‘പ്രയാണം’ (1975) മലയാളത്തിലെ ജപ്രിയ കലാ മൂല്യ സിനിമകൾക്ക് തുടക്കം കുറിച്ച ചിത്രമാണ്. അതുവരെ കലാമൂല്യമുള്ള ചിത്രങ്ങൾ ഉച്ചപ്പടങ്ങളായിരുന്നു. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇത്തരം കലാമൂല്യമുള്ള സിനിമകളുമായി
താദാത്മ്യം പ്രാപിക്കാൻ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും അത് ദുർഗ്രാഹ്യവുമായിരുന്നു. അതുകൊണ്ട് ഇത്തരം സിനിമകൾ കാണാൻ ആളില്ലായിരുന്നു. കേരളത്തിലെ തിയേറ്ററുകളിൽ നൂൺഷോയായി അന്ന് ഒരാഴ്ച ഓടിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. കലാമുല്യമുള്ള സിനിമകളിൽ നിന്നും പൊതുജനം പുറം തിരിഞ്ഞ് നിന്ന കാലഘട്ടത്തിലാണ് ജനങ്ങളിലേക്കെത്തുന്ന ജനപ്രിയ കലാമൂല്യമുള്ള സിനിമകളുടെ വരവ്. അതുവരെയുള്ള വാർപ്പ്, വാണിജ്യ സിനിമകളിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടും ചലച്ചിത്ര കലയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടും വൻ സാമ്പത്തിക നേട്ടം നേടിക്കൊണ്ടുമുള്ള ചിത്രങ്ങൾ രംഗ പ്രവേശനം ചെയ്യപ്പെട്ടു. മലയാള സിനിമയിൽ ഒരു നവതരംഗമായിരുന്നു അത് സൃഷ്ടിച്ചത്. അതുവരെ അവാർഡ് സിനിമ എന്ന് പറഞ്ഞു ജനങ്ങൾ അകറ്റി നിർത്തിയിരുന്ന അവസ്ഥയിൽ നിന്നും ജനപ്രിയ കലാമൂല്യ ചിത്രങ്ങൾ എന്ന യാഥാത്ഥ്യത്തിലേക്ക് മലയാള സിനിമ എത്തി. അര നൂറ്റാണ്ട് മുമ്പ് ഇതിന് തുടക്കം കുറിച്ച സിനിമയാണ് ‘പ്രയാണം.’
ഭരതൻ എന്ന അതുല്യ പ്രതിഭയുടെ ആദ്യ സിനിമയായിരുന്നു പ്രയാണം. അദ്ദേഹത്തിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയും കഥപറച്ചിൽ രീതിയും അന്നത്തെ മുഖ്യധാരാ സിനിമകളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഇത് പുതിയ തലമുറയിലെ സിനിമാ പ്രവർത്തകർക്ക് ഒരു പ്രചോദനമായി. അതുപോലെ പത്മരാജന്റെ കന്നി തിരക്കഥയായിരുന്നു പ്രയാണം. ഭരതനെപോലെ പത്മരാജനും തുടക്കക്കാരായിരുന്നു. ലളിതമായ സംഭാഷണങ്ങളിലൂടെ ശക്തമായ വികാരങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ സിനിമയിൽ തെളിഞ്ഞു. ഇത് പിന്നീട് വന്ന ന്യൂവേവ് സിനിമകളിൽ തിരക്കഥയുടെ പ്രാധാന്യം വർധിപ്പിച്ചു. സിനിമയുടെ കഥയും തിരക്കഥയും നോക്കി തിയേറ്ററുകളിൽ പ്രേക്ഷകർ കയറുന്ന അവസ്ഥയുണ്ടായി. പ്രയാണം നാടകീയത കുറഞ്ഞ, വളരെ റിയലിസ്റ്റിക്കായ ഒരു അവതരണ ശൈലിയാണ് പിന്തുടർന്നത്. അന്നത്തെ വാണിജ്യ സിനിമകളുടെ അതിഭാവുകത്വത്തിൽ നിന്ന് ഇത് വളരെ വ്യത്യസ്തമായിരുന്നു. ഈ റിയലിസ്റ്റിക് സമീപനം പിന്നീട് വന്ന ജനപ്രിയ കലമൂല്യ സിനിമകൾക്ക് ഒരു മാതൃകയായി.
ലക്ഷ്മി അവതരിപ്പിച്ച സാവിത്രി എന്ന കഥാപാത്രം അന്നത്തെ സിനിമകളിൽ അധികം കാണാത്ത തരത്തിലുള്ള ശക്തമായ ഒരു സ്ത്രീയുടെ പ്രതിനിധാനമായിരുന്നു. സ്വന്തം ഇഷ്ടങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇത്തരം കഥാപാത്രങ്ങൾ പിന്നീട് സിനിമകളിൽ ധാരാളമായി വന്നു.
