22 April 2024, Monday

ഇരുതലമൂരി പാമ്പിനെ ചികിത്സിച്ചതിന്റെ ത്രില്ലില്‍ ഡോ. ബ്രിജിറ്റി

KASARAGOD BUREAU
ബദിയടുക്ക
October 18, 2021 6:20 pm

സാധാരണ നിലയില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മൃഗാശുപത്രികളില്‍ പശു, പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും പശുവിനെയുമാണ് ചികിത്സിക്കാറ്. എന്നാല്‍ ഇരുതലമൂരി എന്ന പ്രസിദ്ധമായ പാമ്പിനെ ചികിത്സിച്ചതിന്റെ ത്രില്ലിലാണ് പെര്‍ള ഗവ. വെറ്റിനറി ഡിസ്‌പെന്‍സറിയിലെ ഡോ. ബ്രിജിറ്റ്. കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ ക്ലിനിക്കിലേക്ക് ഇത്തരമൊരു പാമ്പിന് ചികിത്സയുമായി വനം വകുപ്പ് വളണ്ടിയര്‍ എത്തുന്നത്. വനംവകുപ്പിന്റെ ഷെഡ്യൂള്‍ നാലില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഇരുതലമൂരി എന്നറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പ് പെര്‍ള ടൗണിനോടടുത്ത ഒരു കല്യാണമണ്ഡപത്തില്‍ നിന്നാണ് ലഭിച്ചത്.

ഇവിടെ കൂട്ടിയിട്ടിരുന്ന തേങ്ങയ്ക്കിടയില്‍ നിന്നാണ് തേങ്ങപൊതിക്കാനെത്തിയവര്‍ പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിലെ വളണ്ടിയറായ മുരളീ മാധവിന്റെ സഹായം തേടുകയായിരുന്നു. നല്ല ക്ഷീണവും ശരിരീത്തില്‍ ചെറിയ ചതവുകളും കണ്ട പാമ്പിനെ മുരളി തൊട്ടടുത്ത പെര്‍ള വെറ്റിനറി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏറെനേരമായി ഒന്നും കഴിക്കാത്തതുകൊണ്ട് നിര്‍ജലീകരണം സംഭവിച്ച നിലയിലാണ്. ഈ നിലയില്‍ അധികനേരം ജീവിക്കാന്‍ കഴിയില്ല. പാമ്പിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ പെട്ടെന്ന് ഒരു ഇന്‍ജക്ഷന്‍ നല്‍കുകയാകും നല്ലതെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. അതിനായി പാമ്പിനെ അനങ്ങാതെ പിടിച്ചുവയ്ക്കാന്‍ മുരളി തന്നെ സഹായിയായി. പശുവിനെയോ പട്ടിയേയോ പോലുള്ള ശരീരഘടനയല്ലാത്തതിനാല്‍ കൃത്യമായി സ്ഥാനം നിര്‍ണയിച്ചുമാത്രമേ പാമ്പുകള്‍ക്ക് കുത്തിവയ്‌പെടുക്കാന്‍ കഴിയൂ. ഇന്‍ജക്ഷന്‍ കഴിഞ്ഞപ്പോള്‍ പാമ്പിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി മനസ്സിലായി.

മുറിവിനും ചതവിനുമൊക്കെ ചെറിയ ഓയിന്‍മെന്റുകളും നല്‍കി. പാമ്പ് ആരോഗ്യം വീണ്ടെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷം മുരളി തന്നെ വനംവകുപ്പിന്റെ സഹായത്തോടെ കാട്ടില്‍ കൊണ്ടുവിടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ വെറും പാവത്താന്മാരാണെങ്കിലും അത്ഭുതസിദ്ധികളുണ്ടെന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ വെള്ളിമൂങ്ങയേയും മറ്റും പോലെ ഇവയെ വ്യാപകമായി പിടികൂടി കള്ളക്കടത്ത് നടത്താറുണ്ട് ഈ ഇരുതലമൂരി എന്ന പാമ്പിനെ. എന്തായാലും ഔദ്യോഗിക ജീവിതത്തിലാദ്യമായി ഒരു പാമ്പിനെ ചികിത്സിച്ച് രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ആലപ്പുഴ സ്വദേശിനിയായ ഡോ. ബ്രിജിറ്റ്. ഒരുപക്ഷേ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ലഭിക്കാത്ത അപൂര്‍വ അവസരം. തിരുവനന്തപുരത്ത് കൊടാക് മഹീന്ദ്ര ബാങ്കില്‍ ജോലിചെയ്യുന്ന ബെന്നി ബാബുവിന്റെ ഭാര്യയാണ് ഡോ. ബ്രിജിറ്റ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.