വിടരുമോ ഈ സൂര്യകാന്തി?

Web Desk
Posted on February 18, 2019, 11:53 am

ഡോ. ലൈലാവിക്രമരാജ്

ലോകത്തെ ഏറ്റവും ധീരയായ പെണ്‍കുട്ടി, പുരോഗമനവാദിയും പോരാളിയുമൊക്കെയായ മലാല യൂസഫ് സായ്‌യെ കൂട്ടുകാര്‍ മറന്നിട്ടുണ്ടാവില്ല. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിഷേധത്തിനും സ്ത്രീവിരുദ്ധതയ്ക്കുമെതിരെ പ്രതികരിച്ചതിന് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന താലിബാന്‍ ഭീകരതയുടെ ഇരയാകേണ്ടിവന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മലാലയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. നാവിനെക്കാള്‍ മൂര്‍ച്ചയുണ്ട് പേനയ്ക്കും പുസ്തകത്തിനും. അവയെ താലിബാന്‍ ഭയക്കുന്നു. സ്ത്രീകളെയും അവര്‍ ഭയക്കുന്നു. ഭീകരര്‍ ഭീരുക്കളാണ്. സ്വാര്‍ഥ ലാഭത്തിനുവേണ്ടി അവര്‍ ഇസ്‌ലാമിനെ ദുരുപയോഗപ്പെടുത്തുന്നു.… എന്നിങ്ങനെയായിരുന്നു ഈ സംഭവത്തെക്കുറിച്ച് മലാലയുടെ പ്രതികരണം.

തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാല ബ്രിട്ടനിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം ബര്‍മിംഗാമില്‍ താമസമാക്കുകയായിരുന്നു. അവിടെതന്നെ വിദ്യാഭ്യാസം തുടരാനും അധികൃതര്‍ തയ്യാറായി. ഇന്ത്യയിലെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കൈലാഷ് സത്യാര്‍ഥിയോടൊപ്പം 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാല പങ്കിട്ടിരുന്നു.

മലാലയെക്കുറിച്ച് സിനിമ

ഇപ്പോള്‍ ഇതൊക്കെ കൂട്ടുകാരെ ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു കാരണമുണ്ട്. മലാലയുടെ ജീവിത ഗന്ധിയായ ഒരു സിനിമ — ‘ഗുല്‍മക്കായ’് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 25 ന് യു എന്‍ ലണ്ടനില്‍ ഗുല്‍മക്കായ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. ക്ഷണിക്കപ്പെട്ട പ്രേക്ഷകര്‍ക്കിടയില്‍ പാകിസ്ഥാന്‍ പ്രതിനിധികളുമുണ്ടായിരുന്നു. സിനിമ കണ്ടശേഷം പുറത്തിറങ്ങിയ പാക് നയതന്ത്രജ്ഞര്‍ ചിത്രത്തിന്റെ സംവിധായകനായ അംജത്ഖാനെ കണ്ട് ഈ സിനിമ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലെന്നും പാകിസ്ഥാന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണീ സിനിമ എന്നും അറിയിക്കുകയായിരുന്നു. ഇത്തരം വാദഗതികള്‍ ഉന്നയിച്ച് ഈ സിനിമയുടെ പ്രദര്‍ശനം പാകിസ്ഥാനില്‍ നിരോധിക്കാനുള്ള ശ്രമം നടക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്.

ആ ചിത്രം കണ്ട മറ്റു പ്രേക്ഷകരാകട്ടെ സംവിധായിക നന്ദിതാ ദാസിന്റെ 2018‑ല്‍ പുറത്തുവന്ന ‘മാന്റോ’ എന്ന സിനിമ നേരിട്ട അതേ അവസ്ഥ ഗുല്‍മക്കായ്‌യും നേരിടേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടു. ഇതൊക്കെ സൂചിപ്പിക്കുന്നതെന്താണ് — സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസമോ സ്വാതന്ത്ര്യമോ നല്‍കുവാന്‍ ആ രാജ്യം ഇപ്പോഴും വിമുഖത കാട്ടുന്നു എന്നതാണ്.
ആഗോളതലത്തില്‍ പ്രസിദ്ധയായ മലാലയെക്കുറിച്ചുള്ള സിനിമ നിരോധിക്കാന്‍ ഔദ്യോഗികമായി പല ബുദ്ധിമുട്ടുകളുമുണ്ട്. എന്നാല്‍ ചിത്രത്തിന്റെ വിതരണക്കാരുമായി സഹകരിച്ച് പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ സാധ്യതയുമുണ്ട്.

സംവിധായകന്റെ നിലപാടിനെക്കുറിച്ചറിയേണ്ടേ? അംജത്ഖാന് ഇതിലൊന്നും യാതൊരത്ഭുതവുമില്ല. കാരണം അദ്ദേഹമിത് പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. താന്‍ വളരെ സത്യസന്ധമായാണ് ഈ സിനിമ എടുത്തിട്ടുള്ളത്. ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ശ്രീകൃഷ്ണനെ വാഴ്ത്തുവാനും അദ്ദേഹത്തിന് വീരപരിവേഷം ചാര്‍ത്തുവാനും വേണ്ടി കംസനെ നീച കഥാപാത്രമായി ചിത്രീകരിക്കേണ്ടിവന്നിട്ടുണ്ട്. അതുപോലെ മലാലയെ കുറിച്ച് സത്യസന്ധമായി സിനിമ ചെയ്തപ്പോള്‍ സ്വാഭാവികമായും ആ രാജ്യത്ത് നിലനില്‍ക്കുന്ന അനാചാരങ്ങളും സിനിമയില്‍ കടന്നുകൂടിയിട്ടുണ്ടാകാമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രേക്ഷകരുടെ പ്രതികരണം

സിനിമ കണ്ട പ്രേക്ഷകര്‍ക്കിടയില്‍ അപ്പോഴുണ്ടായ പ്രതികരണത്തെക്കുറിച്ചാരാഞ്ഞപ്പോള്‍ ഇതായിരുന്നു മറുപടി: ”സിനിമ കഴിഞ്ഞപ്പോള്‍ ആളുകള്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റ് നിന്ന് ആര്‍പ്പുവിളികളോടെ ആവേശഭരിതരായതായി കാണപ്പെട്ടു.” കൂട്ടത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധികളുമുണ്ടായിരുന്നു എന്നത് ശ്രദ്ധേയം. എതിര്‍ത്തവരെ സംബന്ധിച്ചിടത്തോളം ഈ സിനിമ ദഹിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നിര്‍മ്മിതമായ ‘ഗുല്‍മക്കായ്’ എന്ന സിനിമയില്‍ ബാലതാരമായ റീമ സമീര്‍ഷേഖാണ് മലാലയായി അഭിനയിച്ചിരിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണിയും ദിവ്യാദത്തയും മലാലയുടെ മാതാപിതാക്കളായും വേഷമിട്ടിരിക്കുന്നു. മുകേഷ് ഋഷിയും അന്തരിച്ച നടന്‍ ഓംപുരിയും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗുല്‍മക്കായ് എന്ന ഉറുദു വാക്കിന്റെയര്‍ത്ഥം സൂര്യകാന്തിപ്പൂവ് എന്നാണ്.