ജോസഫിന്റെ ജീവിതം

Web Desk
Posted on November 29, 2018, 11:48 am

കെ കെ ജയേഷ്

ദ്യവും കഞ്ചാവും മറ്റ് ലഹരികളും പിടിമുറുക്കിയ അലസമായ ഒരു ജീവിതമാണ് ജോസഫിന്റേത്. മുമ്പയാള്‍ സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. വളരെയെളുപ്പം കുറ്റകൃത്യങ്ങളുടെ ഉള്ളറകളിലേക്ക് അയാള്‍ ഇറങ്ങിച്ചെന്നിരുന്നു. എന്നാല്‍ വിരമിച്ച ശേഷം ഒറ്റപ്പെടലിന്റേതാണ് ജോസഫിന്റെ ജീവിതം. ഭാര്യയും മകളുമെല്ലാം നഷ്ടമായ അയാള്‍ മദ്യലഹരിയില്‍ ഭൂതകാലത്തിലേക്ക് വാതില്‍ തള്ളിത്തുറക്കുന്നു. ഈ ഒറ്റപ്പെടലിലും അയാള്‍ ആശ്വാസം കണ്ടെത്തുന്നത് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളിലാണ്. ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും കേസന്വേഷണത്തില്‍ പൊലീസ് പലപ്പോഴും അയാളുടെ സഹായം തേടാറുണ്ട്. ജീവിതം സമ്മാനിക്കുന്ന വിരസതയില്‍ നിന്ന് രക്ഷപ്പെടാനും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനും എല്ലാറ്റിനുമുപരി താന്‍ മരിച്ചിട്ടില്ലെന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്താനും അയാള്‍ കേസന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്നു.
കുറ്റകൃത്യങ്ങളുടെ വേരുകള്‍ ചികഞ്ഞ് പോകുന്ന ഒരു െ്രെകം ത്രില്ലറാണ് എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. എന്നാല്‍ ലക്ഷണമൊത്ത ഒരു കുറ്റ്വാന്വേഷണ ചിത്രമാകുമ്പോള്‍ തന്നെ ജോസഫ് എന്ന വ്യക്തിയുടെ ജീവിതവും അതിലെ സങ്കീര്‍ണ്ണതകളുമെല്ലാം പൊള്ളുന്ന അനുഭവമാക്കി പ്രേക്ഷകനെ അനുഭവിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. കുറ്റാന്വേഷണവും കുടുംബബന്ധങ്ങളുടെ ആഴവും ഒരുമിക്കുമ്പോള്‍ താളം തെറ്റി വിരസമായിപ്പോകാന്‍ സാധ്യത ഏറെയാണെങ്കിലും തിരക്കഥയുടെയും സംവിധാന മികവിന്റെയും കരുത്തില്‍ ജോസഫ് അത്തരം സാധ്യതകളെ മറികടക്കുന്നു. ജോസഫിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണവും അയാളുടെ സ്വകാര്യജീവിതത്തിലെ നിരാശകളും ബന്ധങ്ങളിലെ വൈകാരികതയുമെല്ലാം അതിമനോഹരമായാണ് സംവിധായകന്‍ ഇവിടെ കോര്‍ത്തിണക്കുന്നത്.

പതിവ് മലയാളം ക്രൈം ത്രില്ലര്‍ സിനിമകളിലേതു പോലെ വീരശൂരപരാക്രമിയായ നായകനല്ല ജോസഫ്. അയാള്‍ ഒറ്റയ്ക്ക് വില്ലന്‍മാരെ നേരിട്ട് ജയിക്കുന്നില്ല.. വില്ലനെ കീഴടക്കി നെടങ്കന്‍ ഡയലോഗുകള്‍ പറഞ്ഞ് അയാള്‍ പ്രേക്ഷകരുടെ കയ്യടിയും വാങ്ങുന്നില്ല. മുന്‍ ഭാര്യയുടെ മരണ കാരണം അന്വേഷിച്ച് യാത്ര തിരിക്കുന്ന ജോസഫ് എത്തിച്ചേരുന്നത് സംഘടിതമായ കുറ്റകൃത്യങ്ങളുടെ ഒരു ശൃംഖലയ്ക്ക് മുമ്പിലാണ്. ഒറ്റനോട്ടത്തില്‍ അപകടമരണമെന്ന തോന്നുമെങ്കിലും അതൊരു കൊലപാതകമാണെന്ന് വളരെയെളുപ്പം ജോസഫ് തിരിച്ചറിയുന്നു. കൊലപാതകിയെത്തേടിയുള്ള ജോസഫിന്റെയും സുഹൃത്തുക്കളുടെയും യാത്രയാണ് പിന്നീട്. ഇവിടെ പക്ഷെ നായകനും വില്ലനും തമ്മിലുള്ള എലിയും പൂച്ചയും കളിയല്ല പിന്നീട് സംഭവിക്കുന്നത് എന്നത് തന്നെയാണ് ജോസഫിനെ സമീപകാല െ്രെകം ത്രില്ലറുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

