരയാകുന്ന താണവർഗക്കാർ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവകാശങ്ങൾ പിടിച്ചുവാങ്ങാൻ ഐക്യമുന്നണി രൂപീകരിച്ചുകൊണ്ടിരിക്കുക യാണെന്നും, ഉയർന്ന വർഗക്കാർക്ക് ഇനിമേലിൽ എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വർഗക്കാരെ അമർത്തിവെക്കാൻ സാധിക്കുകയില്ലെന്നും വിവേകാനന്ദൻ മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെടുക പോലും ചെയ്യുന്നതിന് മുൻപാണ് സ്വാമി വിവേകാനന്ദൻ തൊഴിലാളിവർഗത്തിന്റെ അജയ്യതയെ ക്കുറിച്ച് പ്രഖ്യാപനം ചെയ്തത്. മതപരമായ സങ്കുചിത അറയിൽ തളച്ചിടാവുന്ന വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. മനുഷ്യസ്നേഹത്തിന്റെയും മാനവ ഐക്യത്തിന്റെയും സ്ഥിതി സമത്വത്തിന്റെയും അജയ്യമായ മനുഷ്യമുന്നേറ്റത്തിന്റെയും പ്രതീകങ്ങളിലൊന്നാണ് വിവേകാനന്ദൻ. വിവേകാനന്ദനെ സാംസ്കാരിക ദേശീയതയുടെയും ഇപ്പോഴത്തെ അർഥത്തിലുളള ഹിന്ദുത്വത്തിന്റെയും പ്രതീകമായി ഉയർത്തിക്കാട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന്റെ ശരിയായ പഠനം സഹായകമാകുമെന്ന് കരുതുന്നു.

 

Eng­lish Sum­ma­ry: major set­back to V D Satheesan on his state­ment against V S Achuthanandan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.