Thursday
18 Jul 2019

കുതിച്ചും കിതച്ചും മലയാള സിനിമ

By: Web Desk | Sunday 31 December 2017 1:18 AM IST


കെ കെ ജയേഷ്

ഇടയ്ക്ക് കുതിച്ചും കൂടുതല്‍ നേരവും കിതച്ചും മുന്നോട്ട് പോവുകയാണ് മലയാള സിനിമ. പ്രതീക്ഷിച്ച പല സിനിമകളും പൊട്ടിത്തകര്‍ന്നപ്പോള്‍ അപ്രതീക്ഷിതമായി ചില സിനിമകള്‍ നേടിയ വന്‍ വിജയങ്ങള്‍ 2017 ല്‍ മലയാള സിനിമയ്ക്ക് കരുത്തായി.

തളിര്‍ത്ത മുന്തിരി വള്ളികളും ജോമോനും
വെള്ളിമുങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളുമാണ് ജനുവരിയിലെ വിജയ ചിത്രങ്ങള്‍. ലളിതമായ അവതരണമാണ് ഈ രണ്ടു ചിത്രങ്ങളുടെയും പ്രത്യേകത. ആദ്യപകുതി നല്ല രീതിയില്‍ കഥ പറഞ്ഞ ജോമോന്‍ രണ്ടാം പകുതിയില്‍ ആവര്‍ത്തന വിരസത കൊണ്ട് വലിയുന്നുണ്ട്. എങ്കിലും രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളും ദുല്‍ഖര്‍ സല്‍മാന്റെ സാന്നിധ്യവും ജോമോന്റെ സുവിശേഷങ്ങളെ ഹിറ്റാക്കി. കുടുംബ ബന്ധങ്ങളുടെ തീവ്രതയാണ് മുന്തിരിവള്ളികളുടെ സവിശേഷത. മോഹന്‍ലാല്‍ കെട്ടിവെയ്ക്കലുകളുടെ ഭാരമില്ലാതെ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെ ഭംഗിയാക്കുകയും ചെയ്തു. ഡോ; ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം മികച്ച സിനിമയെന്ന് അഭിപ്രായം നേടിയെങ്കിലും തിയേറ്ററില്‍ രക്ഷപ്പെട്ടില്ല. സമകാലീന രാഷ്ട്രീയത്തിന്റെ ശക്തമായ ദൃശ്യാവിഷ്‌ക്കാരം കൂടിയായിരുന്നു ഈ കാടുപൂക്കുന്ന നേരം. അനാവശ്യ സങ്കീര്‍ണ്ണതകളില്ലാതെ അതിശക്തമായ പ്രമേയം ഏറെ മികവോടെ ചിത്രം പകര്‍ത്തി. ഡോ: ബിജുവിന്റെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് കാടുപൂക്കുന്ന നേരം. ഷെറി സംവിധാനം ചെയ്ത ഗോഡ് സേയ്ക്കും ഇതേ അനുഭവം ആയിരുന്നു. കവിയുടെ ഒസ്യത്ത് എന്ന ചിത്രം വന്നതും പോയതും ആരും അറിഞ്ഞതുമില്ല.

ഭയപ്പെടുത്താന്‍ എസ്ര
ജെയ് കെ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയാണ് ഫെബ്രുവരിയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. അവസാനമെത്തുമ്പോള്‍ പതിവ് പ്രേത കഥയായി മാറിപ്പോകുന്നുണ്ടെങ്കിലും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഹൊറര്‍ കഥയെ അവതരിപ്പിച്ചതാണ് ചിത്രത്തിന്റെ മേന്മ. അവതരണ ഭംഗി കൊണ്ടും ചിത്രം കൈയ്യടി നേടി. സമീപകാലത്തിറങ്ങിയ ഹൊറര്‍ ചിത്രങ്ങളില്‍ രചനാപരമായും ആവിഷ്‌ക്കാരപരമായും ഏറെ മുന്നില്‍ നില്‍ക്കുന്നുണ്ട് ഈ ചിത്രം. ഏറെ പ്രതീക്ഷയോടെ സൂപ്പര്‍ സംവിധായകന്‍ സിദ്ധിഖ് ഒരുക്കിയ ഫുക്രി ശരാശരി മാത്രമായി. കേട്ട് പഴകിയ കഥയാണ് ചിത്രത്തിന് വിനയായത്. ശ്രീകാന്ത് മുരളി എന്ന നവാഗത സംവിധായകന്‍ വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ എബി തരക്കേടില്ലാത്ത ചിത്രമെന്ന അഭിപ്രായം സ്വന്തമാക്കി. കോടികള്‍ ചെലവഴിച്ച് ജയരാജ് ഒരുക്കിയ വീരം രചനാപരമായും ആവിഷ്‌ക്കാരപരമായും ശുദ്ധ അസംബന്ധമായി മാറി. തിയേറ്ററിലും ഈ ചിത്രം ദയനീയ പരാജയമായി. ആര്‍ ശരത്തിന്റെ സ്വയം, സജി പാലമേലിന്റെ ആറടി തുടങ്ങിയ ചിത്രങ്ങള്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല.

