മലയാള തിളക്കം

Web Desk
Posted on December 18, 2017, 7:22 am

പ്രാഥമിക ക്ലാസുകളിലെ ഭാഷാപഠന നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഒരു സവിശേഷ പദ്ധതിയാണ് മലയാളതിളക്കം. മലയാളത്തില്‍ തിളക്കം നഷ്ടപ്പെട്ടവര്‍ക്ക് അത് ആര്‍ജിക്കാനും മലയാളത്തില്‍ കൂടുതല്‍ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു. എല്ലാ കുട്ടികളെയും മലയാള തിളക്കത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കും എന്ന് ഈ പദ്ധതി ഉറപ്പു നല്‍കുന്നു. ഭാഷയില്‍ ലയിച്ചും ആസ്വദിച്ചും ആത്മവിശ്വാസത്തോടെ മുന്നേറുന്ന കുട്ടികള്‍, സര്‍ഗാത്മകതയും ഭാവനയും സമര്‍പ്പിത ചിന്തയും അന്വേഷണാത്മകതയുമുളള അധ്യാപകര്‍, പ്രചോദനാത്മകവും പ്രോത്സാഹനജനകവുമായ അന്തരീക്ഷത്തില്‍ പ്രസരിപ്പുള്ള ഭാഷാ ക്ലാസുകളെ സൃഷ്ടിക്കുക എന്നത് മലയാള തിളക്കത്തിന്റെ ലക്ഷ്യമാണ്. പഠനാനുഭവങ്ങളുടെ വൈവിധ്യവല്‍ക്കരണം, ഐടി സാങ്കേതികവിദ്യ പ്രശ്‌നപരിഹാരത്തിന് ഉപയോഗിക്കാന്‍, പഠനവേഗത പരിഗണിച്ച് പ്രവര്‍ത്തിക്കല്‍, തത്സമയ പിന്തുണ തുടങ്ങിയ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ് പഠന രീതി.
കുട്ടികള്‍ക്ക് ലയിച്ചുചേരാന്‍ സഹായകമായ ഭാഷാനുഭവത്തിനാണ് ഇവിടെ പ്രാമുഖ്യം. കുട്ടിയുടെ ചിന്തയില്‍ നിന്ന് പാഠങ്ങള്‍ രൂപപ്പെടുത്തല്‍ (പങ്കാളിത്ത പാഠരൂപീകരണം). കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടുത്തല്‍, തിരുത്തെഴുത്ത്, സ്വന്തമായി കുട്ടി തിരുത്തുന്നു, ഉച്ചാരണ വ്യക്തതയോടെയുള്ള പറഞ്ഞെഴുത്ത്, കുട്ടികളില്‍ നിന്നും തെളിവെടുക്കല്‍, വടിവെഴുത്ത്, ലഘുവാക്യങ്ങളും വിപുലീകരണവും, ഭാഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കല്‍ എന്നിങ്ങനെയുള്ള ഒട്ടനവധി സമീപനങ്ങള്‍ ഈ പദ്ധതിക്കുണ്ട്.
ഒറ്റദിവസംകൊണ്ട് തന്നെ പ്രകടമായ മാറ്റം സാധ്യമാണ് (തുടര്‍ച്ചയായ മണിക്കൂറുകള്‍) വീഡിയോ പ്രസന്റേഷന്റെ സഹായത്തോടെയുള്ള അവതരണം കുട്ടികളില്‍ ഉത്സാഹവും താല്‍പര്യവും ജനിപ്പിക്കുന്നു. തത്സമയം തെറ്റുതിരുത്തലും മെച്ചപ്പെടലും എന്ന സമീപനം കുട്ടികളില്‍ വിജയബോധവും ആത്മവിശ്വാസവും സൃഷ്ടിക്കും. കുട്ടികള്‍ക്കായി നല്‍കുന്ന പാഠങ്ങളുടെ ഉള്ളില്‍ പുനരനുഭവസാധ്യത സ്വാഭാവികമായി നിലനില്‍ക്കണം. ഭിന്നനിലവാര പരിഗണന, കുട്ടികളോടുള്ള സൗഹൃദ സമീപനം, പ്രതീക്ഷിത പ്രശ്‌നത്തില്‍ ഊന്നിയുള്ള പഠനതന്ത്രങ്ങള്‍ എന്നിവ മാറ്റത്തിന് വഴിയൊരുക്കും.
എല്ലാ കുട്ടികള്‍ക്കും പഠിക്കാനും മുന്നേറാനും താല്‍പര്യമുണ്ട് എന്നതിനാല്‍ ആന്തരിക പ്രചോദനം ഉണ്ടാകുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഗുണം ചെയ്യും. സ്വരചിഹ്നങ്ങള്‍ മാറിപ്പോകല്‍, രൂപസാദൃശ്യമുള്ള അക്ഷരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ (ഈ, ങ്ങ, ന ന്ന) ഉച്ചാരണ സാമ്യതയുള്ള അക്ഷരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം (ശ/ഷ, ത/ധ, ദ/ഥ) എന്നിവ കുട്ടികളില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങളാണ്. തെറ്റായ ഉച്ചാരണസ്വാധീനത്തില്‍ തെറ്റ് സംഭവിക്കുന്നു. ഇരട്ടിപ്പ് വേണ്ടിടത്ത് ഉപയോഗിക്കുന്നില്ല. കൂട്ടക്ഷരങ്ങളിലെ പ്രശ്‌നങ്ങള്‍ ഉച്ഛാരണവുമായി ബന്ധപ്പെട്ടത്, ചേര്‍ത്തെഴുത്ത് പ്രശ്‌നം, അക്ഷരങ്ങള്‍ വിട്ടുപോകുന്നു, സംഭാഷണ ഭാഷാസ്വാധീനം, ഉച്ചാരണ സാമ്യമുള്ളതും രൂപസാദൃശ്യമുളളതും ചിഹ്നങ്ങള്‍ വിട്ടുപോകുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നുള്ളതും ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ്.

