മലപ്പുറം: മതത്തിനപ്പുറം

എ പി അഹമ്മദ്
Posted on June 14, 2020, 5:15 am

ന്ത്യൻ ഫാസിസ്റ്റുകൾക്ക് ‘മലപ്പുറം’ ഒരു ദേശീയ അജണ്ടയാണ്. എഴുപത് ശതമാനം മുസ്‌ലിങ്ങൾ വസിക്കുന്ന ഒരു ജില്ല, അപരിഷ്കൃതരും അക്രമികളും വാഴുന്ന ഒരു പ്രാകൃത ഭൂപ്രദേശമാണെന്ന് സ്ഥാപിക്കാൻ പഴുതുകൾ തേടുകയാണ് ഈ അജണ്ടയുടെ ഒന്നാംഭാഗം. ന്യൂനപക്ഷമായ ഹിന്ദുക്കൾ ഈ ജില്ലയിൽ അനുഭവിക്കുന്ന വിവേചനത്തിന്റെ ബഹുവർണ കഥകൾ മുളപ്പിച്ചും പെരുപ്പിച്ചുമെടുക്കാൻ കാത്തിരിക്കുന്ന കണ്ണുകളാണ് അതിന്റെ രണ്ടാംഭാഗം. ഹിന്ദുത്വ ശക്തികളുടെ ഒളിയജണ്ടയിൽ നിന്ന് പുറത്തിറക്കി, കേന്ദ്ര സർക്കാരിന്റെ തുറന്ന രാഷ്ട്രീയ അജണ്ടയാക്കി മലപ്പുറത്തെ ചൂണ്ടാൻ രാജ്യം ഭരിക്കുന്നവർക്ക് മറയും മടിയുമില്ലാത്ത ഒരു കാലം വന്നിരിക്കുന്നു. ജില്ലയുടെ 51-ാം ജന്മവാർഷികം സാംസ്ക്കാരിക പ്രതിരോധ ദിനമായി ആചരിക്കാൻ സിപിഐ മലപ്പുറം ജില്ലാ ഘടകം തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്.

1969 ജൂൺ 16നാണ് മലപ്പുറം ജില്ല നിലവിൽ വന്നത്. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയുടെ ഭരണകാലമായിരുന്നു അത്. ഭരണമുന്നണിയിൽ പങ്കാളിത്തമുണ്ടായിരുന്ന മുസ്‌ലിംലീഗിനെ ചൂണ്ടി, ജില്ലാ രൂപീകരണത്തെ വർഗീയ പ്രചാരണത്തിന് വിഷയമാക്കുകയാണ് അന്നത്തെ പ്രതിപക്ഷം ചെയ്തത്. പാകിസ്ഥാന്റെ സന്തതിയായ മാപ്പിളസ്ഥാനാണ് മലപ്പുറമെന്ന് കോൺഗ്രസ്സും ജനസംഘവും വാദിച്ചു. വിദ്വേഷകലുഷിതമായ പ്രക്ഷോഭങ്ങളെ പതറാതെ നേരിടാൻ എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ് തുടങ്ങിയ മന്ത്രിമാർ സർക്കാരിന്റെ കരുത്തായി നിലകൊണ്ടു. അന്നത്തെ പ്രതിപക്ഷത്തിന്റെ പിന്മുറക്കാർക്ക് ഇന്നും ജില്ലയോടുള്ള സമീപനത്തിൽ മൗലികമായ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

മലപ്പുറത്തെ കശ്മീരിനോട് സമീകരിച്ചുകൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി വർഷങ്ങൾക്കു മുമ്പ്തന്നെ രംഗത്തുവന്നത് ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും ആഗോളമുദ്ര ജില്ലയുടെ നെറ്റിയിൽ ചാർത്താനാണ്. മണ്ണാർക്കാട്ടെ ആനവേട്ടയുടെ പാപഭാരം മലപ്പുറത്തിനുമേൽ കെട്ടിവയ്ക്കാൻ വെമ്പൽക്കൊണ്ട മുൻ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയാവട്ടെ, പൈശാചികതയുടെ പര്യായമായി മുസ്‌ലിം സ്വത്വത്തെ ചിത്രീകരിക്കുന്ന ‘ഇസ്‌ലാമോഫോബിയ’ ആഞ്ഞു വീശുകയാണ്. മലപ്പുറം മണ്ണിന്റെ പോരാട്ട വീര്യവും ചരിത്രപാഠങ്ങളിൽ നിന്ന് ഇവിടുത്തെ മനുഷ്യൻ ആർജിച്ച മാനവികതയുടെ സംസ്കൃതിയുമൊന്നും അറിയാതെയല്ല ഈ ദുഷ്പ്രചരണങ്ങൾ. ഭൂതകാലത്തെ വളച്ചൊടിച്ചും വർത്തമാനത്തെ തമസ്ക്കരിച്ചുമാണ് രാജ്യദ്രോഹികൾ ഒരു പുതിയ മലപ്പുറത്തിന്റെ മണൽചിത്രങ്ങൾ നിർമ്മിക്കുന്നത്.

