പാട്ടിലെ ദേശക്കാഴ്ചകള്‍

Web Desk
Posted on June 09, 2019, 7:06 am

ഡോ. എം ഡി മനോജ്

നമ്മുടെ കാഴ്ചാനുഭവങ്ങളില്‍ ഏറ്റവും ജനകീയമായ സിനിമയിലെ ചിത്രങ്ങള്‍ ജീവിതഗന്ധിയായ കഥയോടും സാഹിത്യത്തോടും സംസ്‌കാരത്തോടുമെല്ലാം ചേര്‍ന്നു നില്‍ക്കുന്നിടത്താണ് അതിന് ആഴമേറുന്നത്. സംഗീതമാണ് സിനിമാസന്ദര്‍ഭങ്ങളിലെ കാല്‍പനികധാരയെ സ്ഥായിയായി നിലനിര്‍ത്തുന്നത്. ഗാനരചന, സംഗീതസംവിധാനം, പശ്ചാത്തലസംഗീതം, ആലാപനം എന്നീ ഘടകങ്ങളിലെല്ലാം ചലച്ചിത്രഗാനങ്ങള്‍ എക്കാലത്തും വൈവിധ്യം പുലര്‍ത്തുകയുണ്ടായി. പാട്ടിനെ ജനകീയമാക്കുന്നത് പലപ്പോഴും അതിലന്തര്‍ഭവിച്ചിട്ടുള്ള പ്രാദേശിക ബോധത്തിന്റെ ആവിഷ്‌കാരത്തിലൂടെയാണ്. പാട്ടിന്റെ സംസ്‌കാരമെന്നത് ഇത്തരം ദേശബോധത്തിന്റെ സാഫല്യമായിമാറുന്നു. പ്രാദേശിക ചരിത്രങ്ങള്‍, മിത്തുകള്‍, ഉത്സവങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെല്ലാം സിനിമാഗാനങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത് ദേശബോധത്തിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും വിധമായിരുന്നു. നാടിന്റെ അകങ്ങളെ പ്രത്യക്ഷമാക്കുന്ന രീതിയില്‍ ഗൃഹാതുരമായിക്കൊണ്ടാണ് ആദ്യകാലചലച്ചിത്ര ഗാനങ്ങള്‍ മിക്കതുമുണ്ടായത്. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ (തുറക്കാത്തവാതില്‍-പി-ഭാസ്‌കരന്‍-കെ-രാഘവന്‍)എന്ന ഗാനത്തില്‍ ഇത് ഏറെ പ്രകടമായിരുന്നു.

ജനിച്ചുവളര്‍ന്ന ദേശത്തിന്റെ അനുഭവങ്ങളും അനുഭൂതികളും അന്യദേശത്തിരിക്കുന്ന ഒരാളുടെ ആശ്വാസമായി പടരുകയാണ് ഈ പാട്ടില്‍. കാര്‍ഷിക സമൃദ്ധിയുമായി മലയാളിയ്ക്കുള്ള ബന്ധവും ഈ പാട്ടിലുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും അവയുടെ സംസ്‌കാരവുമെല്ലാം കാട്ടിത്തരുന്ന എത്രയോ പാട്ടുകളുണ്ട് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുലോകത്തില്‍. 1976‑ല്‍ പുറത്തിറങ്ങിയ ‘മോഹിനിയാട്ട’ ത്തിലെ ‘ആറന്മുളഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളം’ എന്ന പാട്ടില്‍ ആറന്മുളയുടെ സാംസ്‌കാരിക പൈതൃകം മുഴുവനുമുണ്ട്. വള്ളംകളിയും ഓണപ്പാട്ടും പാര്‍ഥസാരഥി ക്ഷേത്രവും വള്ളസദ്യയും എല്ലാമുണ്ട് ഈ പാട്ടില്‍. മനസിന്റെ ഇടനാഴിയില്‍ പ്രകാശിച്ചു നില്‍ക്കുന്ന ഉത്സവനിറദീപങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളില്‍ ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’, ‘ചേര്‍ത്തലയില്‍ പണ്ടൊരിക്കില്‍ പൂരം കാണാന്‍,’ ‘മാര്‍കഴിയില്‍ മല്ലികപൂത്താല്‍ മണ്ണാര്‍ക്കാട് പൂരം’, ‘മനസില്‍ പടനിലത്തു ഓച്ചിറക്കളി തുടങ്ങി, ‘അമ്പലപ്പുഴയിലെ ഒമ്പതാമുത്സവം, ‘ഹരിപ്പാറാട്ടിന് ആനക്കൊട്ടിലില്‍ നീയും വന്നു’ എന്നിങ്ങനെ പല പാട്ടുകളായി പ്രണയത്തിന്റെ ഉത്സവാന്തരീക്ഷമൊരുക്കുകയായിരുന്നു കവി. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ വിളക്ക് തോല്‍ക്കും നിന്‍മെയ് (ആനന്ദം പരമാനന്ദം), കോഴിക്കോടന്‍ കൈലി മുണ്ടുമടക്കിക്കുത്തി (ചട്ടമ്പിക്കല്ലാണി), തലശ്ശേരിയിലിറങ്ങിയപ്പോള്‍ തരിവള വാങ്ങി (കാത്തിരുന്ന നിമിഷം)… ഇങ്ങനെ എത്രയോ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പിയുടേതായുണ്ട്.