തുടര്‍ച്ചയായ ചില കൊലപാതകങ്ങള്‍.. നായകന്റെ അന്വേഷണത്തിനിടയില്‍ ട്വിസ്റ്റുകള്‍ മാറിമാറി വരുന്നു. ഇതിനിടയില്‍ ദുരൂഹതകള്‍ ബാക്കി വെച്ച് ഒരു ഇന്റര്‍വെല്‍ പഞ്ച്. തുടര്‍ന്ന് പ്രേക്ഷകരില്‍ സംശയങ്ങള്‍ വാരിവിതറി ഒടുവില്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സില്‍ അവസാനം.ക്രൈം ത്രില്ലര്‍ സിനിമകളുടെ പൊതു സ്വഭാവമാണിത്. ഇത്തരമൊരു കാഴ്ചാനുഭവമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ജോസഫ് നിങ്ങളെ നിരാശപ്പെടുത്തും. മരവിച്ച മനസ്സുമായി ജീവിക്കുന്നവനാണ് ഇവിടെ അന്വേഷണോദ്യോഗസ്ഥന്‍. അയാളുടെ ജീവിതത്തെ തൊട്ടുനില്‍ക്കുന്നത് തന്നെയാണ് ഇവിടെ സംഭവിക്കുന്ന കുറ്റകൃത്യങ്ങളും അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും. നായകന് മുന്നിലുള്ളത് മുഖമുള്ള ഒരു വില്ലനല്ല. സംഘടിത കുറ്റകൃത്യങ്ങളുടെ ഒരു പ്രവാഹത്തിലേക്കാണ് അയാള്‍ എത്തിച്ചേരുന്നത്. അതിനെ തകര്‍ത്തെറിഞ്ഞ് ചക്രവ്യൂഹം ഭേദിച്ച് പുറത്തുവരാന്‍ കഴിയുന്ന ഒരു യോദ്ധാവല്ല ജോസഫ്. അതുകൊണ്ട് തന്നെ കുറ്റാന്വേഷണ സിനിമകളുടെ പതിവ് ക്ലൈമാക്‌സ് പോലും ജോസഫിലില്ല. കഥ അവസാനിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സും പരിഹാരനടപടികളുമെല്ലാം കടന്നുവരുന്നത് എന്നും പറയാവുന്നതാണ്.

ജോസഫായി ജോജു ജോര്‍ജ്ജിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. കാമുകനായും സ്‌നേഹസമ്പന്നനായ ഭര്‍ത്താവായും നിരാശയില്‍ മദ്യലഹരിയില്‍ ജീവിതം മുന്നോട്ട് നീക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥനായുമെല്ലാം ജോജു അസാധ്യ പ്രകടനം തന്നെ കാഴ്ച വെക്കുന്നു. ജോസഫിന്റെ വ്യത്യസ്ത കാലങ്ങളിലേക്ക്.. ഭാവങ്ങളിലേക്ക് ജോജു എത്ര അനായാസമായിട്ടാണ് കയറിയിറങ്ങുന്നത്. ജീവിതത്തിലെ മടുപ്പുകളും വേദനകളും നിരാശയും അന്വേഷണത്തിന്റെ പാതയിലെ ജാഗ്രതയുമെല്ലാം ഈ നടന്‍ അസാധാരണമായ മികവോടെ അവതരിപ്പിക്കുന്നു. പതിവ് കുറ്റാന്വേഷണ സിനിമകളുടെ ആഡംബരമൊന്നുമില്ലാതെ ലളിതമായി തുടങ്ങി കത്തിക്കയറുന്ന തരത്തിലുള്ള എം പത്മകുമാറിന്റെ ആഖ്യാനവും ഗംഭീരം. പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊലീസ് അന്വേഷണത്തിന്റെ സൂക്ഷ്മവശങ്ങള്‍ പോലും കൃത്യമായി പകര്‍ത്താന്‍ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. ഒരു ലോഹിതദാസ് തിരക്കഥയുടെ ആഴം നവാഗതനായ ഷാഹിയുടെ തിരക്കഥയ്ക്കുണ്ടെന്നത് മലയാളത്തിന്റെ പുതിയ പ്രതീക്ഷയായി ഇദ്ദേഹത്തെ വളര്‍ത്തുന്നു. അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും മനോഷ് മാധവന്റെ ഛായാഗ്രഹണവും സിനിമയുടെ മൂഡിനൊപ്പം സഞ്ചരിക്കുന്നു. റോഷന്‍ എന്‍ ജിയുടെ മേയ്ക്കപ്പും ഗംഭീരം. മനോഹരമായ ഗാനങ്ങളും ഗാനചിത്രീകരണവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

തമിഴില്‍ നിന്ന് പുറത്തുവന്ന അഞ്ജാതെ, യുദ്ധം സെയ്യ്, തുപ്പരിവാളന്‍, രാക്ഷസന്‍ പോലുള്ള ത്രില്ലറുകള്‍ക്ക് കൈയ്യടിച്ച് എന്തുകൊണ്ട് മലയാളത്തില്‍ ഇത്തരം സിനിമകള്‍ ഉണ്ടാവുന്നില്ല എന്ന് ആക്ഷേപിക്കുന്നവര്‍ ജോസഫിനെ കാണണം. ആ ജീവിതം അറിയണം. ലക്ഷണമൊത്ത ഏത് ഇതരഭാഷാ ത്രില്ലറുകള്‍ക്കൊപ്പവും നില്‍ക്കാന്‍ കരുത്തുള്ളത് തന്നെയാണ് എം പത്മകുമാര്‍ ഒരുക്കിയ ഈ ഇമോഷണല്‍ ത്രില്ലറും.