Web Desk

കാസര്‍കോട്

January 30, 2020, 7:51 pm

ഓലപ്പീപ്പി മാറി : ഇനി ഓല സ്‌ട്രോ

Janayugom Online

കുട്ടിക്കാലങ്ങളില്‍ ഓലപ്പീപ്പി നിര്‍മ്മിച്ച് അധികം പേര്‍ക്കും പരിചയമുണ്ടാകും. എന്നാല്‍ ഓലയില്‍ നിന്ന് സ്‌ട്രോ ഉണ്ടാക്കുകയാണ് കാസര്‍കോട് നിന്നൊരു ഗ്രാമം.  കാസര്‍കോട് ജില്ലയിലെ പെരുമ്പള ഗ്രാമത്തില്‍ നിന്നാണ് ഇനി വിപണിയിലേക്ക് ഓല സ്‌ട്രോ ഇറങ്ങുന്നത്. പ്ലാസ്റ്റിക് നിരോധനം കൂടി നിലവില്‍ വന്നതോടെ ഓല സ്‌ട്രോ അന്വേഷിച്ചും ആളുകള്‍ എത്തിത്തുടങ്ങി. തെങ്ങില്‍ നിന്നും ലഭിക്കുന്ന ഓലകള്‍ കൊണ്ടെന്ത് ഉപയോഗം എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കുഴല്‍ രൂപത്തിലുള്ള ഉത്പന്നം. ബംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകന്‍ സജി വര്‍ഗീസിന്റെതാണ് ഓല സ്‌ട്രോ എന്ന ആശയം. കലാലയ വളപ്പില്‍ വീണു കിടന്ന ഓലയാണ് സ്‌ട്രോ നിര്‍മ്മാണമെന്ന സംരഭത്തിലേക്ക് എത്തിച്ചത്.

സജി വര്‍ഗീസിന്റെ ഓല സ്‌ട്രോക്ക് ഇതിനകം ഒമ്പത് പേറ്റന്റുകള്‍ ലഭിച്ചിട്ടുണ്ട്. സജി വര്‍ഗീസും കൂട്ടുകാരും ചേര്‍ന്നുള്ള ബ്ലെസിങ് പാം എന്ന കമ്പനിയാണ് ഓല സ്‌ട്രോ വിപണിയിലെത്തിക്കുന്നത്. ഓലകള്‍ കൃത്യമായ അളവില്‍ മുറിച്ചെടുത്ത് കഴുകി വൃത്തിയാക്കിയാണ് സ്‌ട്രോ നിര്‍മ്മാണം. യന്ത്രമുപയോഗിച്ച് പോളിഷ് ചെയ്‌തെടുക്കുന്ന ഓലകള്‍ കൃത്യമായ അളവില്‍ കുഴല്‍ രൂപത്തില്‍ ചുറ്റിയെടുക്കുന്നു. പ്രത്യേക തരം പശ ഉപയോഗിച്ച് ഒട്ടിച്ചെടുത്ത് ബലം വരുത്തിയ ശേഷം പ്രത്യേക ഊഷ്മാവില്‍ വേവിച്ചെടുക്കുന്നതോടെ സ്‌ട്രോ തയ്യാര്‍. പൂര്‍ണമായും ജൈവ ഉല്‍പ്പന്നമായ സ്‌ട്രോയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പശയും ജൈവ ഉല്‍പ്പന്നമാണ്. രണ്ട് ലെയറുകളിലായി നിര്‍മ്മിക്കുന്നതിനാല്‍ ഒരു വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാമെന്നതും ഓല സ്‌ട്രോയുടെ പ്രത്യേകതയാണ്.

കേരളത്തില്‍ പ്രതിദിനം 30 ലക്ഷം പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഉപയോഗിക്കുന്നുവെന്ന കണക്ക് മാത്രം മതി ഓല സ്‌ട്രോകളുടെ വിപണി സാധ്യത മനസിലാക്കാന്‍. ദക്ഷിണേന്ത്യയിലെ 22 കേന്ദ്രങ്ങളിലാണ് സ്‌ട്രോ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. നിലവില്‍ കാസര്‍കോട് പെരുമ്പളയിലെ യൂണിറ്റിലാണ് സ്‌ട്രോ നിര്‍മ്മാണം.
ഓല സ്‌ട്രോകള്‍ നിര്‍മ്മിക്കാന്‍ കമ്പനി മേല്‍നോട്ടത്തില്‍ തന്നെ യന്ത്രങ്ങളും വികസിപ്പിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഓല സ്‌ട്രോകള്‍ക്കായി ഓര്‍ഡറുകള്‍ വന്നു കഴിഞ്ഞു. ഇന്നലെ ജില്ലയിലെത്തിയ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് പെരുമ്പളയിലെ ഓല സ്‌ട്രോ യൂണിറ്റ് സന്ദര്‍ശിച്ചു.

Eng­lish Sum­ma­ry: Mak­ing straw with coconut leaf

You may also like this video