കെ കെ ജയേഷ്

March 15, 2020, 10:55 am

ബിരിയാണിയുടെ ചേരുവ

Janayugom Online

കുട്ടിക്കാലം മുതൽ സിനിമയായിരുന്നു സജിൻ ബാബുവിന്റെ മനസ്സിൽ. സിനിമാക്കാരനാവണമെങ്കിൽ മദിരാശിയിൽ പോയാൽ മതിയെന്ന് ആരോ പറഞ്ഞ് സജിനും കേട്ടിരുന്നു. അങ്ങനെയാണ് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പതിനാലാം വയസ്സിൽ മദിരാശിയിലേക്കുള്ള ഒളിച്ചോട്ടം. മഹാനഗരത്തിലെത്തിയപ്പോൾ സിനിമയും സിനിമാക്കാരെയും കണ്ടില്ല. സിനിമാ സ്റ്റുഡിയോകളുടെ ഗേറ്റ് പിടിച്ച് അകത്തേക്ക് നോക്കിയും ചുവരുകളിലെ തമിഴ് സിനിമാ പോസ്റ്ററുകൾ നോക്കിയും ദിവസങ്ങൾ തള്ളിനീക്കി. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. കുറച്ചുകാലം അങ്ങിനെ ആ നഗരത്തിൽ അലഞ്ഞു നടന്നു. ഇതിനിടയിൽ വീട്ടുകാർ മകനെ കാണാഞ്ഞ് പത്രത്തിൽ പരസ്യം നൽകുകയും മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു. ഒടുവിൽ കോടമ്പാക്കത്തുവെച്ച് വീട്ടുകാർ തേടിപ്പിടിച്ച് കണ്ടുപിടിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. വീട്ടിലെത്തിയെങ്കിലും സിനിമ മനസ്സിൽ നിന്നുപോയില്ല. പഠനം കഴിഞ്ഞപ്പോൾ വീണ്ടും സിനിമയും തേടി വീടുവിട്ടിറങ്ങി. പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പലയിടങ്ങളിൽ അലഞ്ഞു. കഷ്ടപ്പാടുകൾക്കൊടുവിൽ വെള്ളിത്തിരയിൽ സജിൻ ബാബുവെന്ന തിരുവനന്തപുരത്തുകാരന്റെ പേര് തെളിഞ്ഞു. ഇരുപത്തെട്ടാം വയസ്സിൽ സജിന്റെ ‘അസ്തമയം വരെ’ എന്ന സിനിമ ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലെല്ലാം ആസ്വാദകരുടെ കൈയ്യടി നേടി. ബന്ധുബലമോ സിനിമാ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പഠനമോ ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് ചലച്ചിത്ര ലോകത്ത് ഉയർന്നുവന്ന സജിൻ ബാബുവിന്റെ സിനിമയ്ക്കൊപ്പമുള്ള യാത്ര ‘അസ്തമയം വരെ’, ‘അയാൾ ശശി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ‘ബിരിയാണി‘യിലെത്തി നിൽക്കുകയാണ്.

