നവീനകഥയുടെ തൊട്ടപ്പന്‍

Web Desk
Posted on October 08, 2017, 1:00 am

ദീപാ നാപ്പള്ളി :
ഫ്രാന്‍സിസ് നൊറോണയുടെ ഓരോ കലാസൃഷ്ടിയും വായനക്കാരന്റെ ബോധത്തിലേക്കുള്ള നിറയൊഴിക്കലാണ്. തായമ്പകയുടെയും ഉടുക്കിന്റെയും ചടുലമായ താളമേളങ്ങളോടെ അവ നമ്മുടെ ഹൃദയത്തിലേക്ക് ഇടിഞ്ഞിറങ്ങുന്ന സംഗീതമാകുന്നു. ‘തൊട്ടപ്പനും’ ‘പെണ്ണാച്ചി‘യും ഉള്‍പ്പെടെയുള്ള കഥകള്‍ മലയാളിയുടെ സ്വാസ്ഥ്യം കെടുത്തി. നൊറോണ ഉയര്‍ത്തിയ ‘സര്‍ഗ്ഗാത്മക ഭീഷണി’ ഇന്ന് സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. ഫ്രാന്‍സിസ് നൊറോണ ആദ്യമായി തന്റെ എഴുത്തനുഭവങ്ങള്‍ പങ്കിടുന്നു.…

?   ‘ആദാമിന്റെ മുഴ’ എന്ന കഥയിലൂടെയാണ് മലയാള സാഹിത്യലോകം ഫ്രാന്‍സിസ് നെറോണയെ ശ്രദ്ധിച്ചു തുടങ്ങിയത്. ‘കടവരാല്‍’ എന്ന കഥയിലൂടെ മലയാള കഥാസാഹിത്യത്തില്‍ സ്വന്തമായ കയ്യൊപ്പു ചാര്‍ത്തുകയും ചെയ്തു. കഥപറയാനുള്ള അദമ്യമായ ആഗ്രഹം എല്ലാ കഥകളിലും കാണാം. എങ്ങനെയാണ് സാഹിത്യ രംഗത്തേക്കുള്ള കടന്നുവരവ്?