കാല്‍പനികഭാവം തുളുമ്പുന്ന മറ്റൊരു ഗാനത്തില്‍ പി ഭാസ്‌കരന്‍ ഏറ്റുമാനൂരിന്റെ സംസ്‌കാരം കൊണ്ടുവരുന്നുണ്ട്. ‘ഓപ്പോള്‍’ എന്ന ചിത്രത്തില്‍ ‘ഏറ്റുമാനൂരമ്പലത്തില്‍’ (എംബിഎസ്). അവിടുത്തെ ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും’ എന്ന പാട്ടില്‍ വയലാര്‍ ആ ദേശസങ്കല്‍പത്തിന്റെ സംസ്‌കാരത്തെ പറഞ്ഞുവയ്ക്കുന്നു. ക്ഷേത്ര സങ്കല്‍പവുമായി ചേരുന്ന ദേശബോധം നന്നായി ഇണങ്ങുന്ന ഒരു പാട്ടായിരുന്നു. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ (അദ്വൈതം). ചരിത്രവും ഐതിഹ്യവും ലയിച്ചു ചേര്‍ന്ന ക്ഷേത്ര സങ്കല്‍പം ഈ പാട്ടില്‍ പ്രണയംകൊണ്ടു വരുന്നുണ്ട്. അതേസമയം പ്രതിഷ്ഠയില്ലാത്ത ഓച്ചിറ ക്ഷേത്രത്തെക്കുറിച്ചുള്ള പാദമുദ്രയിലെ ‘അമ്പലമില്ലാതെ’ ദേശബോധത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യത്തെയും മിത്തിനെയും അനശ്വരമാക്കുന്ന പാട്ടാണ്.

KAITHAPRAM
ആലപ്പുഴയിലെ കുട്ടനാടിനെ കേന്ദ്രീകരിച്ചു പിറവിപൂണ്ട പാട്ടുകളില്‍ ഏറ്റവും ജനകീയമായതു ‘കാഴ്ചയിലെ കുട്ടനാടന്‍ കായലിലെ’ (കൈതപ്രം- മോഹന്‍സിതാര) എന്ന പാട്ടാണ്. പാട്ടിന്റെ ചിത്രീകരണത്തില്‍ കുട്ടനാടന്‍ ദേശത്തിന്റെ സകലരമണീയതകളെയും ബ്ലെസ്സി ഗംഭീരമായി വെള്ളിത്തിരയിലാക്കി. ആലപ്പുഴ പട്ടണത്തിലെ പാലങ്ങളുടെ വിവരണം തന്നെയുണ്ട് ‘തീരം’ എന്ന സിനിമയിലെ ‘കടപ്പുറത്തെ ചൊരിമണലില്‍’ എന്ന പാട്ടില്‍. മുപ്പാലം, കടപ്പാലം, തുണിപ്പൊക്കിപ്പാലം, ചങ്ങലപ്പാലം, കൊമ്മാടിപ്പാലം, ശവക്കോട്ടപ്പാലം ഇങ്ങനെ ആലപ്പുഴയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച എത്രയോ പാലങ്ങള്‍ ‘ചിങ്ങവനപ്പാടത്തെ കുളിരും കൊണ്ടേ’ എന്ന പാട്ടില്‍ ചിങ്ങവനത്തെ മുഴുവന്‍ പ്രകൃതിയും വരച്ചുകാട്ടുന്നുണ്ട് ബിച്ചു തിരുമല. ‘കൊല്ലങ്കോട്ട് തൂക്കം നേര്‍ന്ന കുഞ്ഞാറ്റം കിളി’ എന്ന പാട്ടില്‍ പാലക്കാട് ജില്ലയുടെ ആചാര പ്രകൃതിയെ കൊണ്ടുവരുന്നുണ്ട്, ബിച്ചുതിരുമല. ‘ഇടവാക്കായലിന്നയല്‍ക്കാരി’ എന്ന പാട്ടില്‍ കായലിന്റെ അഭിരാമമായ പരിസരഭംഗികള്‍ മുഴുവനും ചേര്‍ത്തുവച്ചിരിക്കുന്നു പൂവച്ചല്‍ ഖാദര്‍.