ബിരിയാണിയുടെ ചേരുവ

പേര് ബിരിയാണിയെന്നാണെങ്കിലും അത്ര രുചികരമായി ആസ്വദിക്കാവുന്നതല്ല ചിത്രത്തിന്റെ ചേരുവ. ഗൗരവപൂർണ്ണമായ കാഴ്ച ഈ സിനിമ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം സിനിമയുടെ നിലപാടുകളും രാഷ്ട്രീയവും വരെ തെറ്റായ രീതിയിൽ വായിക്കപ്പെടാമെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. വർത്തമാനകാല പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ് സജിൻബാബുവിന്റെ ബിരിയാണി പറയുന്നത്. കേരളത്തിൽ നിന്നുള്ളവർ പോലും തീവ്രവാദ സംഘടനകളിൽ ചേർന്ന് കൊല്ലപ്പെട്ടുവെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. അവരുടെ കുടുംബത്തിലെ സ്ത്രീകൾക്ക് എന്തു സംഭവിക്കുന്നുവെന്ന അന്വേഷണമാണ് ബിരിയാണി. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ ജീവിതം. മാനസികമായി അവർ അനുഭവിക്കുന്ന വേദനകൾ.. ലൈംഗിക ദാരിദ്ര്യം എന്നിവയെക്കുറിച്ചെല്ലാം മറയില്ലാതെ സിനിമ സംസാരിക്കുന്നു. ഐ എസിൽ ചേർന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരിയാണ് ചിത്രത്തിലെ നായിക. അവരെ സമൂഹം എങ്ങിനെ നോക്കിക്കാണുന്നു എന്നതാണ് പ്രമേയം. ഒപ്പം വീട്ടിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ട.. ലൈംഗിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനസ്സുകളുടെ യാത്ര.. തീർത്തും നിഷ്പക്ഷമായാണ് കഥ പറയാൻ ശ്രമിച്ചിട്ടുള്ളത്. ഇത് ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിന്റെ മാത്രം കഥയല്ല. സമൂഹത്തിലെ എല്ലാ തരത്തിൽ പെട്ട സ്ത്രീകളുടെയും കഥയാണ്. കഥയുടെ പശ്ചാത്തലം കൊണ്ട് നായിക മുസ്ലീമായി എന്നു മാത്രമേയുള്ളുവെന്ന് സജിൻ ബാബു വ്യക്തമാക്കുന്നു.

Image result for biriyani movie sajin babu

ഖദീജയുടെ ജീവിതം

കടൽത്തീരത്ത് താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായാണ് തിരിച്ചടികൾ ഉണ്ടായത്. ബാപ്പയെ കടലിൽ കാണാതായി.. മനോവിഭ്രാന്തിയുള്ള ഉമ്മയുമായി അവൾ യാത്ര തുടരുന്നു. ഭേദപ്പെട്ട സാമ്പത്തികാവസ്ഥയുള്ള യാഥാസ്ഥിതിക കുടുംബത്തിലെ തന്നേക്കാൾ ഏറെ പ്രായമുള്ള ഒരു പുരുഷനെ അവൾക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. ഖദീജയുടെ ജീവിതത്തിലൂടെ സ്ത്രീകളുടെ മാത്രമല്ല, രാജ്യം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് ചിത്രത്തിൽ ശ്രമിച്ചിട്ടുള്ളത്. ഒരു സാധാരണക്കാരിയയ മുസ്ലീം സ്ത്രീയുടെ ജീവിതത്തെ മുന്നിൽ വെച്ച് മതം എങ്ങിനെയാണ് സ്ത്രീകളുടെ സാമൂഹിക ജീവിതത്തെയും ലൈംഗിക ജീവിതത്തെയും നേരിടുന്നതെന്ന് സിനിമ കാണിച്ചു തരുന്നു. പൗരോഹിത്യത്തെ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്യുുമ്പോഴും ഭീകരവാദത്തിന്റെ ഭീകര മുഖം വരച്ചുകാട്ടുമ്പോഴും ഒന്നും ഏകപക്ഷീയമാകുന്നില്ലെന്നത് സിനിമയെ ശ്രദ്ധേയമാക്കുന്നു. ലൈംഗികോപകരണമായി മാത്രം പെണ്ണിനെ കാണുന്ന സാമൂഹികാവസ്ഥ… തന്റെ ലൈംഗിക സ്വത്വം സ്ഥാപിക്കാനുള്ള അവളുടെ ശ്രമത്തെ, പെൺചേലാകർമ്മം ചെയ്യാത്തതിന്റെ കുഴപ്പമായി വ്യാഖ്യാനിക്കുന്ന പുരുഷന്റെ ധാർഷ്ട്യം… മലയാള സിനിമ ഇതുവരെ ആവിഷ്ക്കരിച്ചിട്ടില്ലാത്ത ഒരു കാഴ്ചയിലൂടെയാണ് ബിരിയാണിയുടെ തുടക്കം. ചിലപ്പോൾ സാധാരണ പ്രേക്ഷകനെ അസ്വസ്ഥതപ്പെടുത്താൻ ആ കാഴ്ച തുടക്കമിടും. അത് പടം അവസാനിക്കും വരെ തുടരുകയും ചെയ്യും…. ഞെട്ടിപ്പിക്കുന്ന കാഴ്ചയിലൂടെയാണ് സിനിമയുടെ അവസാനവും. വിദേശ സിനിമകളിലെല്ലാം ലൈംഗികത വളരെ ശക്തമായി ചിത്രീകരിക്കാറുണ്ട്. പക്ഷെ നമ്മുടെ സിനിമകളിൽ അത്തരം രംഗങ്ങൾ വന്നാൽ പലരും അസ്വസ്ഥരാകും. കഥയ്ക്ക് ആവശ്യമുള്ള രംഗങ്ങൾ മാത്രമാണ് ബിരിയാണിയിൽ ചിത്രീകരിച്ചിട്ടുള്ളത്. മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷകൻ സിനിമയിലെ രംഗങ്ങളെല്ലാം ഗൗരവപൂർവ്വം തന്നെ കാണും എന്ന് ഉറപ്പുണ്ടെന്ന് സജിൻ ബാബു പറഞ്ഞു.