കഥപറയുക എന്ന് കേള്‍ക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ആദ്യം എത്തുക എന്റെ മമ്മാഞ്ഞിമാരുടെ മുഖങ്ങളാണ്. അമ്മൂമ്മയെയാണ് മമ്മാഞ്ഞിയെന്ന് ഞങ്ങള്‍ വിളിക്കുന്നത്. ഞാനൊരു ആഗ്ലോ ഇന്ത്യന്‍ ആണ്. എന്റെ അപ്പന്റെ അമ്മ വിക്‌ടോറിയ നെറോണയും അമ്മയുടെ അമ്മ ഫിലോമിന ഗോണ്‍സാല്‍വാസും. അമ്മയുടെ വീട് മട്ടാഞ്ചേരിയിലെ ജൂത തെരുവിനടുത്താണ്. ഞങ്ങളുടെ വീട് ആലപ്പുഴ ശവക്കോട്ട പാലത്തിനടുത്തും എന്റെ അമ്മയെ കാണാന്‍ മട്ടാഞ്ചേരിയിലെ മമ്മാഞ്ഞി വരുമ്പോള്‍ മുറ്റത്തെ അരണമരചോട്ടിലിരുന്ന് വിക്‌ടോറിയ മമ്മാഞ്ഞിയോടൊപ്പം രാവെറെ ചെല്ലുന്നതുവരെ സംസാരിച്ചിരിക്കും. വിധവകളായ ആ രണ്ട് പേരും ജീവിതത്തിന്റെ കഠിനകഥകള്‍ പറയുന്നത് ബാലനായ ഞാന്‍ ഉറക്കംവരും വരെ കേട്ടിരിക്കുമായിരുന്നു. ഞാന്‍ ഏഴാം ക്ലാസ് വരെ പഠിച്ചിരുന്നത് വീടിനടുത്തുള്ള മുഹമ്മദ് സ്‌കൂളിലായിരുന്നു. ഞങ്ങളുടെ ഹെഡ്മാസ്റ്ററായ സുലൈമാന്‍ കുഞ്ഞ് വായനയെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നാളായിരുന്നു. പിന്നീട് സനാതാന ധര്‍മ്മ വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ പഠനത്തിന് ചേര്‍ന്നപ്പോള്‍ അവിടത്തെ  വിപുലമായ  ലൈബ്രറി വായനയുടെ വിശാലമായ ലോകം തുറന്നു തന്നു. ആലപ്പുഴ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയും ലൈബ്രേറിയനായിരുന്ന ഉണ്ണിചേട്ടനെയും എനിക്ക് മറക്കാന്‍ കഴിയില്ല. ഏറെ വായിച്ചിരുന്നെങ്കിലും എഴുത്തിലേക്ക് ഞാന്‍ വൈകിയാണ് കടന്നുവന്നത്. ആലപ്പുഴയിലെ മുഖരേഖ മാസികയിലായിരുന്നു തുടക്കം. അതിന്റെ പത്രാധിപര്‍ ഒരു പള്ളീലച്ചനായിരുന്നു, ഫാദര്‍ സേവ്യര്‍ കുടിയാംശ്ശേരി. എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയത് അദ്ദേഹമാണ്. ഇടയ്ക്കിടെ കഥകളും ലേഖനങ്ങളും ചെറിയകുറിപ്പുകളും എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിക്കുമായിരുന്നു. അശ്ലീലച്ചുവയുള്ളതൊന്നും പ്രസിദ്ധീകരിക്കാന്‍ ബിഷപ്പ് അനുവദിച്ചിരുന്നില്ല. ‘ആദമിന്റെ മുഴ’യും ‘കടവരാ‘ലും ഒക്കെ മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവരാന്‍ സഭയുടെ കടുംപിടുത്തം എന്നെ സഹായിച്ചു എന്നു വേണമെങ്കില്‍ പറയാം. കയ്‌പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാളാണ് ഞാന്‍. ചില ഏകാന്തതകളും ഒറ്റപ്പെട്ടുപോയവന്റെ നോവും എന്നെ നിരന്തരം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനെയെല്ലാം അതിജീവിക്കാന്‍ വായനയും വായനയില്‍ നിന്ന് ലഭിച്ച അരൂപിയുമാണ് എഴുത്തിലേക്ക് നയിച്ചത്. എഴുത്ത് എനിക്ക് വേദന നിറഞ്ഞ ഒരു പോരാട്ടമായാണ് അനുഭവപ്പെടുന്നത് എങ്കിലും ജീവിതത്തില്‍ ചൂടാറിപ്പോകാതെ എന്നെ പിടിച്ചു നിറുത്തുന്നത് എഴുത്തും വായനയും തന്നെയാണ്. എഴുത്തിലെത്രകാലം എന്നത് എനിക്കൊരു വിഷയമല്ല. മരിക്കുന്നത് വരെ  വായിക്കാനാവണം. അതൊരു വലിയ മോഹമാണ്  ‘മാരിക്കാറുകള്‍ മഴവില്ലാല്‍ തോരണമാലകള്‍ ചാര്‍ത്തുന്നു’ എന്ന എന്റെ  ഒന്നാം പാഠത്തിലെ കവിതയുടെ ഓര്‍മ്മ മുതല്‍ ഇന്നു വായിച്ചുകൊണ്ടിരിക്കുന്ന ശബ്ദമഹാസമുദ്രത്തിലെ എസ് കലേഷിന്റെ പൊള്ളലിലെത്തി നില്‍ക്കുമ്പോള്‍ എനിക്കു പറയാന്‍ കഴിയും എഴുത്തിനെക്കാള്‍ എനിക്കു വായന തന്നെയാണ് പ്രിയം.

മൗനം സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലമാണിത്. നാം എല്ലാറ്റിനോടും സമരസപ്പെട്ടു പോകുന്നു. സമരം പ്രതിരോധം എന്നതൊക്കെ തെറ്റായ കാഴ്ചപ്പാടാണെന്നാണ് പുതുതലമുറയെ നാം പഠിപ്പിക്കുന്നത്. എന്നാല്‍ സാഹിത്യ മേഖലയുമായി ചേര്‍ന്നുകൊണ്ട് പ്രതിഷേധത്തിന്റെ  ഇടങ്ങള്‍ രൂപപ്പെട്ടുവരുന്നുണ്ട്. മൗനം മരണമാണെന്ന തിരിച്ചറിവ് ഇത്തരം തിരുത്തുകള്‍ നല്‍കുന്നു്. എഴുത്തുകാരും ഇതില്‍ ഭാഗഭാക്കുകളാവണം.
രതിയും ആക്രമവാസനയും അല്ലെങ്കില്‍, അക്രമണോല്‍സുകമായ ലൈംഗികത ഇത് നൊറോണ കഥകള്‍ക്ക് വല്ലാത്തൊരു തീവ്രത നല്‍കുന്നുണ്ട്.  

?മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ അടിസ്ഥാന ചോദന ആസക്തിയാണ്. ജീവിതത്തോട് എല്ലാമനുഷ്യരും വച്ചു പുലര്‍ത്തുന്ന ഒന്നാണത്. എന്റെ കഥകളില്‍ ആസക്തിയുടെ ചൂരും ചൂടും നിറയുന്നുവെന്നത് അത് ജീവിതത്തോടും ചേര്‍ന്നുനില്‍ക്കുന്നുവെന്നതിനാലാണ്. അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതമാണ് എന്റെ ഒട്ടുമിക്ക കഥകളും . മലയാളസാഹിത്യം കൈകാര്യം ചെയ്യാന്‍ മടിച്ചുനിന്ന ചിലയിടങ്ങളൊക്കെ ധീരമായി നേരിടാന്‍ ഞാന്‍ എന്റെ കഥകളിലൂടെ പരിശ്രമിച്ചിട്ടുണ്ട്.അത്തരം ഇടപെടലുകളില്‍ ഞാന്‍ എത്തിചേര്‍ന്നയിടങ്ങളെ, ആസക്തിയുടെ വിളനിലമായി വിലയിരുത്തപ്പെടുന്നത് അതില്‍ നിറഞ്ഞുനില്‍ക്കുന്ന പച്ചയായ ജീവിതമായതിനാലാണ്.

? ലൈംഗികത പാപമാണ് എന്ന ക്രിസ്തീയബോധം താങ്കളുടെ കഥാപാത്രങ്ങളെ അലട്ടുന്നുണ്ടോ.?

ലൈംഗികത പാപമാണെന്ന തെറ്റായ ചിന്ത ക്രിസ്തീയബോധ ധാരയിലുണ്ട്. റോമന്‍ ചക്രവര്‍ത്തിമാരുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെ പ്രതിരോധിക്കാന്‍ സഭ ബോധപൂര്‍വ്വം എടുത്ത നിലപാടാണത്. ക്രിസ്തുദര്‍ശനങ്ങളില്‍ കാണാന്‍ കഴിയാതെ പോകുന്ന ലൈംഗിക പാപബോധത്തെകുറിച്ച് പൗലോസ് അപ്പസ്‌തോലന്‍ വാചാലനാകുന്നതിന്റെ സാഹചര്യം ഇതു തന്നെയാണ്. കാലത്തിനനുസരിച്ച് സഭയുടെ നിലപാടുകളില്‍ മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള ഭൂമികയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അവരുടെ  ബോധധാരയില്‍ ലൈംഗികത പാപമാണെന്ന വിചാരം ഉണ്ടാവുക എന്നത് കഥാപാത്രങ്ങളെ തനതു സ്വഭാവ സവിശേഷതയില്‍ അവതരിപ്പിക്കുന്നതുകൊണ്ടാണ്.

? മലയാള ചെറുകഥ ഇന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്. കഥയെക്കാള്‍ കഥ പറയുന്ന രീതിക്കാണ് ഇപ്പോള്‍ പ്രാധാന്യം. ഈ നിരീക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

കഥയ്ക്കാണ് ഞാന്‍ എന്നും പ്രാധാന്യം കൊടുത്തിട്ടുള്ളത്. കഥയെ ബലപ്പെടുത്തുക എന്നതിനു നിരവധി രചനാതന്ത്രങ്ങള്‍ മലയാളത്തിലുണ്ടാകുന്നുണ്ട്.  കഥയും, കഥപറയുന്ന രീതിയും തുല്യ പ്രാധാന്യമുള്ളവയാണെന്ന് തോന്നുമെങ്കിലും കഥയാണ് പ്രാധാന്യം. കഥയില്ലാത്തതൊന്നും കാലത്തെ അതിജീവിക്കില്ല.

? പുതു എഴുത്തുകാര്‍ ബോധാധാരാരീതിയെ ‘ആത്മഭാഷണ രീതിയിലേക്ക്’ കൊണ്ടുവന്നിരിക്കുന്നു സൂക്ഷിച്ചു കൈകാര്യം  ചെയ്തില്ലെങ്കില്‍  ഈ രീതി വിരസമാകും. എത്രമാത്രം ഫലപ്രദമാണീ രീതി?

