മലയാള സിനിമയിൽ ലഹരി പുകയുന്നു; ഈ പ്രമുഖ നടിയും ലഹരിയ്ക്കടിമയെന്ന് പൊലീസ്

Web Desk
Posted on November 30, 2019, 12:09 pm

തിരുവനന്തപുരം: ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പിന്നാലെയാണ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്ത് വരുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട നിരവധി പേരുടെ വിവരങ്ങൾ പലരിൽ നിന്നായി സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഒക്കെ അറിഞ്ഞു കഴിഞ്ഞു. എന്നാൽ പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ലഹരിയ്ക്കടിമളെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാർത്തകൾ.

ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികകൾ അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ ഡിസംബറില്‍ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എംഡിഎംഎയുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തു. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതായി അവര്‍ സമ്മതിക്കുകയും ചെയ്തു. സിനിമ‑സീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്പറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.

മാത്രമല്ല, നിരവധി കേസുകളാണ് സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് എതിരെ വന്നിട്ടുള്ളത്. 2014 ഫെബ്രുവരി 28‑ന് മരടിലെ ഫ്‌ലാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികൂടുകയും ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്.

11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ എറണാകുളം സ്വദേശികൾ നൽകിയ വിവരം അനുസരിച്ച് മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ട്. ദിവസവും ഹാഷിഷ് ആവശ്യമായതിനാല്‍ വിമാനത്തിലാണ് ആന്ധ്രയില്‍ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും റിപ്പോർട്ടുകൾ ഉണ്ട്.

ലഹരി സംഘങ്ങൾക്ക് വളംവച്ചു കൊടുക്കുന്നത് സിനിമാ പാരമ്പര്യം ഇല്ലാത്ത പുതിയ നിർമാതാക്കളെന്നും ന്യൂജനറേഷന്‍ താരങ്ങളാണ് ലഹരിക്ക് അടിമപ്പെടുന്നത്. പഴയ തലമുറയിലുള്ള നിര്‍മ്മാതാക്കള്‍ക്ക് സിനിമ ലഭിക്കണമെങ്കില്‍ നമ്മള്‍ കഞ്ചാവിന്റെയോ മയക്കുമരുന്നിന്‍റെയോ ഏജന്‍റാകണം. അല്ലേങ്കില്‍ ഇവരൊടൊപ്പം ഇതൊക്കെ ഉപയോഗിക്കണം. പഴയ തലമുറയിലെ നിർമാതാക്കൾക്കോ ബാനറിനോ പുതിയ തലമുറയിലെ നടന്മാർ ഡേറ്റ് തരുന്നില്ലെന്ന ആരോപണവുമായി സജി നന്ത്യാട്ടും രംഗത്തെത്തിയിരുന്നു.

എന്തായാലും സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്ന എകെ ബാലന്റെ അഭിപ്രായം തന്നെയാണ് തങ്ങൾക്കും ഉള്ളതെന്ന് എക്സൈസ് കമ്മീഷണർ എസ് അനന്ദകൃഷ്ണൻ പറഞ്ഞു.