അനുഭവത്തിന്റെ ഇളംകാറ്റ് തട്ടിയാൽ പൊടിഞ്ഞുപോകുന്ന ദുർബല നിർമ്മിതികളാണ് ഈ നുണച്ചിത്രങ്ങൾ. പോർച്ചുഗീസുകാരുടെ ആഗമനം മുതൽ ബ്രിട്ടീഷുകാരുടെ നിർഗമനം വരെ, നാലര നൂറ്റാണ്ടുകാലം വൈദേശികശക്തികളോട് സന്ധിയില്ലാത്ത സമരം നയിച്ച ജനതയാണ് മലപ്പുറത്തിന്റെ മക്കൾ. 1921ലെ മലബാർ കലാപത്തിന്റെ കഥകൾ ഈ ജില്ലയുടെ ഓരോ മണൽത്തരിക്കും പറയാനുണ്ട്. ചരിത്രത്തിലെന്നും സാമ്രാജ്യത്വ പക്ഷത്ത് നിലകൊണ്ട ഹിന്ദു മുസ്‌ലിം വർഗീയശക്തികളെ ഈ ജില്ലയുടെ ഇന്നലെകൾ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഓരോ മാമാങ്കത്തിനും വള്ളുവനാടിനു വേണ്ടി സാമൂതിരിയോടേറ്റുമുട്ടി ജീവത്യാഗം ചെയ്യാൻ ഹിന്ദുവും മുസൽമാനും ഒരുമിച്ച് തിരുനാവായ്ക്കു പോയിരുന്ന ചാവേർപ്പടയുടെ വീര്യം വൈദേശിക ശക്തികളോടും വിട്ടുവീഴ്ച ചെയ്തില്ല.

ശൈഖ് സൈനുദ്ദീൻ മഖ്ദൂം, മമ്പുറം തങ്ങൾ, വെളിയങ്കോട് ഉമർഖാസി, ആലി മുസ്‌ലിയാർ, വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ മൊയ്തു മൗലവി തുടങ്ങിയ പോരാളികളുടെ പട്ടികയിൽ കെ മാധവൻ നായർ, മൂഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം പി നാരായണ മേനോൻ തുടങ്ങിയ ധീരാത്മാക്കളും വെട്ടിത്തിളങ്ങുന്നുണ്ട്. ദേശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഈ മണ്ണിൽ മതമുണ്ടായിരുന്നില്ല എന്ന വസ്തുതയുടെ സാക്ഷ്യപത്രമാണ് അപൂർണമായ ഈ പട്ടിക. മലബാർ കലാപം ലക്ഷ്യത്തിൽ നിന്ന് വഴിമാറിപ്പോയ കറുത്ത കാലത്ത് വർഗീയതയുടെ ഭീകരരൂപം ആടിത്തിമർത്ത മണ്ണുമാണ് മലപ്പുറം. പാകിസ്ഥാൻ, മാപ്പിളസ്ഥാൻ വാദത്തിന്റെയും രാമസിംഹൻ കൊലക്കേസിന്റെയുമൊക്കെ വൈറസുകൾക്ക് ജില്ലയുടെ മണ്ണിൽ വംശനാശം വന്നു എന്ന് പറയാനാവില്ല.