അംഗീകാരങ്ങളുടെ നെറുകയിൽ

ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലെല്ലാം ബിരിയാണി ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ കർണ്ണാടക സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്ക്കാരവും ബിരിയാണിക്കായിരുന്നു. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. സജിന്റെ ആദ്യ ചിത്രമായ ‘അസ്തമയം വരെയും’ ഇതേ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ചിത്ര ഭാരതി പുരസ്ക്കാരം നേടിയിരുന്നു. തീർത്തും സത്യസന്ധമായാണ് സിനിമയെടുത്തിട്ടുള്ളത്. അതിനുള്ള അംഗീകാരങ്ങളാണ് ലഭിച്ചതെല്ലാമെന്ന് സജിൻ പറയുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു പ്രീമിയർ ചെയ്തത്. അവിടെ മികച്ച സിനിമയ്ക്കുള്ള നെറ്റ് പാക്ക് അവാർഡ് ലഭിച്ചു. അടുത്ത് തന്നെ ഫ്രാൻസ്, അമേരിക്ക, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിലെ മേളകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ ചിത്രം റിലീസ് ചെയ്തിട്ടില്ലെങ്കിലും തൃശ്ശൂർ, തിരുവനന്തപുരം, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രം ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. നല്ല അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിച്ചിട്ടുള്ളത്. ഖദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും വേഷമിടുന്നു. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കാർത്തിക് മുത്തുകുമാർ ആണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും ലിയോ ടോം സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