അങ്കമാലിയിലെ പിള്ളേരും ടേക്ക് ഓഫും
പതിനാറ് ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയത്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന രണ്ട് ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. ഡബിള്‍ ബാരല്‍ എന്ന പരാജയത്തിന് ശേഷം പൂര്‍ണ്ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫുമാണ് ആ ചിത്രങ്ങള്‍. താരങ്ങളോ എന്തിന് പരിചിത മുഖങ്ങള്‍ പോലുമില്ലാതെയാണ് അങ്കമാലിയിലെ കട്ട ലോക്കല്‍ പിള്ളേരുടെ കഥ ലിജോ പറഞ്ഞത്. നടന്‍ ചെമ്പന്‍ വിനോദ് എഴുതിയ തിരക്കഥയും വിസ്മയിപ്പിക്കുന്ന സംവിധാനം മികവും ചേര്‍ന്ന അങ്കമാലി മലയാളികള്‍ക്ക പുത്തന്‍ ദൃശ്യവിരുന്നായി മാറി. മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് ടേക്ക് ഓഫ്.

ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോകുന്ന മലയാളി നഴ്‌സുമാരുടെ കഥ അത്യധികം വികാരതീവ്രമായിരുന്നു. ഒരു നിമിഷം പോലും ബോറടിക്കാതെ അസാധാരണ കൈയ്യടക്കത്തോടെയാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫ് അണിയിച്ചൊരുക്കിയത്. പാര്‍വ്വതി എന്ന നടിയുടെ വിസ്മയകരമായ പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും ചിത്രത്തിന് കരുത്തായി. ഒരു വിദേശ സിനിമ കാണുന്ന പ്രതീതിയായിരുന്നു ചിത്രം സമ്മാനിച്ചത്. അന്താരാഷ്ട്ര മേളകളില്‍ ഉള്‍പ്പെടെ ചിത്രം മലയാളത്തിന്റെ അഭിമാനവും ഉയര്‍ത്തി.
കാമ്പസ് കഥ പറഞ്ഞ ടോം ഇമ്മട്ടിയുടെ ഒരു മെക്‌സിക്കന്‍ അപാരതയും ഹനീഫ് അഥാനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറും തിയേറ്ററില്‍ വിജയങ്ങളായി. റിലീസിന് മുമ്പേ സൃഷ്ടിച്ചെടുത്ത പ്രേക്ഷക പ്രതീക്ഷ മെക്‌സിക്കയ്ക്ക് ഗുണമായെങ്കില്‍ മമ്മൂട്ടിയെന്ന താരത്തിനെ എല്ലാവിധ ഗാംഭീര്യത്തോടും കൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചതാണ് ഗ്രേറ്റ് ഫാദറിനെ തുണച്ചത്. മഞ്ജു വാര്യര്‍ ചിത്രം സൈറാ ബാനു തരക്കേടില്ലാത്ത അഭിപ്രായം സ്വന്തമാക്കി. മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാറ ശരാശരി അഭിപ്രായം നേടിയെങ്കിലും തിയേറ്റര്‍ വിജയമായില്ല. കെ ബിജുവിന്റെ ജോര്‍ജ്ജേട്ടന്‍സ് പൂരം പരാജയപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി ദിലീപ് എന്ന താരവും ജീവിതത്തില്‍ തിരിച്ചടികളിലേക്ക് കൂപ്പുകുത്തി. വിജയ ചിത്രമായ ഹണിബീയുടെ ചുവടുപിടിച്ച് ജൂനിയര്‍ ലാല്‍ ഒരുക്കിയ ഹണി ബീ 2 അണിയറ പ്രവര്‍ത്തകര്‍ക്ക് കേസും വയ്യാവേലിയും മാത്രം സൃഷ്ടിച്ചു. അയാള്‍ ജീവിച്ചിരിപ്പുണ്ട്. ദേവയാനം, സമര്‍പ്പണം, പരീത് പണ്ടാരി, ഡ്രൈ, ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍, ഒരു മലയാളം കളര്‍ പടം, കാംബോജി തുടങ്ങിയവയാണ് ഈ മാസത്തിലെ പരാജയ ചിത്രങ്ങള്‍.