കൊച്ചിയെ ചുറ്റിവരുന്ന പാട്ടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ‘തുറമുഖം‘എന്ന സിനിമയിലെ ‘കൊച്ചുകൊച്ചൊരു കൊച്ചി‘യാണ്. ‘അന്നയും റസൂലും‘എന്ന ചിത്രത്തിലെ ‘കായലിനരികെ കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി കുതിച്ചുപൊങ്ങിയ കമ്പനികള്‍ ‘എന്ന ഗാനം വലിയൊരു പ്രതിരോധത്തിന്റെ കഥകൂടി പറയുന്നുണ്ട്. കൊച്ചിയുടെ അധിനിവേശ ചരിത്രമുദ്രകള്‍ അവശേഷപ്പിക്കുന്നുണ്ട് ഈ ഗാനം. തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ധന്യതകള്‍ മുഴുവന്‍ പാട്ടിലാക്കിയിട്ടുണ്ട് മലയാളത്തിലെ സംവിധായകര്‍. ‘സൂചി’ എന്ന സിനിമയില്‍ അരിസ്റ്റോ സുരേഷ് പാടിയ ‘തെക്കുതെക്കൊരുദേശമുണ്ടേ എന്ന പാട്ടില്‍ കോവളം, ആറ്റുകാല്‍ പൊങ്കാല, ചന്ദനക്കുട്ടം എന്നിങ്ങനെ എത്രയോ ഘടകങ്ങളുണ്ട്. കോഴിക്കോടിന്റെ സംസ്‌കാരത്തെ ശ്രദ്ധേയമാക്കുന്ന ഒരു പാട്ട് ‘ഗൂഢാലോചന’ എന്ന സിനിമയിലാണുള്ളത്. അവിടുത്തെ ഭാഷാപരമായ സവിശേഷതകളും സാംസ്‌കാരികസ്ഥലങ്ങളും ജനതയുടെ ഭക്ഷണശീലങ്ങളുമെല്ലം’ ‘ഖല്‍ബില് തേനൊഴുകും കോയിക്കോട്’ എന്ന പാട്ടിലുണ്ട്. മാപ്പിളപ്പാട്ടിന്റെ വായമൊഴിവഴക്കങ്ങളെ ഓര്‍മ്മിപ്പിക്കുന്ന താളത്തിലും ഈണത്തിലുമാണ് ഈ പാട്ടിന്റെ സ്വരൂപം. കോഴിക്കോടന്‍ ജനതയുടെ പദാവലികള്‍ മാത്രമാണ് ഈ പാട്ടില്‍. മിഠായിത്തെരുവിനെ ഒരു ബീവിയായി സങ്കല്‍പിച്ചിരിക്കുന്നു (ബി കെ ഹരിനാരായണന്‍-ഗോപീസുന്ദര്‍). പൂരങ്ങളുടെ നാടും നമ്മുടെ സാംസ്‌കാരിക തലസ്ഥാനവുമായ തൃശൂരിന്റെ മഹിമകള്‍ ‘പുണ്യാളന്‍ അഗര്‍ബത്തിസിലെ ’ ‘കാന്താ ഞാനും വരാം’ എന്ന പാട്ടിലാണ് നാമറിഞ്ഞത്. പുലികളി, തേക്കിന്‍കാട്, പുത്തന്‍പള്ളി, ഗജവീരന്‍മാര്‍, മൃഗശാല, ചെണ്ടമേളം എന്നിങ്ങനെ തൃശൂര്‍ സംസ്‌കൃതികള്‍ പാട്ടില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് സന്തോഷ് വര്‍മ്മ- ബി ജിപാല്‍ ടീം. ‘തൃശ്ശിവപേരൂര്‍ ക്ലിപ്തം’ എന്ന