പക്ഷേ സംഭവിച്ചുപോയ അരുതായ്മകളൊന്നും ആവർത്തിക്കാതിരിക്കാനുള്ള പ്രാർഥനയും ജാഗ്രതയും ഓരോ ശ്വാസത്തിലും സൂക്ഷിക്കുന്നവരാണ് മലപ്പുറത്തുകാർ. അതുകൊണ്ടാണ് വർഗീയകലാപങ്ങളോ രാഷ്ട്രീയ അക്രമങ്ങളോ ഈ ജില്ലയുടെ മുഖഭാവമായി മാറാത്തത്. എവിടെയെങ്കിലും ആളിപ്പടരാവുന്ന തീപ്പൊരി വീണാൽ ഉറവിടത്തിൽ ഓടിയെത്തി ഊതിക്കെടുത്താൻ ജില്ലയിലെ രാഷ്ട്രീയസാമൂഹിക നേതൃത്വം കാണിക്കുന്ന സന്നദ്ധത ഏത് ദേശത്തിനും മാതൃകയാണ്. ജില്ലയുടെ ആത്മീയ പാരമ്പര്യത്തിൽ മത സാഹോദര്യത്തിന്റെ മധുരകഥകൾ അനവധിയുണ്ട്. തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു ദളിത് സ്ത്രീക്ക് മമ്പുറം തങ്ങൾ ക്ഷേത്രം നിർമ്മിച്ചുകൊടുത്ത കഥയാണ് മൂന്നിയൂരിലെ കളിയാട്ടക്കാവിന് പറയാനുള്ളത്. കൊടിഞ്ഞിയിൽ പള്ളി നിർമ്മിച്ച മമ്പുറം തങ്ങൾ തന്നെയാണ് അവിടത്തെ കുറുമ്പ ഭഗവതിക്ഷേത്രം നിർമ്മിക്കാൻ ഭൂമി കൊടുത്തതും.

സമീപകാലത്ത് ഇസ്‌ലാമിലേക്ക് മതംമാറിയ ഒരു ഹിന്ദു യുവാവിന്റെ കൊലപാതകം കലാപമാക്കി മാറ്റാൻ മുസ്‌ലിം തീവ്രവാദികൾ കിണഞ്ഞു ശ്രമിച്ചിട്ടും കൊടിഞ്ഞിയിൽ അത് നടക്കാതെ പോയത് ജനമനസ്സുകൾ തമ്മിലുള്ള ഈ ഇഴയടുപ്പം കൊണ്ടാണ്. പതിനെട്ടാം നൂറ്റാണ്ടിൽ മലപ്പുറം പള്ളി സ്ഥാപിക്കുന്നത് ശങ്കരനമ്പി എന്ന ഹിന്ദു നാടുവാഴിയുടെ ചെലവിലാണ്. വർഷങ്ങൾക്കു ശേഷം പാട്ടപ്പിരിവിനെച്ചൊല്ലി മുസ്‌ലിങ്ങളുമായുണ്ടായ വഴക്കിനെതുടർന്ന് നമ്പിയുടെ അനന്തരവൻ ആ പള്ളി തകർക്കാൻ ചെന്നപ്പോൾ ചെറുത്തു നിന്ന് രക്തസാക്ഷികളായ 44 പേരിൽ നാല് പേർ ഹിന്ദുക്കളായിരുന്നു. മങ്കടയിലെ കർക്കിടം ബിലാൽ മസ്ജിദ് നിലകൊള്ളുന്നത് മൂത്തേടത്ത് വാസുദേവൻ നമ്പൂതിരിയുടെ കുടുംബം ദാനം നൽകിയ ഭൂമിയിലാണ്. മങ്കടയിലെ മാണിക്കിയേടത്ത് ശിവക്ഷേത്രമാകട്ടെ, തയ്യിൽ അബ്ദുറഹ്‌മാൻ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ സംഭാവനചെയ്ത ഭൂമിയിലാണുള്ളത്.

കത്തിയാളുമായിരുന്ന എത്രയോ തീനാളങ്ങളെ മലപ്പുറം മനസ്സ് ഊതിക്കെടുത്തിയത് സ്നേഹം കൊണ്ടാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് അങ്ങാടിപ്പുറം തളിക്ഷേത്ര മുറ്റത്ത് സമുദായങ്ങൾ തമ്മിൽ പുകഞ്ഞ തർക്കം തീർത്തത് ബാഫഖി തങ്ങളാണ്. ബാബരീ മസ്ജിദ് തകർക്കപ്പെട്ട നാളുകളിൽ പാണക്കാട് ശിഹാബ് തങ്ങൾ ഉയർത്തിപ്പിടിച്ച സമാധാന സന്ദേശവും ശ്രദ്ധേയമായി. അന്ന് താനൂരിൽ മുസ്‌ലിം സംഘടനകൾ നടത്തിയ പ്രകടനത്തിൽ നിന്ന് ശോഭാപറമ്പ് ക്ഷേത്രത്തിനു നേരെ കല്ലേറുണ്ടായി. എന്നാൽ സംഭവത്തിൽ മാപ്പുപറഞ്ഞ് ക്ഷേത്രത്തിന്റെ കേടുപാടുകൾ തീർക്കാൻ മുസ്‌ലിം നേതാക്കൾ മുന്നോട്ടുവന്നതോടെ, ഹൈന്ദവ സഹോദരങ്ങൾ ആ വാഗ്ദാനം സ്നേഹപൂർവം നിരസിക്കുകയും സംഘർഷം അവസാനിക്കുകയും ചെയ്തു. മലയാള ഭാഷയുടെയും സംസ്ക്കാരത്തിന്റെയും മാർഗദീപങ്ങൾ ജ്വലിച്ചു നിൽക്കുന്ന മണ്ണാണ് മലപ്പുറത്തിന്റേത്.