ബാഹുബലി വാണ ഏപ്രില്‍
ഏപ്രില്‍ മാസം മലയാള സിനിമയ്ക്ക് പൊതുവെ ഗുണകരമായിരുന്നില്ല. മൊഴിമാറ്റിയെത്തിയ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലിയുടെ ജൈത്രയാത്രയ്ക്ക് മുമ്പില്‍ മലയാള സിനിമ തലകുനിച്ചു. കോടികള്‍ ചെലവഴിച്ചെത്തിയ ഈ വമ്പന്‍ പടം കേരളത്തിലും വലിയ വിജയം സ്വന്തമാക്കി. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന യുദ്ധരംഗങ്ങളും ഗംഭീര ആക്ഷന്‍ രംഗങ്ങളുമെല്ലാം ചേര്‍ന്ന ബാഹുബലി മലയാളികള്‍ക്കും വിസ്മയകരമായ ഒരു കാഴ്ചാനുഭവം ആയിരുന്നു.
ബാഹുബലിയുടെ ജൈത്രയാത്രക്കിടയില്‍ തന്നെയാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ബിജു മേനോന്‍ ചിത്രം രക്ഷാധികാരി ബൈജു വിജയം നേടിയത്. ഒരു നാട്ടിന്‍ പുറത്തിന്റെ കഥ പറഞ്ഞ ഈ കൊച്ചു ചിത്രം ലളിതമായ ആഖ്യാനം കൊണ്ട് പ്രേക്ഷക പ്രീതി നേടി. കോടികള്‍ ചെലവഴിച്ചെത്തിയ മേജര്‍ രവി മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് രചനാ പരമായും ആവിഷ്‌ക്കാരപരമായും ശുദ്ധ ബോറായി. ചിത്രം ദയനീയ പരാജയവും ഏറ്റുവാങ്ങി. പ്രതിഭാധനനായ രഞ്ജിത്തിന്റെ പുത്തന്‍ പണം എന്ന മമ്മൂട്ടി ചിത്രവും പ്രേക്ഷക ബുദ്ധിയെ കളിയാക്കുന്ന ചിത്രമായിരുന്നു. തരക്കേടില്ലാത്ത തുടക്കമായിരുന്നെങ്കിലും പിന്നീടെങ്ങോട്ട് കഥയെ കൊണ്ടുപോകണം എന്നറിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്. തുടക്കത്തില്‍ വലിയ കലക്ഷന്‍ നേടിയെങ്കിലം സിദ്ധാര്‍ത്ഥ് ശിവയുടെ നിവിന്‍ പോളി ചിത്രം സഖാവ് പിന്നീട് ശരാശരിയിലൊതുങ്ങി. പഴയകാല നാടകങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ചിത്രം. മുദ്രാവാക്യം വിളിയും ചൊങ്കൊടിയുമെല്ലാമായി തുടക്കത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും ചിത്രത്തിന്റെ പഴഞ്ചന്‍ സ്വഭാവം തിരിച്ചടിയായി. ദീപന്റെ ജയറാം ചിത്രം സത്യ, പി കെ ബാബുരാജിന്റെ ജമിനി എന്നിവയും പരാജയപ്പെട്ടു.

ഗോദയിലേക്ക്
ബേസില്‍ ജോസഫിന്റെ ടൊവിനോ തോമസ് ചിത്രം ഗോദയാണ് മെയ് മാസത്തില്‍ പ്രേക്ഷക പ്രീതി സ്വന്തമാക്കിയത്. ലളിതമായ കഥയെ ലളിതമായ ആവിഷ്‌ക്കാരത്തിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ച ബേസില്‍ കയ്യടി നേടി. അവതരണ മികവുകൊണ്ട് ശ്രദ്ധ നേടിയ സി ഐ എ ശരാശരി വിജയം സ്വന്തമാക്കി. ദുല്‍ഖര്‍ സല്‍മാന്റെ സാന്നിധ്യവും അമല്‍നീരദിന്റെ കിടിലന്‍ സംവിധാന മികവുമാണ് സി ഐ എയുടെ ആകര്‍ഷണം. മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രം ഹോളിവുഡ് സിനിമകളുടെ പെര്‍ഫെക്ഷന്‍ പ്രേക്ഷകരെ അനുഭവിപ്പിച്ചു. സാധാരണ പ്രേക്ഷകര്‍ക്ക് അത്രത്തോളം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ പോയതാണ് ചിത്രത്തെ ശരാശരി വിജയത്തില്‍ ഒതുക്കിയത്. ശക്തമായ സ്ത്രീ പക്ഷ രചനയായ രഞ്ജിത്ത് ശങ്കറിന്റെ രാമന്റെ ഏദന്‍ തോട്ടം തിയേറ്ററില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. ടി വിയില്‍ വന്നപ്പോഴും സി ഡി റിലീസിംഗിലൂടെയും ചിത്രം പ്രേക്ഷക പ്രീതി സ്വന്തമാക്കി. പരസ്യമോ പ്രചരണ കോലാഹലമോ ഇല്ലാതെ എത്തിയതാണ് നവാഗതനായ രോഹിത് വി എസിന്റെ അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ എന്ന ആസിഫ് അലി ചിത്രത്തിന് വിനയായത്. ഈ ചിത്രം തിയേറ്ററില്‍ എത്തിയതുപോലും പലരും അറിഞ്ഞില്ല. അറിഞ്ഞ് ആളുകള്‍ എത്തുമ്പോഴേക്കും ചിത്രം തിയേറ്റര്‍ വിടുകയും ചെയ്തിരുന്നു. വ്യത്യസ്തമായ കഥ പറച്ചില്‍ രീതിയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത്. അന്‍സാര്‍ ഖാന്റെ ലക്ഷ്യം മികച്ച തുടക്കമായിരുന്നെങ്കിലും മുന്നോട്ട് പോകാന്‍ കഴിയാത്ത കിതച്ച പ്രമേയം ചിത്രത്തിന് വിനയായി. കണ്ണന്‍ താമരക്കുളത്തിന്റെ ജയറാം ചിത്രം അച്ചായന്‍സ് പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ നിറച്ചെത്തിയതായിരുന്നു. വി കെ പ്രകാശിന്റെ കെയര്‍ഫുള്‍ എന്ന ചിത്രവും യാതൊരു ചലനവും സൃഷ്ടിക്കാതെ തിയേറ്റര്‍ വിട്ടു.