സിനിമയിലെ ‘തൃശൂര്‍ മുഴുവന്‍ റൗണ്ടാണ്’ പാട്ടില്‍ (പി എസ് റഫീഖ്, ബിജിപാല്‍) തൃശൂരിന്റെ ജീവിതഗന്ധിയായ കാഴ്ചകള്‍ വീണുകിടപ്പുണ്ട്. ചിത്രീകരണം തൃശൂര്‍ പട്ടണം മുഴുവനുമുണ്ട് ഈ പാട്ടുകളില്‍. തൃശൂരിനെ ധൈര്യശാലിയും സുന്ദരിയുമായി ഉപമിക്കുന്ന പാട്ടായിരുന്നു ‘ദിവാന്‍ജി മൂല’ യില്‍ സന്നിധാനന്ദന്‍ ആലപിച്ചത്.
മലയോരപ്രദേശമായ ഇടുക്കിയുടെ പ്രകൃതിഭംഗിയെ പാട്ടിലാക്കുകയായിരുന്നു ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമ. ഇടുക്കിയെ മിടുമിടുക്കിയായ പെണ്ണായിട്ടാണ് റഫീഖ് അഹമ്മദ് പാട്ടില്‍ വരച്ചിടുന്നത്. കാര്‍ഷിക സംസ്‌കൃതിയുടെ കലവറയായി ഇടുക്കിയെയും മൂന്നാറിനെയുമൊക്കെ ചിത്രപ്പെടുത്തിക്കൊണ്ടായിരുന്നു ഈ പാട്ടിന്റെ പുരോയാനം.
മലമേലേ തിരിവെച്ച് പെരിയാറിന്‍ തളയിട്ട്
ചിരിതൂകും പെണ്ണല്ലെ ഇടുക്കി
മലയാളക്കരയുടെ മടിശീല നിറയ്ക്കുന്ന
നലമേറും നാടല്ലേ ഇടുക്കി (ബിജിപാല്‍)

rafeeq ahammed
എന്നിങ്ങനെ തുടരുന്ന വരികളില്‍ വിദേശികളെപ്പോലും ആകര്‍ഷിക്കുന്ന ഒരു കാല്‍പനികതയാര്‍ന്ന ഭൂമിശാസ്ത്രം (ഞീാമിശേര ഠീുീഴൃമുവ്യ) ഇടുക്കിയ്ക്കുണ്ടെന്ന് പാട്ട് സാക്ഷ്യപ്പെടുത്തുന്നു. ബിജിപാലിന്റെ ആലാപനം പാട്ടിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നു. ചിത്രീകരണത്തില്‍ ഇടുക്കിയുടെ കുളിരുകോരിച്ചൊരിയുന്നുണ്ട്. ഇത്തരം കാഴ്ചാസന്ദര്‍ഭങ്ങള്‍ സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ സര്‍ഗാത്മകത കൂടിയാണെന്ന് ചലച്ചിത്രദൃശ്യങ്ങള്‍ അനുഭവിച്ചാല്‍ കൂടുതല്‍ ബോധ്യമാകും. ഗാനങ്ങളിലെ പരിസ്ഥിതി ദേശബോധങ്ങള്‍ വ്യത്യസ്തതരങ്ങളില്‍ പാട്ടുകളില്‍ പ്രതിഫലിക്കപ്പെടുന്നു. സ്ഥലചരിത്രവും സാംസ്‌കാരികാന്തരീക്ഷവും ചേര്‍ന്നുവരുന്ന ഇനിയുമെത്രയോ പാട്ടുകള്‍ മലയാള സിനിമകളില്‍ കണ്ടെടുക്കാന്‍ കഴിയും. മാമലകള്‍ക്കപ്പുറത്ത് (നിണമണിഞ്ഞ കാല്‍പാടുകള്‍), പല്ലനയാറിന്‍ തീരത്തില്‍ (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), വട്ടോളം വാണിയാരേ കേട്ടുകൊള്‍ക കോട്ടയം പട്ടണം കണ്ടുകൊള്‍ക (ലീല), കാക്കപ്പൂ കൈതപ്പൂ കൊന്നപ്പൂ പൂക്കുന്ന നാട്ടില്‍ (അരയന്നങ്ങളുടെ വീട്) എന്നിങ്ങനെ ഗാനങ്ങളില്‍ വ്യത്യസ്ത ദേശഭാവങ്ങള്‍ സാക്ഷാത്കരിക്കുന്ന കാഴ്ചകള്‍ നിരവധിയാണെന്ന് കാണാം. ‘കേരളം കേരളം’ (ശ്രീകുമാരന്‍ തമ്പി) സഹ്യസാനുശ്രുതിചേര്‍ത്തുവച്ച (യൂസഫലി കേച്ചേരി) എന്നീ പാട്ടുകള്‍ ‘കേരളമെന്നു ദേശഭാവുകത്വത്തിന്റെ സാകല്യത്തെ ചേര്‍ത്തുവച്ച ആദ്യകാലഗാനങ്ങളാണെന്നതും മറക്കുന്നില്ല.
ജനതയുടെ ജീവിതസങ്കല്‍പങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണരീതികള്‍, ഉത്സവങ്ങള്‍, വിനോദങ്ങള്‍ എന്നീ സാംസ്‌കാരിക ഘടകങ്ങളിലൂന്നിയാണ് പാട്ടുകള്‍ നിലകൊള്ളുന്നത്. പ്രാദേശിക ചരിത്രങ്ങള്‍ അതിനപ്പുറവും കടന്ന് സാമൂഹ്യബോധത്തിലേക്കും ദേശബോധത്തിനുണ്ടാകുന്ന വ്യത്യസ്താനുഭവങ്ങളും അനുഭൂതികളുമായി പരിണാമം തേടുന്നു; സിനിമാഗാനങ്ങളിലല്‍. ഭൂപ്രക്യതി, കൃഷി, വാണിജ്യം, ഭാഷാഭേദം, വസ്ത്രരീതികള്‍ ഇങ്ങനെ ഓരോ പ്രദേശത്തെയും സമാനതകളില്ലാത്ത ഘടകങ്ങള്‍ സിനിമാപ്പാട്ടുകളില്‍ പ്രത്യക്ഷമാവുന്നു. ദേശങ്ങളെ ജനതയുടെ ഭാഷയോടും ജീവിത രീതിയോടും ബന്ധിപ്പിക്കുന്ന പദങ്ങള്‍ ശീലുകള്‍, വര്‍ണനകള്‍, സംഗീതരീതികള്‍ എന്നിവയൊക്കെ ചലച്ചിത്രഗാനങ്ങള്‍ കാലാകാലമായി പങ്കിടുന്ന കാര്യങ്ങളാണ്. സ്വത്വബോധ നിര്‍ണയത്തിനുള്ള സാമഗ്രിയായി ചലച്ചിത്രഗാനഭാഷയേയും സംഗീതത്തേയും കാണുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഈ തിരിച്ചറിവുണ്ടാക്കുന്ന ദേശബോധത്തെ ചലച്ചിത്രഗാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല. അങ്ങനെയാണ് ദേശബോധ സങ്കല്‍പത്തിനപ്പുറത്തേക്ക് വളരുന്ന സാംസ്‌കാരത്തിന്റെ വ്യാപ്തിയെയും വിസ്തലുതിയെയും ചലച്ചിത്രഗാനങ്ങള്‍ പൊലിപ്പിച്ചെടുക്കുന്നത്.