മേക്ക് ഇന്‍ ഇന്ത്യയുണ്ടാക്കിയ ഇടിവ്

Web Desk
Posted on June 13, 2019, 9:58 am

വ്യവസായ മേഖലയിലെ വികസന തന്ത്രത്തിന്റെ അടിസ്ഥാനം, കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഉല്‍പാദന മേഖലയുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ചയാണെന്ന് പൂര്‍വ്വേഷ്യന്‍ മേഖലാ വികസനം നമ്മെ ബോധ്യപ്പെടുത്തുന്നു. കാര്‍ഷിക മേഖലയില്‍ വരുന്ന മിച്ചം തൊഴില്‍ സേനയാണ് ഇതിന് ആവശ്യമായ അദ്ധ്വാന ശക്തി. ഇതിലൂടെ മെച്ചപ്പെട്ട കൂലിയും ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കുകയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമാണ്. ഇന്ത്യയിലാണെങ്കില്‍ ഈ ലക്ഷ്യം നേടിയെടുക്കാന്‍ സ്വീകരിക്കപ്പെട്ട മാര്‍ഗം, അതീവ ശ്രദ്ധയോടെയും കരുതലോടെയും രൂപം നല്‍കിയ ആസൂത്രണ പദ്ധതികള്‍ നടപ്പാക്കുക എന്നതായിരുന്നു. ആഗോള തലത്തിലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ ശൃംഖലക്കനുസൃതമായ സാങ്കേതിക വിദ്യയുടെയും വിദഗ്ധ തൊഴില്‍ ശക്തിയുടേയും വിനിയോഗവും ഉറപ്പാക്കിയാല്‍ മാത്രമേ കയറ്റുമതി വിപണി കണ്ടെത്താന്‍ സാധ്യമാകൂ. ഈ ലക്ഷ്യവുംകൂടി കണക്കിലെടുത്തു കൊണ്ടുള്ളൊരു വ്യവസായ നയരൂപീകരണമാണ് വേണ്ടത്. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പേരില്‍ ഒന്നാം മോഡി സര്‍ക്കാര്‍ രൂപം നല്‍കിയ തന്ത്രം വിജയം കണ്ടെത്താതിരിക്കുന്ന സാഹചര്യത്തില്‍, ‘മേക്ക് ഫോര്‍ ഇന്ത്യ’ എന്ന മറ്റൊരു ബദല്‍ തന്ത്രമാണ് കയറ്റുമതി മേഖലക്കായി രൂപപ്പെടുത്തേണ്ടി വന്നിരിക്കുന്നത്. 2014–2018 കാലയളവില്‍ ചരക്കു കയറ്റുമതി മേഖലയില്‍ ഇന്ത്യക്ക് അനുഭവപ്പെട്ടിരിക്കുന്നത് കുത്തനെയുള്ള ഇടിവാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ വന്‍കിട ഉല്‍പാദന സംരംഭങ്ങളുടെ വികസനത്തോടൊപ്പം സൂക്ഷ്മതല അനൗപചാരിക സംരംഭങ്ങളുടെ വികസനം കൂടി ഉറപ്പാക്കേണ്ടതുണ്ട്. കാരണം, ഇത്തരം അസംഘടിത മേഖല, ഉല്‍പാദന ഘടകങ്ങള്‍ ചേര്‍ന്നാണ് കയറ്റുമതിക്കാവശ്യമായ 45 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണം നടത്തുന്നത്.
ഉല്‍പാദന മേഖലയുടെ വളര്‍ച്ച ഇന്ത്യയില്‍ ഉറപ്പാക്കണമെങ്കില്‍, സ്റ്റേറ്റിന്റെ പങ്കാണ് നിര്‍ണ്ണായക ഘടകമെന്ന് 1950 മുതല്‍ 1965 വരെയുള്ള ഒന്നരപതിറ്റാണ്ടുകാലത്തെ ആസൂത്രിതവികസനത്തില്‍ നിന്നു തന്നെ വ്യക്തമാണല്ലോ. ആ പ്രസ്തുത കാലയളവില്‍ നെഹ്‌റൂവിയന്‍ വികസന പാതക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ അടിസ്ഥാന വ്യവസായ മേഖലാവികസനമാണല്ലോ, തുടര്‍ന്നുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ലോക വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്താന്‍ കളമൊരുക്കിയത്. ഈ നിഗമനത്തെ പുച്ഛിച്ചു തള്ളുന്ന എട്ടുകാലി മൂമ്മൂഞ്ഞുമാര്‍ നിരത്തുന്ന വാദഗതികളൊന്നും പ്രസക്തമായികാണേണ്ടതില്ല. അതുപോലെ തന്നെ സേവന മേഖലയുടെ അഭുതപൂര്‍വ്വമായ വളര്‍ച്ചയിലും സ്റ്റേറ്റിന്റെ പങ്ക് നിര്‍ണായകമായിരുന്നു എന്ന വസ്തുതയും നിഷേധിക്കാനാവില്ല. ഉദാഹരണത്തിന് ഐടി മേഖലയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചമാത്രം പരിഗണിച്ചാല്‍ മതിയാകും. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ വളര്‍ച്ചക്കായി കോടിക്കണക്കിന് മൂലധന നിക്ഷേപമാണ് ഇന്ത്യാഗവണ്‍മെന്റ് പിന്നിട്ട കാല്‍ നൂറ്റാണ്ടുകാലയളവില്‍ നടത്തിയതെന്നോര്‍ക്കുക. ഇതുവഴിയാണ് ഐടി പാര്‍ക്കുകളിലൂടെ ഇന്ത്യന്‍ ഐടി വ്യവസായം യു എസ് വിപണിയുമായി സമ്പര്‍ക്കം സ്ഥാപിച്ചത.