Tuesday
19 Mar 2019

അത്യാധുനിക സൗകര്യങ്ങളോടെ മേക്കര്‍ വില്ലേജ്  

By: Web Desk | Thursday 10 January 2019 12:28 PM IST


കൊച്ചി: സംസ്ഥാനത്തെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ രംഗത്ത് നാഴികക്കാല്ലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മേക്കര്‍ വില്ലേജ് ജനുവരി 13 ഞായറാഴ്ച നാടിനു സമര്‍പ്പിക്കും. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിന്‍റെ 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലോകനിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ നടക്കും.

കളമശ്ശേരിയില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ  ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് മേക്കര്‍ വില്ലേജിന്‍റെ പുതിയ സംവിധാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മന്‍റ് കേരള (ഐഐഐടിഎംകെ) എന്നിവയുടെ സംയുക്ത സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മേക്കര്‍ വില്ലേജ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ രൂപകല്പനയും ഉല്പാദനവും (ഇഎസ്ഡിഎം), നവീന ആശയങ്ങളുടെ വികസനവും അവയെ ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്റര്‍ എന്നീ സജ്ജീകരണങ്ങളാണ് മേക്കര്‍ വില്ലേജിലുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള 65 കമ്പനികളാണ്  മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്നത്.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ 25 പേറ്റന്‍റ് അപേക്ഷകളാണ് മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ എട്ട് കമ്പനികള്‍ കൂടി പേറ്റന്‍റുകള്‍ ഫയല്‍ ചെയ്യും. മേക്കര്‍ വില്ലേജിലെ 17 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇതിനകം തന്നെ ആദ്യ വില്‍പന ഓര്‍ഡറുകള്‍ നേടി ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷം വിവിധ കമ്പനികളിലായി 16 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചതെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. പുതിയ സംവിധാനത്തില്‍ ഇത്  പല മടങ്ങ് വര്‍ധിക്കും.

ഓട്ടോമേഷന്‍, റോബോട്ടിക്സ്, ഡ്രോണുകള്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓട്ടോണമസ് വാഹനങ്ങള്‍, ബയോ-മെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, ഊര്‍ജ്ജ നിയന്ത്രണം മുതലായവ എന്നീ മേഖലകളാണ് മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. മെഷീന്‍ ലേണിംഗ്, നിര്‍മ്മിത ബുദ്ധി, വെര്‍ച്വല്‍/ഓഗ്മെന്‍റഡ്  റിയാലിറ്റി എന്നി നവീന സാങ്കേതികവിദ്യകളാണ് ഇവിടുത്തെ ഉത്പന്ന നിര്‍മ്മാണത്തില്‍ ്അവലംബിച്ചിരിക്കുന്നത്.

ഹാര്‍ഡ് വെയര്‍ രംഗത്ത് മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്നതിനും, ഉത്പന്ന രൂപകല്പന, വികസനം എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് മേക്കര്‍ വില്ലേജ് ലക്ഷ്യമിടുന്നത്. ഇതിനായി കഴിവുകള്‍,  ആശയങ്ങള്‍,  സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍, സേവനങ്ങള്‍ എന്നിവ പങ്കുവയ്ക്കാനുമുള്ള പ്രധാനവേദിയും കൂടിയാണ് മേക്കര്‍ വില്ലേജെന്ന് പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു.

ആഗോള തലത്തിലെ മികച്ച സാങ്കേതിക ഉത്പാദകരുടെ സഹായത്തോടെ മികവിന്‍റെ കേന്ദ്രങ്ങള്‍   മേക്കര്‍ വില്ലേജില്‍ സൃഷ്ടിക്കുന്നു. എന്‍ജീനീയറിംഗ് രൂപകല്‍പ്പന മേഖലയിലെ ലോകോത്തര കമ്പനിയായ ആള്‍ട്ടെയറാണ് മേക്കര്‍ വില്ലേജില്‍ ആദ്യ മികവിന്‍റെ കേന്ദ്രം തുടങ്ങുന്നത്.ആഗോളതലത്തിലുള്ള ഇത്തരം സഹകരണ സംവിധാനങ്ങള്‍ വഴി കേരളത്തിലെ ഹാര്‍ഡ്വെയര്‍ അന്തരീക്ഷം ത്വരിതഗതിയില്‍ വളരുകയും ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ വലിയ അളവ് വരെ പരിഹരിക്കുകയും ചെയ്യും.

കേന്ദ്രസര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ‘നിധി പ്രയാസ’് കേന്ദ്രത്തിനുള്ള അനുമതി അടുത്തിടെ മേക്കര്‍ വില്ലേജിന് ലഭിച്ചു. നവീന ആശയങ്ങളുമായി എത്തുന്ന തുടക്കക്കാരായ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ലാബ്, ഉപകരണങ്ങള്‍, സാമ്പത്തിക സഹായം തുടങ്ങിയവ ലഭ്യമാക്കി അവരെ പരാജയഭീതിയില്ലാതെ മുന്നോട്ടു നയിക്കാനുള്ള സംവിധാനമാണിത്.

മേക്കര്‍ വില്ലേജിന്‍റെ പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനത്തോടൊപ്പം നിധി പ്രയാസ് കേന്ദ്രവും ആരംഭിക്കും.

നിധി പ്രയാസ് തുടക്കക്കാര്‍ക്ക് വേണ്ടിയുള്ളതാണങ്കില്‍ ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ്വെയര്‍ ആക്സിലറേറ്ററായ ബ്രിങ്കും മേക്കര്‍വില്ലേജില്‍ രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. വിപണി പ്രവേശനത്തിനനുയോജ്യമായി ഉത്പന്നങ്ങളുടെ വികസനം ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഹാര്‍ഡ് വെയര്‍ ആക്സിലറേറ്ററുകള്‍.

ഇതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സമഗ്രമായ സജ്ജീകരണങ്ങളാണ് മേക്കര്‍ വില്ലേജ് വഴി നല്‍കുകയെന്ന് പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു. ആശയാവതരണത്തില്‍ തുടങ്ങി ഇന്‍കുബേഷനിലൂടെ വിപണി പ്രവേശനം വരെ ഉത്പന്നങ്ങള്‍ക്ക് പൂര്‍ണമായ പിന്തുണയായിരിക്കും മേക്കര്‍ വില്ലേജ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.