14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 21, 2024
March 8, 2024
February 4, 2024
August 21, 2023
December 7, 2022
November 23, 2022
November 16, 2022
November 10, 2022
November 2, 2022
February 2, 2022

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം: എങ്ങനെയെന്ന് പറയാന്‍ മലംഭൂതം എത്തുന്നു

Janayugom Webdesk
തിരുവനന്തപുരം
November 2, 2022 10:39 pm

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടി ‘മലംഭൂതം’ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ക്യാമ്പയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. യുനിസെഫ്-വാഷ് ഇൻസ്റ്റിറ്റ്യൂട്ട് സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിഷ്കൃതസമൂഹമായ കേരളത്തിൽ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നില്ല എന്നത് അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജലാശയങ്ങളിലെല്ലാം കോളിഫോം ബാക്ടീരിയ പടർന്നിരിക്കുകയാണ്. അടിയന്തരമായി ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ വിപത്തിലേക്ക് നാട് നീങ്ങും. ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്ലാന്റുകൾ സാധ്യമാണെങ്കിലും, സ്ഥാപിക്കാൻ പലപ്പോളും കടുത്ത എതിർപ്പാണ് നേരിടേണ്ടി വരുന്നത്. ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃപരമായി ഇടപെടണം. ഒരു തരത്തിലും പുറംലോകത്തെ ദോഷകരമായി ബാധിക്കാത്ത ഇത്തരം മാതൃകകൾ കേരളത്തിൽ തന്നെ പലയിടത്തും വിജയകരമായി നടക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് അവരെ വിശ്വാസത്തിലെടുത്ത് പദ്ധതി ഏറ്റെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. ഈ വെല്ലുവിളി ഏറ്റെടുത്ത് അതിജീവിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ നവകേരളം സാധ്യമാകൂ. മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റല്ല, മാലിന്യം സംസ്കരിക്കാതിരിക്കുന്നതാണ് അപകടകരമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ പ്രചാരണ പരിപാടിയെന്നും മന്ത്രി പറഞ്ഞു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ തുടർച്ചയാണ് ഈ പദ്ധതി. തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായുള്ള പരിശോധനയിൽ കേരളത്തിലെ പൊതു ജലാശയങ്ങളിൽ 80 ശതമാനത്തോളവും മനുഷ്യ വിസർജ്യത്താൽ മലിനപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. വീട്ടുകിണറുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ സാഹചര്യത്തിലാണ് കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കാനുള്ള സർക്കാർ ഇടപെടൽ.
കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജനങ്ങളെ ക്യാമ്പയിനിലൂടെ ബോധവല്‍ക്കരിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഓരോ ജില്ലയിലും രണ്ട് വീതം എന്ന നിലയിൽ 28 പ്ലാന്റുകൾ അടിയന്തരമായി പൂർത്തിയാക്കും. വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ നിന്ന് മൂന്ന് വർഷത്തിൽ ഒരിക്കലെങ്കിലും മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണം. ഓരോ ജില്ലയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഒരു ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാൻ ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്കരൻ, യുനിസെഫ് ചീഫ് ഓഫ് പോളിസി കെ എൽ റാവു, ന്യൂ ഡൽഹി വാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഇഡി അറുമുഖൻ കാളിമുത്തു, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമെൻസ് അധ്യക്ഷൻ എം കൃഷ്ണദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളെ ഒപ്പം ചേർത്ത് ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങുന്നതിലേക്ക് എങ്ങനെ എത്തിയെന്ന അനുഭവം കാസർകോട് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ പങ്കുവച്ചു. ശുചിത്വ മേഖലയിൽ മികവ് കാട്ടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജില്ലാ മിഷനുകളെയും യോഗത്തിൽ അനുമോദിച്ചു. 

Eng­lish Sum­ma­ry: malamb­hootham project by Ker­ala government

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.