മലപ്പുറത്ത് പ്രതിരോധകുത്തിവയ്പ് 90 ശതമാനം കടന്നു

Web Desk
Posted on October 15, 2018, 9:12 pm

രോഗപ്രതിരോധകുത്തിവെപ്പില്‍ കേരളത്തിന് ചരിത്രനേട്ടം:മിഷന്‍ ഇന്ദ്രധനുസ്സ് ലക്ഷ്യം പൂത്തിയാക്കി

സുരേഷ് എടപ്പാള്‍
മലപ്പുറം: രാജ്യത്തെ കുട്ടികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മിഷന്‍ ഇന്ദ്രധനുസ്സ്പദ്ധതി കേരളം ലക്ഷ്യം കൈവരിച്ചു. കുത്തിവെപ്പെടുക്കുന്നതില്‍ പിന്നിലായിരുന്ന മലപ്പുറംജില്ലയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറാനായതോടെയാണ് നാം ചരിത്രനേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്തെ 90 ശതമാനത്തിലധികം കുട്ടികളും പ്രതിരോധ കുത്തിവയ്പെടുത്തതായി കേന്ദ്ര‑ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്ഥിരീകരിച്ചു. യഥാസമയം രോഗ പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും നല്‍കാത്ത ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് 2014 മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതി ആരംഭിച്ചത്. പ്രതിരോധകുത്തിവയ്പെടുക്കാത്ത രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ ഗര്‍ഭിണികള്‍ എന്നിവരെലക്ഷ്യമാക്കിയായിരുന്നു പദ്ധതി. 2015–16 ല്‍ മലപ്പുറത്ത് 63 മാത്രമായിരുന്നു ശതമാനമായിരുന്നു കുത്തിവയ്പെടുത്തിരുന്നത്. വലിയ ജനസംഖ്യയും ഭൂവിസ്തൃതിയും ഉള്ള ജീല്ലയായതിനാല്‍ വളരെ പാടുപെട്ടാണ് മലപ്പുറത്ത് മിഷന്‍ ഇന്ദ്രധനുസ്സ് വിജയകരമാക്കിയത്. വാക്‌സിന്‍ വിരുദ്ധരുടെ വ്യാജ പ്രചരണങ്ങളെ അതിജീവിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരും സാമൂഹ്യപ്രവര്‍ത്തകരും കഠിനാധ്വാനം തന്നെ നടത്തേണ്ടി വന്നു. ജീവനക്കാരുടെ കുറവ്, വാക്‌സിന്‍ ക്ഷാമം എന്നിവയും വലിയ വെല്ലുവിളിയായിരുന്നു. ചുരുങ്ങിയത് മൊത്തം കുട്ടികളുടെ 90 ശതമാനത്തിനും വാക്സിനേഷന്‍ നല്‍കിയാലേ ഓരോ ജില്ലയേയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കൂ എന്നതായിരുന്നു കേന്ദ്രത്തിന്റെ മാനദണ്ഡം. കേരളത്തിലെ 13 ജില്ലകളും നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. അവസാനഘട്ട മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതിക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ല മലപ്പുറമായിരുന്നു. കുത്തിവെപ്പില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ 201 ജില്ലകളിലൊന്നായതോടെ മലപ്പുറത്തെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ മുന്നിലെത്തിക്കാന്‍ സംസ്ഥാനതലത്തില്‍ തന്നെ പ്രത്യേക ശ്രദ്ധ ലഭിച്ചു. ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, ആഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങളുടെ പ്രതിരോധമാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയിത്. കൂടാതെ ജപ്പാന്‍ എന്‍സഫലൈറ്റിസ്, ഹീമോഫീലിസ് ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് പ്പ് ബി എന്നിവയുടെ പ്രതിരോധ മരുന്നും ലഭ്യമാക്കിയിരുന്നു. 4 ‚5 ആഴ്ചയില്‍ കൂടാത്ത ഇടവേളകളില്‍, ഏഴു ദിവസത്തെ പ്രത്യേക പ്രതിരോധ മരുന്നു വിതരണം മാസം തോറും നടത്തുകയും ഉണ്ടായി..