ആറു വര്‍ഷത്തിന് ശേഷം മലാല പാകിസ്താനില്‍

Web Desk
Posted on March 29, 2018, 9:11 am

ഇസ്ലാമാബാദ്: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറുവര്‍ഷത്തിന് ശേഷമാണ് വീണ്ടും പാക് മണ്ണിലെത്തിയത്. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ മലാലയെ 2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കും.

സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ മലാലയെ വധിക്കുമെന്ന് താലിബാന്‍ നേരത്തേ ഭീഷണിയുയര്‍ത്തിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ മലാല പിന്നീട് ലണ്ടനില്‍ ചികിത്സ തേടി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ലോകപ്രശംസ പിടിച്ചു പറ്റിയ മലാല ലണ്ടനിലായിരുന്നു കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ ചെലവഴിച്ചത്.