26 March 2024, Tuesday

Related news

December 21, 2023
October 26, 2023
February 5, 2023
January 20, 2023
January 1, 2023
December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022

ആവാസവ്യൂഹം — പ്രകൃതി മനുഷ്യനായി മാറുമ്പോള്‍…

രാജഗോപാല്‍ രാമചന്ദ്രന്‍
March 19, 2022 7:43 pm

ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചലച്ചിത്രം ആവാസവ്യൂഹം, നശിപ്പിക്കപ്പെടുന്ന പ്രകൃതിയെ എങ്ങനെ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ സന്നിവേശിപ്പിക്കാം എന്നത് കൃത്യമായി വരച്ചുകാട്ടുന്നു. അനാഥനായ ജോയി എന്ന യുവാവ് പുതുവൈപ്പിനിലെത്തുകയും നിരവധി പേരുടെ ജീവിതങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു. പലരുടെയും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സഹായിയായും തൊഴിലാളിയായും സഹപ്രവര്‍ത്തകനായുമൊക്കെ ഉപയോഗിക്കപ്പെടുന്ന ജോയിയെ ആവശ്യങ്ങള്‍ നിറവേറ്റിക്കഴി‍ഞ്ഞതിനു ശേഷം സംരക്ഷിക്കാന്‍ മറക്കുകയാണ് ജീവിതത്തില്‍ അയാളെ കൂടെക്കൂട്ടിയവര്‍ പലരും.

ഭാവിയിലെ സാമ്പത്തിക ലാഭത്തിനു വേണ്ടി കരുതലെന്ന രീതിയില്‍ ജോയിയുടെ സംരക്ഷണം ഏറ്റെടുക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുമുണ്ടെങ്കിലും അതെല്ലാം സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയുള്ള കരുതലുകള്‍ മാത്രമാണെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ജോയിയെന്ന കഥാപാത്രം തികച്ചും നമ്മുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നാം നശിപ്പിക്കുകയും സംരക്ഷിക്കുമെന്ന് കപടവാഗ്ദാനം നടത്തുകയും ചെയ്യുന്ന പ്രകൃതി തന്നെയാണ്. പ്രകൃതിയായും ജീവജാലങ്ങളായും കൃത്യമായി അടയാളപ്പെടുത്തുന്ന ജോയിയെ സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നവരാണ് ചുറ്റുമുള്ളവര്‍. പ്രണയിതാവായ ലിസിയും സുഹൃത്തുായ ചെമ്മീന്‍കെട്ട് മുതലാളിയുമൊക്കെ ജോയിയെ സ്നേഹിക്കുന്നുണ്ടെങ്കിലും അവരുടെ ഭാവിയുടെ സുരക്ഷിതത്വം കൂടി ലക്ഷ്യമിട്ടുള്ള സ്നേഹം മാത്രമാണത്.

വികസന ടൂറിസത്തിന്റെ പേരില്‍ നമ്മള്‍ നശിപ്പിക്കുന്ന കണ്ടല്‍കാടും കായല്‍തീരങ്ങളും നഷ്ടപ്പെടുത്തുന്ന ജീവനുകള്‍ ധാരാളമാണ്. അത്തരത്തിലൊരു ജീവന്‍ തന്നെയാണ് ജോയിയുടെയും. തവളയായും തുമ്പിയായും ചിത്രശലഭമായും മണ്ണിരയായുമൊക്കെ പ്രകൃതിയോടൊത്ത് ജീവിക്കുന്ന നിരവധി ജീവികളുടെ ആവാസവ്യവസ്ഥയെ തുരങ്കം വയ്ക്കുന്നുണ്ട് മനുഷ്യന്റെ സമ്പത്തിനോടുള്ള ത്വര. വികസന ടൂറിസമെന്ന പേരില്‍ നടത്തപ്പെടുന്ന പല പ്രവര്‍ത്തനങ്ങളും തുരങ്കം വയ്ക്കുന്നത് ഭൂമിയിലെ അവകാശികളായ ഈ ജീവികളുടെ ആവാസവ്യവസ്ഥയെയാണെന്ന് സിനിമ അടിവരയിട്ടുറപ്പിക്കുന്നു. രാഹുൽ രാജഗോപാലാണ് നായകനായ ജോയിയെ അവതരിപ്പിക്കുന്നത്.  ആകാരവടിവുകൊണ്ട് തന്നെ തലയൊടുപ്പുള്ള രാഹുലിന്റെ കൈയില്‍ മനുഷ്യന്‍ നശിപ്പിക്കുന്ന കുന്നായും മലയായും തവളമനുഷ്യനായുമൊക്കെ പരിണമിക്കുന്ന ജോയിയുടെ കഥാപാത്രം ഭദ്രമായിരുന്നു.

നിലീന്‍ സാന്ദ്രയാണ് ലിസിയെന്ന മുഖ്യസ് ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചെമ്മീന്‍കെട്ട് മുതലാളിയായെത്തിയ ഷിന്‍സ് ഷാനും നല്ല അഭിനയം കാഴ്ചവച്ചു. ശ്രീനാഥ് ബാബു,  സനൂപ് പടവീടൻ, ഗീതി സംഗീത, നിഖിൽ പ്രഭാകർ, മനു ഭദ്രന്‍, പ്രഭാകരൻ എം ജി എന്നിവരുള്‍പ്പടെ 42 താരങ്ങളാണ് ചിത്രത്തിലുള്ളത്. വിഷ്ണു പ്രഭാകറാണ് ഛായാഗ്രാഹകന്‍. പ്രകൃതിയും മാധ്യമങ്ങളും, മതവും, രാഷ്ട്രീയവും, ശാസ്ത്രവും എല്ലാം ചേര്‍ന്ന ആവാസ വ്യവസ്ഥയുടെ ഭാഗം മാത്രമാണ് മനുഷ്യനെന്ന് ‘ആവാസ വ്യൂഹ’മെന്ന് ഉറപ്പിച്ചു തന്നെ പറയാം.

eng­lish sum­ma­ry; Malay­alam Film Habi­tat Screen­ing in IFFK Com­pe­ti­tion Category

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.