ഈ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിൽ ബാലു മഹേന്ദ്രയുടെ ഛായാഗ്രഹണം സിനിമയുടെ ദൃശ്യപരമായ ഭംഗിക്ക് ഒരുപാട് സഹായിച്ചു. ലൊക്കേഷൻ ഷൂട്ടിങ്ങും സ്വാഭാവിക വെളിച്ച വിന്യാസവും സിനിമകളുടെ പ്രധാന ഘടകങ്ങളായിരുന്നു. നല്ല ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡും ബാലുമഹേന്ദ്രക്ക് കിട്ടി. പ്രായംചെന്ന ഒരാളെ വിവാഹം കഴിക്കേണ്ടിവരുന്ന ഒരു യുവതിയുടെ മാനസിക സംഘർഷങ്ങളും അവളുടെ പ്രണയവും അന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഒരു ധീരമായ വിഷയമായിരുന്നു. ഇത്തരം ഗൗരവമുള്ള വിഷയങ്ങൾ ലളിതവും എന്നാൽ ശക്തവുമായ രീതിയിൽ അവതരിപ്പിക്കുന്നത് പുതുതലമുറ സിനിമകളുടെ രീതിയായിരുന്നു. അന്നത്തെ കേരളിയ നമ്പൂതിരിമാർക്കിടയിൽ നിലനിന്ന ദുഷിച്ച അനാചാരങ്ങൾക്കെതിരെയുള്ള പടവാളായിരുന്നു ഈ ചിത്രം.
‘പ്രയാണം’ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ നേടുകയും സിനിമാ പ്രവർത്തകർക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഭരതൻ-പത്മരാജൻ കൂട്ടുകെട്ട് പിന്നീട് മലയാള സിനിമക്ക് നിരവധി മികച്ച കലാമൂല്യമുള്ള സിനിമകൾ സമ്മാനിച്ചു. ‘രതിനിർവ്വേദം’, ‘തകര’, ‘ലോറി’ തുടങ്ങിയ സിനിമകൾ ഈ കൂട്ടുകെട്ടിന്റെ മികച്ച ഉദാഹരണങ്ങളാണ്.
അതുകൊണ്ട് ‘പ്രയാണം’ മലയാളത്തിലെ ന്യൂവേവ് സിനിമകൾക്ക് ഒരു ശക്തമായ അടിത്തറ നൽകുകയും, പുതിയ ചിന്താഗതികളും അവതരണ രീതികളും പരീക്ഷിക്കാൻ സിനിമാ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് വന്ന മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിന് ഒരു പ്രധാന കാരണമായി.
ഭരതനും, പിന്നീട് സംവിധാനത്തിലേക്ക് കടന്ന പത്മരാജനും പിൽക്കാലത്തു മലയാളികൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളാണ് സംഭാവന ചെയ്തത്. അകാലത്തിലാണ് രണ്ട് പേരെയും മലയാള സിനിമക്ക് നഷ്ടപ്പെട്ടത്. അപ്പോഴേക്കും അവർ തങ്ങളുടേതായ ഒരിടം മലയാള ചലച്ചിത്ര വേദിയിൽ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. അക്കാലത്ത് അവാർഡ് ചിത്രങ്ങൾക്ക് പണം മുടക്കി നിർമ്മിക്കാൻ സ്ഥിരം കുറച്ച് നിർമ്മാതാക്കൾ ഉണ്ടായിരുന്നു. തിയേറ്ററിൽ പരാജയപ്പെട്ടാലും അന്താരാഷ്ട്ര അവാർഡുകളും അതിന്റെ സാമ്പത്തികവും പിന്നെ വ്യക്തിപരവുമായ പ്രശസ്തിയുമൊക്കെയായിരുന്നു അവർ കണക്കാക്കിയിരുന്നുത്. പുതിയ ജനകീയ കലാമൂല്യമെന്ന പുതിയ പരീക്ഷണത്തിന് പണം മുടക്കാൻ അത്തരം നിർമ്മാതാക്കൾ ആരും തയ്യാറായിരുന്നില്ല. അതുകൊണ്ട് പ്രയാണം നിർമ്മിച്ചതും ഭരതനായിരുന്നു. അതിന്റെ കഥയും ഭരതനായിരുന്നു. കലാ സംവിധാനവും ഭരതൻ തന്നെ നിർവ്വഹിച്ചു. കലാസംവിധനത്തിന് ഭരതന് സംസ്ഥാന സർക്കാർ അവാർഡും കിട്ടി. പത്മരാജൻ തിരക്കഥയും സംഭാഷണവും എഴുതി. ലക്ഷ്മിയെ കൂടാതെ കൊട്ടാരക്കര ശ്രീധരൻ നായർ, മോഹൻ, കവിയൂർ പൊന്നമ്മ, മാസ്റ്റർ രഘ, നന്ദിതബോസ് തുടങ്ങിയ താരനിരയുമുണ്ടായിരുന്നു. വയലാർ, ബിച്ചു തിരുമല എന്നിവരാണ് ഗാനങ്ങൾ എഴുതിയത്. എം ബി ശ്രീനിവാസൻ സംഗീതം നൽകി. മികച്ച ടീമായിരുന്നു ഇവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.