എഴുത്തച്ഛൻ, പൂന്താനം, മേൽപത്തൂർ, മോയിൻകുട്ടി വൈദ്യർ, വള്ളത്തോൾ, ഇടശ്ശേരി, ഉറൂബ്, എം ഗോവിന്ദൻ, ടി കെ പത്മിനി, കെ ദാമോദരൻ, നന്തനാർ, ചെറുകാട്, ഇഎംഎസ്, നിലമ്പൂർ ബാലൻ, കെ ടി മുഹമ്മദ്, ഇ കെ അയമു, പുലിക്കോട്ടിൽ, മുണ്ടമ്പ്ര, ചിക്കീരി തുടങ്ങിയ പ്രമുഖരായ പ്രതിഭകളുടെ ജന്മഭൂമിയാണ് മലപ്പുറം. ആ ദീപങ്ങളിൽ നിന്ന് കൊളുത്തിയെടുത്ത പന്തവുമായി മുന്നേറുന്ന സി രാധാകൃഷ്ണൻ അക്ഷരകേരളത്തിൽ മലപ്പുറത്തിന്റെ വെളിച്ചം തൂവുന്ന എഴുത്തുകാരെ നയിക്കുന്നു. ഇവരൊക്കെ പണിതുവച്ച മൈത്രിയുടെ ശിൽപങ്ങളാണ് ജില്ലയുടെ സർഗസൗന്ദര്യം. ഭാഷാപിതാവിന് തഞ്ചാവൂരിൽ വിദ്യാഭ്യാസം സാധ്യമാക്കിയ രക്ഷകർത്താവായി വർത്തിച്ച ജലാലുദ്ദീൻ മൂപ്പൻ സാംസ്ക്കാരിക ചരിത്രത്തിൽ തലയുയർത്തി നിൽക്കുന്നു. അറിയപ്പെടാത്ത എത്രയോ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിലും ഇത്തരം കാരുണ്യത്തിന്റെ കിരണങ്ങൾ ദൃശ്യമാണ്.

കാളികാവ് അടയ്ക്കാകുണ്ടിൽ അടുത്തകാലത്ത് മരണപ്പെട്ട തെന്നാടംവീട്ടിൽ സുബൈദ, ചക്കി എന്ന ദളിത് സ്ത്രീയുടെ മൂന്ന് മക്കളെ സ്വന്തം വീട്ടിൽ ഹൈന്ദവ ജീവിതക്രമത്തിൽ വളർത്തിയെടുത്ത വാർത്ത, ആ ഉമ്മയുടെ മൂത്ത പുത്രൻ ശ്രീധരനാണ് ലോകത്തെ അറിയിച്ചത്. സഹജീവിസ്നേഹത്തിന്റെ ഈ മലപ്പുറം മനസ്സ് എന്നും മതത്തിനപ്പുറം മത്സരിച്ച് മുന്നേറി. ഇപ്പോൾ പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്ന പി വിഷ്ണു ഉരുകിയൊലിക്കുന്ന വേദനയെ കാരുണ്യം കൊണ്ട് കഴുകിക്കളഞ്ഞ യുവാവാണ്. അദ്ദേഹത്തിന്റെ അച്ഛൻ വിജയകൃഷ്ണൻ കാളികാവിൽ സബ് ഇൻസ്പെക്ടറായിരിക്കുമ്പോൾ 2010 സെപ്തംബർ 12ന് പിടികിട്ടാപുള്ളിയായിരുന്ന മുജീബ് റഹ്മാന്റെ വെടിയേറ്റു മരിച്ചു. മുജീബും ഭാര്യയും പിടികൊടുക്കാതെ പിറ്റേ ദിവസം സ്വയം വെടിവച്ചും മരിച്ചു.

