Web Desk

കൊച്ചി:

May 28, 2020, 5:58 pm

പച്ചക്കറി മുതല്‍ മൊബൈല്‍ ഫോണ്‍ വരെ അണുവിമുക്തമാക്കാനുള്ള ഉപകരണവുമായി മേക്കര്‍വില്ലേജ്

Janayugom Online

പച്ചക്കറിയില്‍ തുടങ്ങി മാസ്ക്,മൊബൈല്‍ഫോണ്‍,ലാപ്ടോപ്പ് വരെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ മേക്കര്‍വില്ലേജ് വികസിപ്പിച്ചു.ഐക്യരാഷ്ട്രസഭയുടെ മാസ്റ്റര്‍ പ്ലാന്‍ ഇനിഷ്യേറ്റീവുമായി സഹകരിച്ച് മേക്കര്‍വില്ലേജിലെ ദേവാദിടെക് കമ്പനിയാണ് ലുമോസ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിലാണ് മേക്കര്‍വില്ലേജ് സംരംഭത്തിന്‍റെ പുതിയ ഉപകരണം. സാര്‍സ്, എച് വണ്‍ എന്‍ വണ്‍, ഫ്ളൂ തുടങ്ങിയ ബാക്ടീരിയ, വൈറസ് ബാധിതമായ എല്ലാ വസ്തുക്കളെയും ലുമോസ് അണുവിമുക്തമാക്കും. താരതമ്യേന കുറവ് ശക്തിയുള്ള രോഗഹേതുക്കളായ പൂപ്പല്‍, ബാക്ടീരിയ എന്നിവയെയും ഇത് നശിപ്പിക്കും.

കോവിഡ് രോഗം നിയന്ത്രണവിധേയമാക്കാന്‍ പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, കണ്ണട, സ്റ്റെതസ്ക്കോപ്പ്, എന്‍ 95 മാസ്ക് തുടങ്ങിയവ വളരെ പെട്ടന്ന് ലുമോസ് ഉപയോഗിച്ച് അണുവിമുക്തമാക്കാം.

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് നിലവില്‍ നിരവധി ലുമോസ് യൂണിറ്റുകള്‍ ദേവാദിടെക് ഇതിനകം നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മാസ്റ്റര്‍പ്ലാന്‍ ഇനിഷ്യേറ്റീവ് പ്രകാരം കോവിഡ് ഏറ്റവുമധികം ബാധിച്ച മാലി, ഇക്വഡോര്‍, സിംബാബ്വേ, ഘാന, ഹെയ്തി എന്നീ രാജ്യങ്ങളിലേക്കും ലുമോസ് കയറ്റി അയക്കും.

രാജ്യത്തിനകത്തും പുറത്തു നിന്നും ലുമോസിന് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദേവാദിടെകിന്‍റെ ഡയറക്ടര്‍ സുമിത് സി മോഹന്‍ പറഞ്ഞു. ആദ്യ ഓര്‍ഡറുകള്‍ക്കുള്ള ഉപകരണങ്ങള്‍ അയച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ കൊച്ചിയിലെ കേന്ദ്രത്തിലാണ് ലുമോസിന്‍റെ ടെസ്റ്റുകള്‍ നടത്തിയത്.

ഊര്‍ജ്ജഉപഭോഗം ഏറെ കുറയ്ക്കുന്ന ലളിതമായ ഘടനയാണ് ലുമോസിനെ വ്യത്യസ്തമാക്കുന്നതെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കോവിഡിനെതിരെ സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ ഇത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധരായ ഡോക്ടര്‍മാര്‍, ആരോഗ്യ സാങ്കേതികവിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രയത്നത്തിന്‍റെ ഫലമാണ് ഈ അള്‍ട്രാവയലറ്റ് അണുനശീകരണി. അള്‍ട്രാവയലറ്റ് ജെര്‍മ്മിസൈഡല്‍ ഇറേഡിയേഷന്‍ സാങ്കേതിക വിദ്യയാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഓവന് സമാനമായ രൂപകല്‍പ്പനയിലുള്ള ഈ ഉപകരണത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ 100 ശതമാനം രോഗാണുക്കളെയും നശിപ്പിക്കാം. ആശുപത്രികളില്‍ ഉപയോഗിക്കുന്ന സമാനമായ ഉപകരണങ്ങളില്‍ നിന്ന് വിഭിന്നമായി ലുമോസ് കൂടുതല്‍ സുസ്ഥിരവും ദോഷരഹിതവുമാണ്.

സജീവമല്ലാത്ത രോഗഹേതുക്കളെയും ഇതിന്‍റെ അള്‍ട്രാവയലറ്റ് രശ്മികള്‍ നശിപ്പിക്കുന്നു. വളരെ പെട്ടന്നും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഈ ഉപകരണത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതിനാല്‍ ദോഷരഹിതമാണ്.

വൈദ്യാവശ്യങ്ങള്‍ക്ക് മാത്രമായല്ല ലുമോസ് ഉപയോഗിക്കാവുന്നത്. ഓഫീസുകളിലും ഗാര്‍ഹികമായും ലുമോസ് ഉപയോഗിക്കാം. പലചരക്ക്, പച്ചക്കറി, നിത്യജീവിതത്തിലെ ഉപയോഗവസ്തുക്കള്‍ തുടങ്ങി ഇതിന് ഗാര്‍ഹിക ഉപയോഗവും ഏറെയാണ്. കൊണ്ടു നടക്കാവുന്നതും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ചെലവ് കുറഞ്ഞ മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്രസാങ്കേതിക വകുപ്പുകളുടെയും കേരള സര്‍ക്കാരിന്‍റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-കേരളയുടെയും സംയുക്ത സംരംഭമാണ് മേക്കര്‍ വില്ലേജ്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്റര്‍ കൂടിയാണ് മേക്കര്‍വില്ലേജ്.

ENGLISH SUMMARY: Mak­erVil­lage devel­oped tool to dis­in­fect from veg­etable to mobile phone

YOU MAY ALSO LIKE THIS VIDEO