പ്രേക്ഷക ഹൃദയം കൊള്ളയടിച്ച കള്ളന്‍
പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു ജൂണ്‍ മാസത്തില്‍. പക്ഷെ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന മനോഹര ചിത്രം മാത്രം മതിയായിരുന്നു പ്രേക്ഷകര്‍ക്ക് ആശ്വസിക്കാന്‍. അത്രയേറെ മനോഹരമായിരുന്നു ഈ സിനിമ. സജീവ് പാഴൂരിന്റെ തിരക്കഥയും ശ്യാം പുഷ്‌ക്കരന്റെ സംഭാഷണങ്ങളും രാജീവ് രവിയുടെ ക്യാമറയും ദിലീഷ് പോത്തന്റെ സംവിധാന മികവും ചിത്രത്തെ അസാധാരണമായ ഒരു കാഴ്ചാനുഭവം ആക്കി മാറ്റി. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ തുടങ്ങിയവരുടെ കത്തുന്ന പ്രകടനങ്ങളും തൊണ്ടിമുതലിനെ സ്വര്‍ണ്ണ പേടകമാക്കി. ചിക്കന്‍ കോക്കാച്ചി, മചുക, ഡാന്‍സ് ഡാന്‍സ്, എന്റെ കല്ലുപെന്‍സില്‍, വിളക്കുമരം, അവരുട രാവുകള്‍, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, റോള്‍ മോഡല്‍സ്, പ്രേതം ഉണ്ട് സൂക്ഷിക്കുക തുടങ്ങിയ നിരവധി പരാജയങ്ങള്‍ ഉണ്ടായിരുന്നു ഈ മാസം. ലിയോ തദേവൂസ് സംവിധാനം ചെയ്ത ഒരു സിനിമാക്കാരന്‍ ഭേദപ്പെട്ട അഭിപ്രായം നേടിയെങ്കിലും വിജയമായില്ല.

മിന്നി മിന്നി മിന്നാമിനുങ്ങ്.. തകര്‍ന്നടിഞ്ഞ് ടിയാന്‍

കോടികള്‍ ചെലവഴിച്ച് വമ്പന്‍ പരസ്യങ്ങളോടെ എത്തിയ ജി എന്‍ കൃഷ്ണകുമാറിന്റെ പ്രഥ്വിരാജ് ചിത്രം ടിയാന്‍ ജൂലൈ മാസത്തില്‍ തകര്‍ന്നടിഞ്ഞു. കെട്ടുകാഴ്ചകളുടെ ആറാട്ടായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രം. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ഫലമോ ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം തിയേറ്റര്‍ വിട്ടു. സുരഭിയെന്ന നടിയുടെ അഭിനയ മികവായിരുന്നു മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ കരുത്ത്. ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെ ഈ അഭിനയ മികവ് സുരഭിയ്ക്ക് സമ്മാനിച്ചു. അനില്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ തിയേറ്ററില്‍ വിജയമായില്ല. അസ്തമയം വരെ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സജിന്‍ ബാബുവിന്റെ അയാള്‍ ശശി വേണ്ടത്രെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ജിസ് ജോസ് സംവിധാനം ചെയ്ത ആസിഫലി ചിത്രം സണ്‍ഡേ ഹോളിഡേ ലളിതമായ ആവിഷ്‌ക്കാരത്താല്‍ വിജയം സ്വന്തമാക്കി. ഹാദിയ, ബഷീറിന്റെ പ്രേമലേഖനം, മൈഥിലി വീണ്ടും വരുന്നു. ടീം 5, ഹിമാലയത്തിലെ കശ്മലന്‍മാര്‍ കടംകഥ, പകല്‍ പോലെ ഉത്തരം പറയാതെ തുടങ്ങിയവയായിരുന്നു ഈ മാസത്തിലെ പരാജയങ്ങള്‍.

