Saturday
23 Mar 2019

മക്കിമലയിലെ മുഴുവന്‍ കുടുംബങ്ങളെയും ഒഴിപ്പിച്ചു

By: Web Desk | Friday 10 August 2018 10:53 PM IST


wayanad heavy rain
ചുങ്കത്ത് തലശ്ശേരി റോഡിൽ മക്കിമലയിലെ ഇന്നത്തെ മണ്ണിടിച്ചിലിൽ വിണ്ടും വെള്ളം കയറിയപ്പോൾ
മാനന്തവാടി: ഉരുള്‍പൊട്ടലുണ്ടായി ദമ്പതികള്‍ മരിച്ച മക്കിമലയിലെ മുഴുവന്‍ കുടുംബങ്ങളെയും ഒഴിപ്പിച്ചു. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്. ഉരുള്‍പൊട്ടിയ സ്ഥലത്തുനിന്നും ഒന്നരകിലോമീറ്ററോളം ദൂരം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മക്കിമല വലിയകുന്നില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. ആറാം നമ്പറില്‍ ഭൂമി താഴ്ന്നു.
117 കുടുംബങ്ങളെയാണ് ഇവിടെനിന്നും ഒഴിപ്പിച്ചത്. പുതിയിടം കുസുമഗിരി എല്‍പി സ്‌കൂളിലേക്കാണ് മാറ്റിപാര്‍പ്പിച്ചത്. 304 പേരാണ് ക്യാമ്പിലുള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികളുടെ മൂന്ന് മക്കളും ക്യാമ്പിലുണ്ട്. മക്കിമല പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിഞ്ഞും മലവെള്ളപാച്ചിലും റോഡുകള്‍ തടസ്സപ്പെട്ടു. മക്കിമലയിലേക്കെത്താനുള്ള പ്രധാനപാതയായ തലപ്പുഴ നാല്‍പ്പത്തിനാല്‍-കൈതക്കൊല്ലി റോഡിലെ  വയനാംപാലത്തോട് ചേര്‍ന്ന് റോഡ് രണ്ടായി പിളര്‍ന്ന് പുഴ ഗതിമാറി ഒഴുകുയാണ്. പാലവും റോഡും തമ്മില്‍ ബന്ധമില്ലാതായി. ഇതിലുടെയായിരുന്നു ബസ് സര്‍വീസ്. റോഡും പാലവും തകര്‍ന്നതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. മക്കിമല-ആറാംനമ്പര്‍ റോഡും മണ്ണിടിഞ്ഞ് തടസ്സപ്പെട്ടു. കൈതക്കൊല്ലി-കമ്പമല റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. മക്കിമലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രദേശങ്ങള്‍ മണ്ണിടിച്ചല്‍ ഭീഷണിയിലാണ്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും പലയിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിഞ്ഞു. വലിയകുന്നിലെ മണ്ണിടിച്ചിലില്‍ മലവെള്ളം കുത്തിയൊഴുകി മാനന്തവാടി-തലശ്ശേരി പാതയിലെ ചുങ്കത്ത് വെള്ളം കയറി. വീടുകളിലേക്കും മറ്റും വെള്ളമെത്തിയത് ആശങ്ക ഉയര്‍ത്തി. മരംവീണും മണ്ണിടിഞ്ഞും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി പ്രദേശം ഇരുട്ടിലാണ്.
തവിഞ്ഞാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡുകളിലെ തടസ്സം നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജെസിബികൊണ്ട് കല്ലും മണ്ണും നീക്കുകയാണ്. പഞ്ചായത്ത്, റവന്യു അധികൃതര്‍ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണവും കമ്പിളിയും ഉള്‍പ്പെടെയുള്ളവ നല്‍കുന്നുണ്ട്. മെഡിക്കല്‍ സംഘം ക്യാമ്പില്‍ പരിശോധന നടത്തി.