് ഇതെല്ലാം നെഹ്‌റൂവിന്‍ കാഴ്ചപാടിന്റേയും സാമ്പത്തികാസൂത്രണത്തിന്റെയും ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ലിഖിതമായ അനുഭവങ്ങളാണ്. അല്ലാതെ വീണ്‍വാക്കുകളല്ല ഇപ്പോള്‍ വിവാദ പുരുഷനായി മാറിയിരിക്കുന്ന സാംപിട്രോഡയുടെ നേതൃത്വത്തിലുള്ള ഏതാനും വിദഗ്ധന്മാരാണല്ലോ ഇന്ത്യ ഐടി വ്യവസായത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിത്തറപാകിയത് മോഡിയും സംഘപരിവാര്‍ വക്താക്കളും അവസരവാദ വിദഗ്ധരായ രാഷ്ട്രീയ നേതാക്കളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നേട്ടമെല്ലാം മോഡിയുടെ വകയാണെന്നു സംഘടിതമായി നടത്തിവരുന്ന വ്യാജപ്രചരണങ്ങള്‍ക്കു താല്‍ക്കാലിക പ്രസക്തി മാത്രമാണുണ്ടായിരിക്കുക. അതേ അവസരത്തില്‍ ഐ ടി വ്യവസായവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നയത്തില്‍ ഗുരുതരമായൊരു പാളിച്ച സംഭവിച്ച കാര്യവും മറച്ചു വയ്‌ക്കേണ്ടകാര്യമില്ല. നവഉദാരീകരണ വ്യാപാരനയത്തിന്റെ ഭാഗമായി നികുതിമുക്തമായ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഐടി ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഐടി വ്യവസായ മേഖലക്ക് അനുമതി നല്‍കി എന്നതാണിത്. തന്മൂലം ഇന്ത്യന്‍ ഐ ടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ മേഖലയുടെ വികസനം പിന്നോട്ടടിക്കാന്‍ ഇടയാക്കുകയായിരുന്നു. ഈ പിഴവ് കഴിയുന്നത്ര വേഗത്തിലും, അളവിലും പരിഹരിക്കപ്പെടുകയും വേണം. ഐടി മേഖലയില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്‌നം ഷോപ്പ്‌സ് ആന്റ് എസ്റ്റാബഌഷ്‌മെന്റ്‌സ് നിയമത്തിനു വിധേയമായി ഐടി വ്യവസായത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ഫലമായി, പ്രസ്തുത നിയമത്തിന്റെ തൊഴില്‍, വേതനം, ജോലി സമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബാധ്യതകളില്‍ നിന്നും തീര്‍ത്തും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നു എന്ന സവിശേഷ സ്ഥിതിയാണുള്ളത്. ഇതില്‍ നീതികരണമില്ല. മാത്രമല്ലാ വിവേചന പരമായ ചൂഷണത്തിനും നല്‍കുന്ന നയവുമാണിത്. ഇതിനെല്ലാം ഉപരിയായി സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും ചെലവുകുറഞ്ഞ അദ്ധ്വാന ശക്തിയും സ്റ്റേറ്റിന്റെ ഏറെക്കുറെ പൂര്‍ണമായ മൂലധന നിക്ഷേപത്തോടെ തുടക്കം മുതല്‍ പ്രയോജനപ്പെടുത്താന്‍ അവസരം കിട്ടിയ വ്യവസായമെന്ന നിലയില്‍ ഐടി വ്യവസായം, സ്വന്തം സേവനങ്ങള്‍ പരമാവധി ചെലവു കുറച്ച് സമൂഹത്തിന് ലഭ്യമാക്കാനുള്ള ബാധ്യത ഇനിയും ഏറ്റെടുക്കാന്‍ സന്നദ്ധമായിട്ടില്ലെന്നത് തെറ്റായ നയസമീപനമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഇതില്‍ ഉടനടി മാറ്റം കൂടിയേ തീരു. പൊതു നിക്ഷേപമെന്നത് സമൂഹത്തിന്റേതായ നിക്ഷേപം തന്നെയാണല്ലോ. ഇത്തരം അനുകൂല സാഹചര്യങ്ങളുടെ സഹായത്തോടെയുള്ള വളര്‍ച്ച എന്ന നിലയിലാണ് ഐടി വ്യവസായത്തിന്റെ വിജയകഥ വിലയിരുത്തപ്പെടേണ്ടത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി പുതിയൊരു വ്യവസായനയത്തിന് രൂപം നല്‍കുന്ന അവസരത്തില്‍ ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ വസ്തുതകളും കണക്കിലെടുക്കേണ്ടതാണ്, കാരണം, ആധുനിക ആഗോള സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ നേരിടാന്‍ മറ്റു പോം വഴികളൊന്നും കാണുന്നില്ല.