കഥയിലെ വിവിധ കഥാപാത്രങ്ങളുടെ മനോനിലകള്‍ സമര്‍ഥമായി വെളിപ്പെടുത്താം. എന്നാല്‍ കഥാപാത്രങ്ങളുടെ മാനസിക ബൗദ്ധിക തലങ്ങളിലേക്ക് എഴുത്തുകാരന്റെ ബോധാധാര ചുരുക്കപ്പെട്ടുപോകാം എന്ന പരിമിതി ഇതിനുണ്ട്.

? പുതുമയാണ് വായനക്കാരന്‍ തേടുന്നത.് ഒരേ ശൈലി അവരെ മടുപ്പിക്കും. ഈ വെല്ലുവിളി താങ്കള്‍ എങ്ങനെയാണ് മറികടക്കുന്നത്.?

സാഹിത്യ ലോകത്തെ കുലപതി വായനക്കാരനാണ്. എഴുത്തുകാരന് മുന്നോട്ടു പോകാനുള്ള ഊര്‍ജം നല്‍കുന്നതുമവരാണ്. എഴുത്തുകാരനേക്കാള്‍ അവബോധമുള്ള ഒരു വായനാസമൂഹമാണ് നമുക്കുള്ളത്. ഒരേ ആഖ്യാനശൈലി എന്നത് എഴുത്തുകാരനില്‍ അറിയാതെ രൂപപ്പെട്ടുവരുന്നതാണ്. ഇത് അവരുടെ എഴുത്തിന്റെ വ്യക്തിപരമായ പ്രത്യേകതയാകുമ്പോഴും ആവര്‍ത്തനങ്ങള്‍ നിരാശപ്പെടുത്തിയേക്കാം. ആഖ്യാനശൈലിയിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ഒരു ശ്രമം നടത്താറുണ്ട്. അതെങ്ങനെയെന്നത് വ്യക്തമാക്കാനാവില്ല. കഥാപരിസരത്തിന് ആവശ്യമായ ഒരു സ്വാഭാവിക രീതിയാണ് ഞാന്‍ അവലംബിക്കാറ്.

? എഴുത്തുകാരനും സാമൂഹ്യപ്രതിബദ്ധതയും എന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹിക പ്രതിബദ്ധത എഴുത്തുകാരന്റെ ധര്‍മ്മമാണെന്ന് വിശ്വസിക്കുന്നുണ്ടോ? 

സാമൂഹിക പ്രതിബദ്ധത എഴുത്തുകാരന്‍ നിര്‍വഹിക്കുന്നത് അവന്റെ രചനകളിലൂടെയാണ്. എന്നാല്‍ എഴുത്തിന്റെ ഭൂമികയില്‍ നിന്ന് പുറത്തേക്ക് വന്നുള്ള ചില ഇടപെടലുകള്‍ കൂടി ഒരു എഴുത്തുകാരനില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. മൗനം സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലമാണിത്. നാം എല്ലാറ്റിനോടും സമരസപ്പെട്ടു പോകുന്നു. സമരം പ്രതിരോധം എന്നതൊക്കെ തെറ്റായ കാഴ്ചപ്പാടാണെന്നാണ് പുതുതലമുറയെ നാം പഠിപ്പിക്കുന്നത്. എന്നാല്‍ സാഹിത്യ മേഖലയുമായി ചേര്‍ന്നുകൊണ്ട് പ്രതിഷേധത്തിന്റെ  ഇടങ്ങള്‍ രൂപപ്പെട്ടുവരുന്നുണ്ട്. മൗനം മരണമാണെന്ന തിരിച്ചറിവ് ഇത്തരം തിരുത്തുകള്‍ നല്‍കുന്നുണ്ട്. എഴുത്തുകാരും ഇതില്‍ ഭാഗഭാക്കുകളാവണം.

? ഭാവനയാണോ, യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണ് പുതു കഥകളിലെ കഥാപാത്രങ്ങള്‍. ഒരു പരിധി വരെ പ്രമേയവും. താങ്കള്‍ കഥാപാത്രങ്ങളുടെ ആദിമാതൃകകള്‍ സ്വീകരിക്കുന്നത് എവിടെ നിന്നാണ്?

ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നാണ് എന്റെ കഥകള്‍ രൂപപ്പെട്ടു വരുന്നത്. പ്രവീണിന്റെ ‘ഓര്‍മ്മച്ചിപ്പു‘പോലയോ, വിനോയിയുടെ ‘രാമച്ചി’ പോലയോ ഒന്ന് എനിക്ക് ഭാവനയില്‍ രൂപപ്പെട്ടു വന്നാല്‍ കൂടി എഴുത്തിലേക്ക് സന്നിവേശിപ്പിക്കുവാന്‍ കഴിയുമോയെന്നത് സംശയമാണ്. യഥാര്‍ഥജീവിതത്തില്‍ അനുഭവിക്കാനായ ഒന്നിനെ ഭാവനാതലത്തില്‍ എഴുതാന്‍ കഴിയുമ്പോഴാണ് എനിക്കത് നന്നായി എഴുതാന്‍ കഴിയുക. അങ്ങനെയല്ലാതെ തികച്ചും ഭാവനാലോകത്തില്‍ എഴുതുവാന്‍ കഴിയുക ഒരനുഗ്രഹം തന്നെയാണ്. ഭാവനയും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള രചനകള്‍ ഞങ്ങള്‍ പുതുതലമുറയുടെ പ്രത്യേകതയല്ല. എന്‍ പ്രഭാകരന്‍ മാഷിനെപ്പോലെയുള്ളവര്‍ തെളിയിച്ചിട്ട ഒരുപാത ഞങ്ങളുടെ മുന്നിലുണ്ട്.

എഴുത്ത് എനിക്ക് വേദന നിറഞ്ഞ ഒരു പോരാട്ടമായാണ് അനുഭവപ്പെടുന്നത് എങ്കിലും ജീവിതത്തില്‍ ചൂടാറിപ്പോകാതെ എന്നെ പിടിച്ചു നിറുത്തുന്നത് എഴുത്തും വായനയും തന്നെയാണ്. എഴുത്തിലെത്രകാലം എന്നത് എനിക്കൊരു വിഷയമല്ല. മരിക്കുന്നത് വരെ വായിക്കാനാവണം. അതൊരു വലിയ മോഹമാണ്

? ദാരിദ്രത്തിലും തളരാതെ ആണധികാരങ്ങളെ തൃണവത്ക്കരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ  താങ്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരു സ്ത്രീപക്ഷ എഴുത്തുകാരനാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍…?  

സ്ത്രീക്ക് അനുകൂലമായി സംസാരിക്കുന്നതും എഴുതുന്നതുമാണ് സ്ത്രീപക്ഷം എന്നു ഞാന്‍ കരുതുന്നില്ല. സമൂഹത്തില്‍ തുല്യപ്രാധാന്യമുള്ള ഒരു സ്ഥാനം സ്ത്രീക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. അത് പുരുഷ പ്രകൃതിയെ അനുകരിച്ചുകൊണ്ടോ താദാത്മ്യപ്പെട്ടു കൊണ്ടോ അല്ല നേടേണ്ടത്. ‘തൊട്ടപ്പനി‘ലെ കുഞ്ഞാടും, ‘കടവരാലി‘ലെ ചിമിലിയും, ‘എലേടെ സുഷരങ്ങളി‘ലെ ബിയാട്രിസും തുല്യതയ്ക്കുള്ള പോരാട്ടങ്ങളുടെ പ്രധിനിധികളായിരിക്കുമ്പോഴും ജൈവികതനിമയുള്ള സ്ത്രീ കഥാപാത്രങ്ങളായിത്തന്നെയാണ് നില്‍ക്കുന്നത്. പക്ഷം  ചേര്‍ന്നുള്ള രചനകള്‍ക്കപ്പുറം ജീവിതത്തിന്റെ സമഗ്രതയുടെ അടയാളപ്പെടുത്തലാവണം സാഹിത്യം.

? എഴുത്തുകാരന്‍ ഒരു പ്രത്യേകവശത്തിന്റെ / മതത്തിന്റെ / സമുദായത്തിന്റെ ഭൂമികയില്‍ ഒതുങ്ങി കൂടുന്നത് ഒരു പരിമിതിയല്ലേ? താങ്കളുടെ കഥകളിലെ ക്രിസ്തീയ പശ്ചാത്തലത്തെ മുന്‍നിര്‍ത്തി അങ്ങനെ പറഞ്ഞാല്‍?