വെളിപാടില്ലാത്ത കാഴ്ചകള്‍

ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിക്കുന്നത് സ്വാഭാവികം. ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ വെളിപാടിന്റെ പുസ്തകം പക്ഷെ വെളിപാടില്ലാത്ത കാഴ്ചകള്‍ കൊണ്ട് സമ്പന്നമായിരുന്നു. ബെന്നിയുടെ തന്നെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ പ്രമേയം മറ്റൊരു തരത്തില്‍ അവതരിപ്പിച്ച ഈ ചിത്രം തരംഗമായ ജിമിക്കി കമ്മല്‍ എന്ന പാട്ടുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ടു. അശ്ലീല തമാശകള്‍ കുത്തി നിറച്ചെത്തിയ ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് ആവോളം ആക്ഷേപം കേട്ടുവെങ്കിലും തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക തരക്കേടില്ലാത്ത അഭിപ്രായം നേടിയെങ്കിലും വിജയമായില്ല. പൊട്ടിത്തകര്‍ന്ന ഹണി ബീയുടെ ലൊക്കേഷനില്‍ ചിത്രീകരിച്ച ഹണി ബീ 2.5 ഹണീബിയേക്കാള്‍ മികച്ചതായിരുന്നുവെങ്കിലും പരാജയപ്പെട്ടു. സലിം കുമാറിന്റെ കറുത്ത ജൂതന്‍ പ്രമേയപരമായും ആവിഷ്‌ക്കാരപരമായും ഗംഭീര സിനിമയായിരുന്നെങ്കിലും പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു. ആരോണ്‍ ഇല്യാഹു എന്ന കറുത്ത ജൂതനിലൂടെ മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപരിസരങ്ങളിലേക്കായിരുന്നു സലിം കുമാര്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. ദ്രാവിഡ പുത്രി. സര്‍വ്വോപരി പാലാക്കാരന്‍, ക്ലിന്റ്,് ത്രിശ്ശിവപേരൂര്‍ ക്ലിപ്തം, ബോബി, ഇ, മണ്ണാങ്കട്ടയും കരിയിലയും, നവല്‍ എന്ന ജുവല്‍, ഒരു വിശേഷപ്പെട്ട ബിരിയാണി കിസ, ലച്ച്മി, താങ്ക്യു വെരിമച്ച് തുടങ്ങിയ ചിത്രങ്ങളെല്ലാം ആഗസ്റ്റ് മാസം യാതൊരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി.

രാമന്റെ വാഴ്ച.. പാറിപ്പറന്ന പറവ
നടിയെ അക്രമിച്ച കേസില്‍ ജയിലിലായ ദിലീപിന്റെ രാമലീല സപ്തംബറില്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ വന്‍ വിജയം നേടി. രാമന്റെ വാഴ്ച തന്നെയായിരുന്നു തിയേറ്ററില്‍ കണ്ടത്. ഒരു ത്രില്ലറിന് ചേരുന്ന അവതരണവും കരുത്തുറ്റ തിരക്കഥയുമായിരുന്നു ഈ ചിത്രത്തിന്റെ വിജയം. ദുല്‍ഖര്‍ ഉണ്ടെങ്കിലും രണ്ട് കുട്ടികളെ പ്രധാന കഥാപാത്രമാക്കി സൗബിന്‍ ഷാഹിര്‍ ഒരുക്കിയ പറവ അവതരണ ഭംഗി കൊണ്ട് പ്രേക്ഷക പ്രീതി സ്വന്തമാക്കി.

മട്ടാഞ്ചേരിയിലെ ജീവിതം പച്ചയായി പകര്‍ത്തുകയായിരുന്നു സംവിധായകന്‍. ബാലതാരങ്ങളുടെ മികച്ച പ്രകടവും ചിത്രത്തിന് തുണയായി. കോടികള്‍ ചെലവഴിച്ച് വിദേശരാജ്യങ്ങളില്‍ ചിത്രീകരിച്ച ആദം ജോണ്‍ ഒരു ഹോളിവുഡ് ചിത്രത്തിന്റെ അവതരണ ഭംഗി സമ്മാനിച്ചുവെങ്കിലും വലിയ വിജയം നേടിയില്ല. സാധാരണ പ്രേക്ഷകര്‍ക്ക് പ്രമേയത്തോട് ചേര്‍ന്നു നില്‍ക്കാന്‍ സാധിക്കാതെ പോയതാണ് ചിത്രത്തിന് വിനയായത്. മഞ്ജുവാര്യരെ നായികയാക്കി ഫാന്റം പ്രവീണ്‍ ഒരുക്കിയ ഉദാഹരണം സുജാത ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. എന്നാല്‍ അതിന്റെ കൃത്യമായി മലയാള പശ്ചാത്തലത്തിലേക്ക് പറിച്ച് നടാന്‍ സംവിധായകന് സാധിച്ചു. തരക്കേടില്ലാത്ത വിജയവും ചിത്രം സ്വന്തമാക്കി. മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രം മമ്മൂട്ടിയെ വെറും കോമാളിയാക്കി. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ലളിതമായ അവതരണത്താല്‍ ശ്രദ്ധ നേടി. കാന്‍സര്‍ എന്ന രോഗത്തെ നര്‍മ്മത്തോടെ സമീപിച്ചതാണ് ചിത്രത്തെ വേറിട്ടതാക്കിയത്. ഇതേ സമയം ഒഴുക്ക് നഷ്ടപ്പെട്ട കഥ ഒരിടത്ത് തന്നെ ചുറ്റിത്തിരിഞ്ഞത് വന്‍ വിജയമാകുന്നതിന് ചിത്രത്തിന് തടസ്സമായി. കാപ്പുചീനോ, മാച്ച് ബോക്‌സ്, പോക്കിരി സൈമണ്‍, ഷെര്‍ലക് ടോംസ്, തരംഗം, സോളോ, ലവ കുശ തുടങ്ങിയ ചിത്രങ്ങളൊന്നും പ്രേക്ഷക പ്രീതി സ്വന്തമാക്കിയില്ല. കാടു കയറിയ പരീക്ഷണമാണ് സോളോയ്ക്ക് വിനയായത്. എന്താണ് കാണുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകാതെ പോയ അവസ്ഥ. തിരക്കഥയിലെ ദുര്‍ബലതകളാണ് ഷെര്‍ലക് ടോംസിന് തിരിച്ചടിയായത്.

