തെങ്ങുചെത്തു മുതല്‍ ഡ്രോണുകള്‍ വരെ: അത്ഭുതങ്ങളൊരുക്കി മേക്കര്‍ വില്ലേജ് പ്രദര്‍ശനം

Web Desk
Posted on April 05, 2019, 8:59 pm

കൊച്ചി: തെങ്ങുചെത്ത് യന്ത്രം വെറും യന്ത്രമല്ല, നിര്‍മ്മിതബുദ്ധിയും ഇന്റര്‍നെറ്റും സമന്വയിപ്പിച്ച റോബോട്ട്. ദ്വിദിന ഹാര്‍ഡ്‌ടെക് സമ്മേളനത്തോടനുബന്ധിച്ച് മേക്കര്‍ വില്ലേജ് ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തിലെ കാഴ്ചകളിലൊന്നാണിത്.

മേക്കര്‍ വില്ലേജില്‍ തന്നെ ആശയരൂപീകരണം നടന്ന് ഒടുവില്‍ ഉത്പന്നം പുറത്തിറക്കിയ കമ്പനിയാണ് നവ ഡിസൈന്‍സ് ആന്‍ഡ് ഇനോവേഷന്‍. സ്വകാര്യ ടെലികോം കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചാള്‍സ് വിജയ് വര്‍ഗീസ് മികച്ച ശമ്പളം ഉപേക്ഷിച്ചാണ് തന്റെ സ്വപ്നത്തിനു പിന്നാലെ പോയത്. മേക്കര്‍ വില്ലേജ് നല്‍കിയ മികച്ച പിന്തുണ കൂടിയായപ്പോള്‍ തെങ്ങ് ചെത്തുന്നതിനുള്ള യന്ത്രമാണ് നാടിനു ലഭിക്കുന്നത്.

കേന്ദ്ര ടെലികോം സെക്രട്ടറി ശ്രീമതി അരുണ സുന്ദരരാജന്‍ ഹാര്‍ഡ്‌ടെക് സമ്മേളനത്തില്‍ വച്ച് ഈ ഉത്പന്നം പുറത്തിറക്കി. ഉടന്‍ തന്നെ വിപണിയില്‍ ഇത് ലഭ്യമാകും. തെങ്ങ് ചെത്തുന്നതിനുള്ള സമയവും അധ്വാനവും ഗണ്യമായി കുറയ്ക്കുന്നതാണ് ഈ ഉപകരണം. ചെത്തു തൊഴിലാളികളുടെ ജോലി നഷ്ടപ്പെടില്ലെന്ന പ്രത്യേകത കൂടിയുണ്ട് ഈ കണ്ടുപിടുത്തത്തിന്.

സെന്‍സറുകളും നിര്‍മ്മിത ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള ഉല്പന്നങ്ങളുമായാണ് ഇഗ്‌നിറ്റേറിയം എന്ന കമ്പനി മേക്കര്‍ വില്ലേജിലെ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വലിയ പാര്‍ക്കിംഗ് മേഖലയിലും വലിയ കമ്പനികളിലും മറ്റും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണിത്. കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഇന്‍കുബേഷനും മേക്കര്‍വില്ലേജിലാണ്.

64 ഉത്പന്നങ്ങളാണ് ഹാര്‍ഡ്‌ടെക് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ വച്ചിട്ടുള്ളത്. ഇതില്‍ 40 എണ്ണം മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളതും ബാക്കി മറ്റ് സ്ഥലങ്ങളില്‍ നിന്നും എത്തിച്ചവയുമാണ്.

സന്ദര്‍ശകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഒന്നാണ് വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയ ക്രിക്കറ്റ് കളി. ഐബി ക്രിക്കറ്റ് എന്ന ഈ ഉത്പന്നം സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കുന്ന യാഥാര്‍ത്ഥ്യത്തിലൂന്നിയ അനുഭൂതി നല്‍കുന്നു. ഇന്‍ഡോര്‍ കളിയായി ഇടപ്പള്ളിയില്‍ ഇതിന്റെ ശാഖ ആരംഭിച്ചു കഴിഞ്ഞു. സാമ വസന്ത സായി, കെ ത്രിവിക്രമ റെഡ്ഡി എന്നീ ഐഐടി ബിരുദധാരികളാണ് ഈ ഗെയിം സൃഷ്ടിച്ചിരിക്കുന്നത്.

വികലാംഗര്‍ക്കുള്ള വീല്‍ചെയറാണ് ഡെസിന്‍ടോക്‌സ് ടെക്‌നോളജീസിന്റെ ഉത്പന്നം. എഴുന്നേറ്റ് നില്‍ക്കാന്‍ സഹായിക്കുന്ന സംവിധാനമാക്കി മാറ്റാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇതു കൂടാതെ ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിക്കുന്നതാണ് ഇവിടെ ഒരുക്കിയിരിക്കുന്ന ഉത്പന്നങ്ങള്‍. ആകാശത്തു പറക്കുന്നതും സമുദ്രത്തിനടിയില്‍ പോകുന്നതുമായ ഡ്രോണുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനത്തോടൊപ്പം ആഗോളദേശീയതലത്തിലുള്ള നിക്ഷേപകര്‍, വിദഗ്‌ധോപദേശകര്‍, എന്നിവരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും സമ്മേളനത്തില്‍ ഒരുക്കിയിട്ടുണ്ട്.