അരികുവത്കരിക്കപ്പെട്ട, മുറിവേല്‍ക്കപ്പെട്ട, പുറന്തള്ളപ്പെട്ട ഒരു സമൂഹത്തെക്കുറിച്ചാണ് ഞാനെഴുതുന്നത്. ഇപ്രകാരമുള്ള എന്റെ അന്വേഷണങ്ങള്‍ എന്റെ ചുറ്റുവട്ടത്തു നിന്നുമാണ് ആരംഭിക്കുന്നത്. കടലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ഭൂമികയും പ്രത്യേകജീവിതം നയിക്കുന്ന മതവിഭാഗങ്ങളുമൊക്കെ  എന്റെ കഥകളില്‍ കടന്നു വരാറുണ്ട്. എഴുത്തില്‍ തുടക്കകാരനായ എനിക്ക് ഇതിനപ്പുറത്തേക്ക് പോകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും അതിനായുള്ള ശ്രമങ്ങളും കൂടി തീര്‍ച്ചയായും ഉണ്ടായിരിക്കണം.

? ‘അശരണരുടെ സുവിശേഷം‘എന്ന ആദ്യ നോവലും അടുത്തിടെ പുറത്തിറങ്ങിയല്ലോ. ദേശത്തെയും കാലത്തെയും എങ്ങനെയാണ് അതില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്?

ക്രിസ്തീയതയ്ക്ക് പുതിയൊരു കാഴ്ചപ്പാടാണല്ലോ ആ നോവല്‍ നല്‍കുന്നത്.  ക്രിസ്തുമതം ഒരു ദൈവരാജ്യസങ്കല്പത്തില്‍ അധിഷ്ഠിതമായ ഒന്നാണ്. എന്നെ സംബന്ധിച്ചെടുത്തോളം ദൈവരാജ്യം എന്നു പറയുന്നത്, ഒരേ പിതാവിന്റെ മക്കള്‍ എന്നനിലയില്‍ മനുഷ്യര്‍ സ്‌നേഹത്തിലും, സാഹോദര്യത്തിലും കഴിയുന്ന ഒരു സോഷ്യലിസ്റ്റ് ഭൂമികയാണ്. ഒരു തെറ്റായ ദൈവരാജ്യബോധം ക്രൈസ്തവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ മാത്രമായ ഒരു ദൈവരാജ്യം. ഇതൊരാധിപത്യത്തിന്റെ അപകടം നിറഞ്ഞ ചിന്താഗതിയാണ്. അതില്‍ ബഹുസ്വരതയില്ല. അത്തരം ചിന്താഗതികളുടെ കേന്ദ്രബിന്ദുവില്‍ ക്രിസ്തുവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം ചിന്താഗതികളെ പൊളിച്ചടുക്കേണ്ടത് അനിവാര്യമാണ്. അപ്രകാരമുള്ള ഇടപെടലില്‍ പൗരോഹിത്യ നിയമങ്ങളുമായി കലഹിക്കേണ്ടി വരിക സ്വാഭാവികമാണ്. ഇപ്രകാരം പൗരോഹത്യ നിയമങ്ങള്‍ക്കെതിരെ പോരാടിയ യഥാര്‍ത്ഥ ക്രിസ്തുവിനെ പകര്‍ന്നു നല്‍കാനാണ് ഞാന്‍ നോവലിലൂടെ പരിശ്രമിച്ചിട്ടുള്ളത്. എന്റെ നോവലിലെ നായകന്‍ അതുകൊണ്ട് തന്നെ വിളിച്ചു പറയുന്നത്; ”എന്റെ ക്രിസ്തുവിന് രാജാവാകാന്‍ പറ്റില്ല” എന്നാണ്.  പാവങ്ങളുടെയും, വിശക്കുന്നവരുടെയും കണ്ണീരൊപ്പിയ റെയിനോള്‍ഡ്‌സ് ‘അച്ചന്‍’ ആണിതിലെ നായകന്‍. അദ്ദേഹത്തെയാണ് ക്രിസ്തുവിന്റെ പ്രതിരൂപമായി അവതരിപ്പിച്ചിട്ടുള്ളത്. (1910–1988 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അദ്ദേഹം സഭയുടെ ദൗത്യം എന്താണെന്നു പഠിപ്പിച്ചു. ആ ജീവിതത്തിന്റെ നാള്‍വഴികളാണ് നോവലില്‍ വിവരിച്ചിരിക്കുന്നത്.