മകരജ്യോതി ദര്‍ശനം സുരക്ഷിതമാക്കാന്‍ നടപടി

Web Desk
Posted on January 11, 2018, 10:11 pm

ശബരിമല: മകരവിളക്ക് മഹോല്‍സവത്തോട് അനുബന്ധിച്ചുള്ള മകരജ്യോതി ദര്‍ശനം സുരക്ഷിതവും സൗകര്യപ്രദവുമാക്കും. സന്നിധാനത്ത് ചേര്‍ന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ ഇതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. പാണ്ടിത്താവളം മുതല്‍ ശരംകുത്തിവരെ മുപ്പതോളം ഇടങ്ങളില്‍നിന്ന് മകരജ്യോതി ദര്‍ശിക്കാന്‍ കഴിയും. ഇവിടങ്ങളില്‍ പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍ എന്നിവ സംയുക്തമായി പ്രത്യേക സുരക്ഷയൊരുക്കും. അപകടമൊഴിവാക്കാന്‍ ആവശ്യമായ കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ തീര്‍ക്കാനാരംഭിച്ചിട്ടുണ്ട്. ജ്യോതിദര്‍ശനത്തിന് വിരിവെച്ച് കാത്തിരിക്കുന്ന തീര്‍ത്ഥാടകരോട് സുരക്ഷാസന്നാഹങ്ങളുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സന്നിധാനത്തും സമീപപ്രദേശങ്ങളിലും പുതുതായുള്ള നിര്‍മ്മാണപ്രവര്‍ത്തന സ്ഥലങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനം നടത്തിയിരുന്നു . ഇതിലെ ചില കേന്ദ്രങ്ങള്‍ക്ക് നിര്‍മ്മാണം അസൗകര്യം സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനുപകരമായി സൗകര്യപ്രദമായ മറ്റ് കേന്ദ്രങ്ങള്‍ തീര്‍ത്ഥാടകരുടെകൂടി അഭിപ്രായപ്രകാരം തെരെഞ്ഞെടുത്തിട്ടുണ്ട്.
മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകരോട് സംയമനത്തോടെ പെരുമാറണമെന്ന് യോഗം നിര്‍ദേശിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നവരെ ചികില്‍സാ കേന്ദ്രങ്ങളിലെത്തിക്കണം. തിരക്ക് ക്രമീകരിച്ച് സുരക്ഷിത ദര്‍ശനമൊരുക്കാന്‍ അവസരോചിതമായ ഇടപെടലുണ്ടാവണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. സന്നിധാനത്ത് ചുമതലയുള്ള ഡി.വൈ.എസ്.പിമാര്‍ മുതല്‍ എസ്.ഐവരെയുള്ള ഉദ്യോഗസ്ഥരാണ് അവലോകനയോഗത്തില്‍ പങ്കെടുത്തത്. ഐ.ജി(സെക്യൂരിറ്റി) ലക്ഷ്മണ, സ്പെഷ്യല്‍ ഓഫീസര്‍ പോലീസ് ദേബേഷ്‌കുമാര്‍ ബഹ്റ, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ എം രമേഷ്‌കുമാര്‍, ജോയിന്റ് സ്പെഷ്യല്‍ സുജിത്ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.