വില്ലനോ നായകനോ
വമ്പന്‍ പ്രതീക്ഷയുയര്‍ത്തിക്കൊണ്ടായിരുന്നു ബി ഉണ്ണിക്കൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ഒക്ടോബറിലെ വരവ്. മോഹന്‍ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും തമിഴ് താരം വിശാലിന്റെ സാന്നിധ്യവുമെല്ലാം പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ശരാശരിയില്‍ ഒതുങ്ങാനായിരുന്നു ചിത്രത്തിന്റെ വിധി. വ്യത്യസ്തമായൊരു പ്രമേയമായിരുന്നു ചിത്രത്തിന്റേതെങ്കിലും തിരക്കഥയിലും സംവിധാനത്തിലും സംഭവിച്ച പാളീച്ചകള്‍ ചിത്രത്തിന് വിനയായി. മോഹന്‍ലാലിന്റെ മികച്ച അഭിനയം മാത്രമായിരുന്നു ആശ്വാസം. നിരവധി ചിത്രങ്ങളുടെ സമാഹാരമായ ക്രോസ് റോഡ്, അരുണ്‍ കുമാര്‍ അരവിന്ദിന്റെ കാറ്റ്, റെഡ് റണ്‍, മെല്ലെ, സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ ഒരുക്കിയ ആകാശമിഠായി, വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ തുടങ്ങിയവയെല്ലാം എളുപ്പം തിയേറ്റര്‍ വിട്ടു.

പുണ്യാളനും പൈപ്പിന്‍ ചുവട്ടിലെ ആ പ്രണവും
നിലവരാമില്ലാത്ത ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു നവംബറില്‍. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ ചുവട് പിടിച്ച് രഞ്ജിത് ശങ്കര്‍ ഒരുക്കിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം മാത്രമാണ് സാമാന്യം വിജയം നേടിയത്. ആദ്യ ചിത്രത്തിന്റെ അടുത്തെങ്കിലും പ്രൈവറ്റ് ലിമിറ്റഡ് എത്തിയില്ല. കോമഡി പോലും പലപ്പോഴും ഏശാതെ പോയി. ചാനല്‍ ചര്‍ച്ചകളെ അനുസ്മരിപ്പിക്കുന്ന അവതരണമായിരുന്നുവെങ്കിലും തീര്‍ത്തും ദുര്‍ബലമായ ചിത്രങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം ആശ്വാസം ഇതുമാത്രമായിരുന്നു. വ്യത്യസ്തമായ കഥ പറഞ്ഞ പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രമാണ് ശ്രദ്ധ നേടിയ മറ്റൊരു ചിത്രം. ശക്തമായ പ്രമേയം കൈകാര്യം ചെയ്ത ചിത്രം പക്ഷെ പകുതി ശേഷം തീര്‍ത്തും ദുര്‍ബലമായിപ്പോയി. വിദേശചിത്രത്തെ അനുകരിച്ചെത്തിയ ഓവര്‍ടേക്ക് വിജയം നേടിയില്ല. ഗൂഡാലോചന, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, ചിപ്പി, ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച, ഹലോ ദുബായ്ക്കാരന്‍, ചക്കരമാവില്‍ കൊമ്പത്ത്, ആറ് വിരലുകള്‍, ചെമ്പരത്തിപ്പൂ, ഹിസ്റ്ററി ഓഫ് ജോയ് തുടങ്ങിയ ചിത്രങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ കാര്യത്തില്‍ പരസ്പരം മത്സരിച്ചു. ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനവുമായെത്തിയ പാതി എന്ന ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

മായാനദിയില്‍ മുങ്ങിക്കുളിച്ച് ഡിസംബര്‍.. ചിരിപ്പിച്ച ആട്
സദൃശ്യവാക്യം, നിലാവറിയാതെ തുടങ്ങിയ ഡിസംബര്‍ റിലീസുകളെല്ലാം നനഞ്ഞ പടക്കങ്ങളായി മാറി. എന്നാല്‍ ക്രിസ്മസ് റിലീസുകള്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ച് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്, പ്രൃഥ്വിരാജിന്റെ വിമാനം, വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍, ജയസൂര്യയുടെ ആട് 2, ടൊവിനോയുടെ മായാനദി തുടങ്ങിയ ചിത്രങ്ങളാണ് ക്രിസ്മസ് റിലീസുകളായി തിയേറ്ററിലെത്തിയത്. ഇതില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ചും സ്ത്രീ പക്ഷ സമീപനം സ്വീകരിച്ചുകൊണ്ടും ആഷിക്ക് അബുവിന്റെ മായാനദി ഏറെ മുന്നില്‍ നില്‍ക്കുന്നു.