അവരുടെ മക്കളായ ദിൽഷാദും മുഹ്സിനയും കരുവാരക്കുണ്ട് ദാറുന്നജാത്തിന്റെ സംരക്ഷണയിലായി. ആ കുട്ടികൾക്കുവേണ്ടി നജാത്ത് നിർമ്മിച്ചു കൊടുത്ത വീടിന്റ പാലുകാച്ചൽ ചടങ്ങിലേക്ക് വിഷ്ണു അതിഥിയായി ചെന്നു. തന്റെ അച്ഛനെ കൊന്ന മനുഷ്യന്റെ മക്കളെ ചേർത്തുപിടിച്ച് ആ പുത്രൻ കാണിച്ച മാതൃക ജില്ലയുടെ മായാത്ത ചരിത്രമായി. ദേവാലയങ്ങളിലും മതാനുഷ്ഠാനങ്ങളിലുമൊക്കെ സഹോദര സമുദായങ്ങൾ അതിഥികളായി പങ്കെടുക്കുന്നത് മലപ്പുറത്തെ പതിവു കാഴ്ചകളാണ്. പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ എല്ലാ റംസാനിലും ജനകീയ ഇഫ്താർ നടക്കുന്നു. മമ്പുറം, വെളിയങ്കോട്, പുത്തൻപള്ളി, പുതിയങ്ങാടി, കൂട്ടായി, കൊണ്ടോട്ടി തുടങ്ങിയ നേർച്ചകളിൽ ജാതിമതഭേദമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്നു. നേർച്ചകളിലെ മിക്ക ചടങ്ങുകളും സാമുദായികമായ ബഹുസ്വരത നിലനിർത്തുന്നുണ്ട്. നിലമ്പൂർ കളംപാട്ടിനും കളിയാട്ടക്കാവിലെ ഉത്സവത്തിനും മനുഷ്യത്വം മാത്രമാണ് മതം.

ഈ മണ്ണിലെ മനുഷ്യർക്ക് പരമ്പരാഗത വിശ്വാസങ്ങളുണ്ടാവാം. സാമുദായികവും രാഷ്ട്രീയവുമായ കക്ഷിഭേദങ്ങളുണ്ടാവാം. പക്ഷേ സഹജീവികൾക്ക് സകലതും പങ്കിടാൻ ഒരു കാലത്തും അവർക്ക് മതം തടസ്സമായിട്ടില്ല. വെറുതെയല്ലല്ലോ, ഭൂരിപക്ഷ, ന്യൂനപക്ഷ ഭീകരവാദികൾ അരനൂറ്റാണ്ടുകാലം ശ്രമം നടത്തിയിട്ടും അവർക്ക് ജില്ലയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിയാതെ പോയത്. അതേസമയം ഉജ്വലമായ തൊഴിലാളി സമരങ്ങളുടെ ചരിത്രമുള്ള ജില്ല, ഇടതുപക്ഷ പുരോഗമന ശക്തികളെ കലവറയില്ലാതെ പിന്തുണച്ചിട്ടുമുണ്ട്. മലപ്പുറം ലോക്‌സഭാ മണ്ഡലവും പകുതിയിലേറെ നിയമസഭാ മണ്ഡലങ്ങളും മുഴുവൻ നഗരസഭകളും ഭൂരിപക്ഷം പഞ്ചായത്തുകളും ഇടതുപക്ഷം പിടിച്ചെടുത്ത ചരിത്രമുണ്ട്.

ജോലിക്കാരായും കുടിയേറ്റക്കാരായും മലപ്പുറത്ത് എത്തിപ്പെട്ട പല കൂട്ടുകാരും വേരുറച്ചു കഴിഞ്ഞാൽ തെല്ല് ജാള്യതയോടെ വെളിപ്പെടുത്തും: ”വരാൻ പേടിയായിരുന്നു; ഇപ്പോൾ പോകാൻ മടിയായി..” സ്വന്തം ജില്ലയായതിന്റെ വൈകാരികത ഒട്ടും തീണ്ടാതെ പറയട്ടെ: തെക്കും വടക്കും അറിഞ്ഞു കഴിയുമ്പോൾ ആർക്കും സമ്മതിക്കേണ്ടിവരും: മലപ്പുറത്തിന്റെ ആകാശത്തിന് ഇത്തിരി വിസ്താരം കൂടുതലാണ്. ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മലപ്പുറത്തിന്റെ മഹിതസംസ്ക്കാരത്തെ തലകീഴാക്കി നിർത്തുന്ന ഫാസിസ്റ്റ് സൂത്രങ്ങൾക്കെതിരെ ജനമനസ്സുണർത്താനാണ് ജൂൺ 16ന് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്ന ജാഗ്രതാസമരം.