പ്രതിരോധ പരിപാടികള്‍ക്കായി കൃത്യമായ ആസൂത്രണം നടത്തുക, പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ട പരിശീലനം നടത്തുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ദേശീയ, സംസ്ഥാന, ജില്ലാ തല കര്‍മ്മസേന രൂപീകരിക്കുന്നതും പദ്ധതില്‍ ഉള്‍പ്പെടുന്നു.ആരോഗ്യ വകുപ്പുപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണു സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ചുമതലയായിരുന്നു. ആരോഗ്യ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയ ആരോഗ്യ പദ്ധതിയുടെ മിഷന്‍ ഡയറക്ടറും എല്ലാ ജില്ലകളിലെയും ജില്ലാ മജിസ്‌ട്രേട്ടിനെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായി വീഡിയോ കോണ്‍ഫറസുകളും പദ്ധതിയുടെ ഭാഗമായി നടത്തുകയുണ്ടായി. പദ്ധതിയുടെ പ്രചാരണത്തിനായുള്ള ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ അച്ചടിച്ചു വിതരണം ചെയ്യേണ്ടതതും സംസ്ഥാന സര്‍ക്കാരാണ്. ഫണ്ട് വിനിയോഗം, മരുന്ന് വിതരണം എന്നിവയും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പു പദ്ധതിക്കു വേണ്ടി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ വ്യാപക ബോധവല്‍ക്കരണ പരിപാടികളും ക്ലാസുകളും മിഷന്‍ ഇന്ദ്രധനുസിനെ വിജയത്തിലെത്തിക്കാന്‍ സഹായകമായിട്ടുണ്ട്’. മലപ്പുറം ജില്ലയിലൂടെ കേരളം വലിയ നേട്ടം സ്വന്തമാക്കിയതായും വലിയ കാമ്പയിന് നേതൃത്വം കൊടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നതായും ആരോഗ്യവകുപ്പ് പ്രസിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്‌സദാനന്ദന്‍ പറഞ്ഞു.മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ പദ്ധതിക്കു മലപ്പുറത്ത് ലഭിച്ച മികച്ച പ്രതികരണം മറ്റു രോഗപ്രതിരോധ കുത്തിവയ്പ്പുകളേയും സഹായിച്ചു എംആര്‍ ബോധവല്‍ക്കരണ പരിപാടികളില്‍ മറ്റു കുത്തിവയ്പ്പുകളുടെ പ്രാധാന്യവും പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ സധിച്ചു. മിഷന്‍ ഇന്ദ്രധനുസ്സ് ലക്ഷ്യം കണ്ടത് ജില്ലാ ഭരണകൂടത്തിന്റെയും പൊതുജനങ്ങളുടേയും പരിപൂര്‍ണ്ണമായ കൂട്ടായ്മയുടെ വിജയമാണ്- മലപ്പുറം ഡി എം ഒ ഡോ കെ സെക്കീന പറഞ്ഞു.
രാജ്യത്തെ 75 ജില്ലകളില്‍ ഇപ്പോഴും കുത്തിവയ്പെടുത്തവരുടെ എണ്ണം 50 % ശതമാനത്തില്‍ താഴെയാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നു. സെപ്തംബര്‍ 11ന് പ്രധാനമന്ത്രി പങ്കെടുത്ത അവലോകനയോഗം ഈ ഡിസംബറില്‍ രാജ്യത്തെ 90 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി സമ്പൂര്‍ണ്ണ കുത്തിവയ്പെന്ന ലക്ഷ്യത്തിലെത്താനാണ് ദേശീയ ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ മാസം 22, നവംമ്പര്‍ 22 ഡിസംബര്‍ 22 എന്നീ ദിനങ്ങളിലാംരംഭിക്കുന്ന മൂന്നു റൗണ്ടുകളാണ് മരുന്ന് നല്‍കുന്നതിന്നായി ആസുത്രണം ചെയ്തിരികരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ കത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സെക്രട്ടറി പ്രതീസുദന്‍ സംസ്ഥാന ചീഫ്‌സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ലക്ഷ്യം കൈവരിച്ചതിനാല്‍ ഈ കത്ത് കേരളത്തിന് ബാധകമല്ല.