രോഗപ്രതിരോധശേഷി പ്രകൃതിദത്തമായി വർധിപ്പിക്കാനുള്ള പാൽ ഉൽപ്പന്നങ്ങളുമായി മിൽമ മലബാർ മേഖലാ യൂണിയൻ

Web Desk

കോഴിക്കോട്

Posted on August 22, 2020, 9:21 pm

രോഗപ്രതിരോധശേഷി പ്രകൃതിദത്തമായി വർധിപ്പിക്കാനുള്ള പാൽ ഉൽപ്പന്നങ്ങളുമായി മിൽമ മലബാർ മേഖലാ യൂണിയൻ രംഗത്ത്. മിൽമ ഗോൾഡൻ മിൽക്ക്, മിൽമ ഗോൾഡൻ മിക്സ് എന്നീ പുതിയ ഉൽപ്പന്നങ്ങൾ ഓണത്തിനുമുമ്പ് വിപണിയിൽ ഇറക്കുമെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമൻ കെ. എസ് മണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മിൽമ മലബാർ മേഖലാ യുണിയൻ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് പുതിയ പാൽ ഉൽപ്പന്നങ്ങൾ തയാറാക്കിയിട്ടുള്ളത്. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലൂടെയാണ് രോഗ പ്രതിരോധ ശേഷിയുള്ള പാലിനും പാൽ ഉൽപ്പന്നങ്ങൾക്കുമുള്ള ചേരുവകൾ തയാറാക്കിയത്.മഞ്ഞൾ. ഇഞ്ചി, കറുവപ്പട്ട, തിപ്പലി എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകൾ അതിനൂതന പ്രക്രിയകളിലൂടെ ശാസ്ത്രീയമായി വേർതിരിച്ചെടുത്ത് ശുദ്ധമായ പാലും ചേർത്ത് തയാറാക്കിയാതാണ് മിൽമ ഗോൾഡൻ മിൽക്ക്. പോഷക സമൃദ്ധവും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് ഇത്. 200 മില്ലിയുടെ ടിന്നിന് 35 രൂപയാണ് വില.
ഈ പാനീയത്തിന്റെ ഇൻസ്റ്റന്റ് പൊടി രൂപത്തിലുള്ളതാണ് മിൽമ ഗോൾഡൻ മിക്സ്. ഒരു ഗ്ലാസ് മിൽമ പാലിലോ ജ്യുസിലോ ചുടുവെള്ളത്തിലോ മിക്സ് ചെയ്ത് കഴിക്കാവുന്നതാണിത്. എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ഉൽപ്പന്നങ്ങളാണിവ. ഗോൾഡൻ മിക്സ് മൂന്നുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാൻ കഴിയും. മിൽമയിൽ ദിനംപ്രതി ബാക്കി വരുന്ന പാൽ ഉപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് ഓണത്തിനു രണ്ട് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിൽമയുടെ സാമൂഹ്യ പ്രതിബദ്ധതയും ഇത്തരം ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിന്റെ പിന്നിലുണ്ട്. വേനൽകാലത്ത് ഇതിന്റെ സംഭാരം ഇറക്കാനും പദ്ധതിയുണ്ട്.
പുതിയ ഇൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിന്റ ധാരണാപത്രം ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ: സന്തോഷ് ജെ. ഈപ്പൻ മിൽമ മലബാർ മേഖലാ യുണിയൻ ചെയർമാൻ കെ. എസ് മണി, മാനേജിംഗ് ഡയറക്ടർ കെ. എം വിജയകുമാരൻ എന്നിവർക്ക് കാലിക്കറ്റ് പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കൈമാറി. സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ: രശ്മി, മിൽമ സീനിയർ മാർക്കറ്റിംഗ് മാനേജർ ഡി. എസ് കോണ്ട, സീനിയർ മാനേജർ (പി. ആൻഡ് ഐ) കെ. സി ജെയിംസ്, അസി. മാനേജർ (പ്രൊഡക്ഷൻ) ഐ. എസ് അനിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.