ബന്ധങ്ങളുടെ മാറുന്ന കാഴ്ചപ്പാടുകളും ഭരണകൂടത്തിന്റെ ദയാരഹിതമായുള്ള നീതി നടപ്പാക്കലുമെല്ലാം കത്തുന്ന അനുഭവമായി പ്രേക്ഷകര്‍ക്കുള്ളില്‍ നിറഞ്ഞു. ഒന്നാം ഭാഗത്തിനേറ്റ തിരിച്ചടികള്‍ തിരിച്ചറിഞ്ഞ് മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് 2 തമാശകള്‍ നിറച്ച് പ്രേക്ഷകരെ ചിരിപ്പിച്ചു. ഷാജി പാപ്പനും സംഘവും തിയേറ്ററുകളില്‍ വലിയ തിരമാലകള്‍ തന്നെയാണ് സൃഷ്ടിച്ചത്. സ്ഫൂഫ് കോമഡി ഇനത്തില്‍ പെടുന്ന ചിത്രം വന്‍ വിജയം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് നിലവാരത്തകര്‍ച്ച നേരിട്ടെങ്കിലും തിയേറ്ററില്‍ വിജയമായി. പ്രൃഥ്വിരാജിന്റെ വിമാനം തരക്കേടില്ലാത്ത ചിത്രമെന്ന അഭിപ്രായം നേടി. വേറിട്ട പ്രമേയമായിരുന്നെങ്കിലം ആന അലറലോടലറല്‍ ദുര്‍ബലമായ ആവിഷ്‌ക്കാരം കൊണ്ട് ക്രിസ്മസ് ചിത്രങ്ങളില്‍ ഏറ്റവും പിന്നോക്കം പോയി.

2017 ലെ മികച്ച ചിത്രങ്ങള്‍
1 തൊണ്ടിമുതലും ദൃക്‌സാക്ഷിയും ( സംവിധാനം: ദിലീഷ് പോത്തന്‍)
2 ടേക്ക് ഓഫ് (മഹേഷ് നാരായണന്‍)
3 അങ്കമാലി ഡയറീസ് (ലിജോ ജോസ് പെല്ലിശ്ശേരി)
4മായാനദി (ആഷിക്ക് അബു)
5 പറവ (സൗബിന്‍ ഷാഹിര്‍)
ആട് 2, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഗോദ, ഉദാഹരണം സുജാത, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, രക്ഷാധികാരി ബൈജു ഒപ്പ്, സി ഐ എ, അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍,സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളും കലാപരമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇതില്‍ ഭൂരിഭാഗം ചിത്രങ്ങളും ബോക്‌സ്ഓഫീസിലും വന്‍ നേട്ടമുണ്ടാക്കി.

സൂപ്പര്‍ ഹിറ്റുകള്‍.. ഹിറ്റുകള്‍
ചില വന്‍വിജയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 250 കോടിയോളം രൂപയാണ് ഈ വര്‍ഷത്തെ മലയാള സിനിമയുടെ മൊത്തം നഷ്ടം. എങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നഷ്ടക്കണക്ക് തുലോം കുറവാണെന്ന് പറയാം.
രാമലീല, ഗ്രേറ്റ് ഫാദര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററുകള്‍. ആട് 2വും ഈ പട്ടികയില്‍ ഇടം പിടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മാസ്‌ററര്‍പീസ്, സി ഐ എ, പറവ, ടേക്ക് ഓഫ്, ഗോദ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മെക്‌സിക്കന്‍ അപാരത, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം, ചങ്ക്‌സ്, ജോമോന്റെ വിശേഷങ്ങള്‍, രക്ഷാധികാരി ബൈജു, ആദം ജോണ്‍, പ്ുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, സണ്‍ഡേ ഹോളിഡേ എന്നിവയൊക്കെ മികച്ച കലക്ഷന്‍ നേടിയ ചിത്രങ്ങളാണ്. എന്നിരുന്നാലും ആദം ജോണ്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ വലിയ നിര്‍മ്മാണ ചെലവ് വലിയ കലക്ഷന്‍ നേടിയെങ്കിലും വലിയ ലാഭം നേടുന്നതില്‍ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. കെയര്‍ ഓഫ് സൈറാബാനു, സഖാവ്, ഷെര്‍ലക് ടോംസ്, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചു പിടിച്ചു.