കാഴ്ചകളും കാഴ്ചപ്പാടുകളും മാറുന്നു 

സാധരണ കച്ചവട സിനിമകൾ ആസ്വദിച്ചുവന്ന ഒരു കൗമാരം തന്നെയായിരുന്നു സജിന്റേതും. എന്നാൽ തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലെ പഠന കാലം കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റിമറച്ചു. സിനിമയെ ഗൗരവപൂർവ്വം നോക്കിക്കാണാൻ തുടങ്ങിയത് ആ കാലം മുതലാണ്. ഐ എഫ് എഫ് കെയിലൂടെ ലോക സിനിമയിലേക്ക് ജാലകം തുറന്നതോടെ സിനിമയുടെ പുതിയ സാധ്യതകളെപ്പറ്റി അന്വേഷിച്ചു. ഇതുവരെ കണ്ടുശീലിച്ചത് മാത്രമല്ല സിനിമയെന്നും അതിനപ്പുറം സിനിമയ്ക്ക് വിശാലമായ ലോകമുണ്ടെന്നും മനസ്സിലായി. പിന്നീടങ്ങോട്ട് സിനിമകൾ കണ്ടും വായിച്ചും യാത്ര ചെയ്തും ഗൗരവമുള്ള സിനിമകളുടെ ലോകത്തേക്ക് സഞ്ചരിച്ചു. ഹ്വസ്വ ചിത്രങ്ങളാണ് ആദ്യം ഒരുക്കിയത്. അറവുശാലക്കാരനെ കേന്ദ്രമാക്കി ചെയ്ത ‘കരയിലക്കാറ്റുപോലെ’ ആയിരുന്നു ആദ്യമായി ചെയ്ത ഹ്രസ്വചിത്രം. തുടർന്ന് ‘ആർ യു ഹൈഡിംഗ് ഇൻ യു’ എന്ന കാമ്പസ് ചിത്രവുമെടുത്തു. ലോ അക്കാദമിയിൽ പഠിക്കുന്ന കാലത്ത് ‘എ റിവർ ഫ്ളോവിംഗ് ഡീപ്പ് ആൻഡ് വൈഡ് ‘എന്ന ഡോക്യുമെന്ററിയും ‘മ്യൂസിക് ഓഫ് ദി ബ്രൂം’ എന്ന ഹ്രസ്വചിത്രവും പുറത്തുവന്നു. നിരവധി പുരസ്ക്കാരങ്ങൾ ഈ ചെറുചിത്രങ്ങളെല്ലാം നേടിയെടുത്തു. പതിവ് രീതികൾ കൈവിട്ടുകൊണ്ടാണ് സജിൻ ബാബു ആദ്യ ചിത്രമായ ‘അസ്തമയം വരെ’ ഒരുക്കിയത്. മലയാളത്തിൽ അതുവരെ വന്നിട്ടില്ലാത്ത കഥ പറച്ചിൽ രീതിയായിരുന്നു ആ ചിത്രത്തിന്റേത്. കാലമോ സ്ഥലമോ അടയാളപ്പെടുത്താത്ത സിനിമ. കഥാപാത്രങ്ങൾക്ക് സിനിമയിൽ പേരുപോലുമില്ല. ദൃശ്യഭാഷയുടെ കരുത്ത് തന്നെയായിരുന്നു ആ സിനിമയെ രാജ്യത്തിനപ്പുറത്തേക്ക് സഞ്ചരിപ്പിച്ചത്.

വിവാദങ്ങളെ ഭയക്കുന്നില്ല

സിനിമകളിൽ മതവിരുദ്ധത ചികഞ്ഞു പോകുന്ന കാലമാണിത്. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ടേക്ക് ഓഫും’ ‘എന്ന് നിന്റെ മൊയ്തീനും’ വരെ ഇസ്ലാം വിരുദ്ധമാണെന്ന വാദം ചില ചലച്ചിത്ര പ്രവർത്തകർ തന്നെയാണ് ഉയർത്തിയത്. ഐ എസ് തീവ്രവാദികളെ വില്ലൻമാരായി ചിത്രീകരിച്ചത് ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന തരത്തിൽ വരെ വാദങ്ങൾ വന്നു. ബിരിയാണിയും അത്തരം വെല്ലുവിളി നേരിടുമെന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് ഈ സിനിമയിൽ മതവിരുദ്ധത കാണാൻ ശ്രമിച്ചാൽ അവർക്ക് മനോരോഗമാണെന്നേ ഞാൻ പറയൂ എന്നായിരുന്നു സജിൻ ബാബുവിന്റെ മറുപടി. ബിരിയാണിയിൽ ആരെയും വില്ലൻമാരായി ചിത്രീകരിക്കുന്നില്ല. സാഹചര്യങ്ങളാണ് ഓരോ മനുഷ്യനെയും മറ്റു വഴികൾ തേടാൻ നിർബന്ധിതരാക്കുന്നത്. വ്യവസ്ഥിതിയോടാണ് സിനിമ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇതിനെച്ചൊല്ലി വിവാദങ്ങൾ ഉണ്ടായാൽ ഞാനതിൽ ഭയക്കുന്നില്ലെന്നും സജിൻ വ്യക്തമാക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സജിൻബാബു ഇപ്പോൾ എറണാകുളത്താണ് താമസം. ‘അസ്തമയം വരെ’ ഒരു തുടക്കമായിരുന്നു. കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങളുമായി വരുന്ന ഒരു സംവിധായകന്റെ ഉദയം.. സജിൻബാബു സിനിമയ്ക്കൊപ്പമുള്ള യാത്ര തുടരുകയാണ്..