എങ്ങനെ നടപ്പിലാക്കാം.
ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ പ്രീ ടെസ്റ്റ് നടത്തി മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. തുടര്‍ന്ന് കുട്ടികളെ പ്രശ്‌നത്തിനനുസൃതമായി തരം തിരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടി ഒരു ബുക്ക് മാറ്റിവയ്‌ക്കേണ്ടതായുണ്ട്.
കുട്ടി സ്വയം തെറ്റുതിരുത്തിയാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത്. തെറ്റായി എഴുതിയ വാക്കുകള്‍ വൃത്തത്തിനകത്താക്കി ശരിയായവ മാറ്റി എഴുതണം. അധ്യാപകന്‍ കുട്ടിയുടെ അടുത്തിരുന്നു സഹായിക്കണം. മുന്‍കൂട്ടി തയാറാക്കി നല്‍കിയിട്ടുള്ള വീഡിയോ കാണിച്ചുകൊണ്ട് കുട്ടിയെ കഥയിലൂടെ വാക്കുകള്‍ പരിചയപ്പെടുത്തണം. ഗൃഹപാഠം നല്‍കിയാവണം ക്ലാസ് അവസാനിക്കേണ്ടത്. അഞ്ച് ദിവസം കഴിയുമ്പോള്‍ ഒരു പോസ്റ്റ് ടെസ്റ്റ് നടത്തി പുരോഗതി വിലയിരുത്തണം. ഈ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാവിനെയും പങ്കാളിയാക്കണം. നാലാം ദിവസം രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തനം നല്‍കണം. കുട്ടിയുടെ സമീപത്തിരുന്ന് രക്ഷിതാവ് നിരീക്ഷിച്ച് പുരോഗതി തിരിച്ചറിയുന്നു.

 

എസ് ജി അനീഷ്
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
(എസ്എസ്എ)
ബാലരാമപുരം