പ്രതീക്ഷകള്‍ തകര്‍ത്ത ചിത്രങ്ങള്‍
1 ടിയാന്‍
2വില്ലന്‍
3പുത്തന്‍പണം
4 വെളിപാടിന്റെ പുസ്തകം
5 വീരം
6സോളോ
71971 ബിയോണ്ട് ബോര്‍ഡേഴ്‌സ്
8 ഹണി ബീ 2
9ത്രിശ്ശിവപേരൂര്‍ ക്ലിപ്തം
10ജോര്‍ജ്ജേട്ടന്‍സ് പൂരം
സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, ചിപ്പി, ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച, ഹലോ ദുബായ്ക്കാരന്‍, ചക്കരമാവില്‍ കൊമ്പത്ത്, ആറ് വിരലുകള്‍, ചെമ്പരത്തിപ്പൂ, ഹിസ്റ്ററി ഓഫ് ജോയ്,വിശ്വവിഖ്യാതരായ പയ്യന്‍മാര്‍,കാപ്പുചീനോ, മാച്ച് ബോക്‌സ്, താങ്ക്യു വെരിമച്ച് മൈഥിലി വീണ്ടും വരുന്നു. ടീം 5,ഡാന്‍സ് ഡാന്‍സ്, എന്റെ കല്ലുപെന്‍സില്‍, വിളക്കുമരം തുടങ്ങി കലാപരമായും കച്ചവടപരമായും യാതൊരു നിലവാരവുമില്ലാത്ത നിരവധി ചിത്രങ്ങളും ഈ വര്‍ഷം തിയേറ്ററിലെത്തി. ഇവയില്‍ പലതും ഒരാഴ്ച തികയ്ക്കുന്നതിന് മുമ്പേ തിയേറ്റര്‍ വിടുകയും ചെയ്തു.

മികച്ച സംവിധായകര്‍
1 മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
2 ലിജോ ജോസ് പെല്ലിശ്ശേരി (അങ്കമാലി ഡയറീസ്)
3ദിലീഷ് പോത്തന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
4 ആഷിക്ക് അബു (മായാനദി)
5 സൗബിന്‍ ഷാഹിര്‍ (പറവ)
6 സലിം കുമാര്‍ (കറുത്ത ജൂതന്‍)

തിരക്കഥ
1മഹേഷ് നാരായണന്‍, പി വി ഷാജി കുമാര്‍ (ടേക്ക് ഓഫ്)
2 സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
3ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് നായര്‍ (മായാനദി)

നടന്‍, നടി
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഫഹദ് ഫാസില്‍ മികച്ചു നിന്നു. തൊണ്ടിമുതലിലെയും വര്‍ണ്യത്തില്‍ ആശങ്കയിലെയും മികച്ച പ്രകടനം സുരാജ് വെഞ്ഞാറമൂടിനും തുണയായി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റേതും മികച്ച പ്രകടനമായിരുന്നു. മായാനദ, ഗോദ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് പ്രേക്ഷകരുടെ അഭിനന്ദനം നേടിയെടുത്തു. രാമന്റെ ഏദന്‍ തോട്ടം, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും കയ്യടി നേടി. രക്ഷാധികാരി ബൈജുവിലെ പ്രകടനം ബിജു മേനോനെയും കറുത്ത ജൂതനിലെ മികവ് സലിം കുമാറിനെയും അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടനിലെ പ്രകടനം ആസിഫ് അലിയെയും തുണച്ചു.
ജോമോന്റെ സുവിശേഷങ്ങള്‍, സി ഐ എ, പറവ, സോളോ തുടങ്ങിയ ചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും മികച്ചു നിന്നു. എസ്ര, വിമാനം, ആദം ജോണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രൃഥ്വിരാജ് കൈയ്യടി നേടി. അങ്കമാലി ഡയറീസില്‍ ആന്റണി വര്‍ഗീസ്, അപ്പാനി ശരത് തുടങ്ങിയവരും കെയര്‍ ഓഫ് സൈറാബാനു, പറവ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷൈന്‍ നിഗമും ഗോദയിലൂടെ രഞ്ജി പണിക്കരും പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചു. വിവാദങ്ങളില്‍ പെട്ടുഴലുമ്പോഴും രാമലീലയിലെ താര പ്രകടനം ദിലീപിനെ തുണച്ചു. പാതിയില്‍ ഇന്ദ്രന്‍സും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചു.
കാടുപൂക്കുന്ന നേരത്തിലൂടെ റിമ കല്ലിങ്കലും കെയര്‍ ഓഫ് സൈറാബാനു, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങളിലൂടെ മഞ്ജു വാര്യരും ടേക്ക് ഓഫിലൂടെ പാര്‍വ്വതിയും രാമന്റെ ഏദന്‍ തോട്ടത്തിലൂടെ അനു സിതാരയും തൊണ്ടിമുതലിലൂടെ നിമിഷ സജയനും മിന്നാമിനുങ്ങിലൂടെ സുരഭി ലക്ഷ്മിയും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ ശാന്തി കൃഷ്ണയും മായാനദിയിലൂടെ ഐശ്വര്യ ലക്ഷ്മിയും പ്രേക്ഷക പ്രീതി സ്വന്തമാക്കി.