സിനിമ 2017‑വെള്ളിത്തിരയിലെ വിസ്മയങ്ങള്‍

Web Desk
Posted on January 02, 2018, 5:12 pm

രാജഗോപാല്‍ രാമചന്ദ്രന്‍

ബാലന്‍സ് ഷീറ്റില്‍ കോടികളുടെ നഷ്ടമാണെങ്കിലും കഴിഞ്ഞവര്‍ഷമിറങ്ങിയ മലയാള സിനിമയില്‍ പ്രതീക്ഷയുടെ വക 2017ലും മലയാളത്തില്‍ അവസാനിക്കുന്നുണ്ട്… താരങ്ങളെയും കോടിക്ലബ്ബുകളുടെ അവകാശവാദങ്ങളെയും വിട്ട് സാധാരണ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കുറച്ച് കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ… സഹനടന്‍മാര്‍ വരെ അത്ഭുതം കാണിക്കുന്ന മലയാള സിനിമാവേദിയില്‍ സ്ഥലസൗകര്യം കാരണം വിട്ടുപോയ ധാരളം കഥാപാത്രങ്ങളുണ്ടാവുമെന്ന മുന്‍കൂര്‍ ജാമ്യത്തോടെ.…

 

കൗശലക്കാരനായ കള്ളന്‍ പ്രസാദ്
(ഫഹദ് ഫാസില്‍/തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

കള്ളന്‍ പ്രസാദ്… ഇത്രയും തന്മയത്വത്തോടെ മലയാള സിനിമയില്‍ മറ്റൊരു കള്ളന്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയമാണ്. വീരതയാര്‍ന്നതോ കൗശലങ്ങള്‍ നിറഞ്ഞതോ ആയ മോഷണങ്ങള്‍ കൊണ്ടല്ല പ്രസാദിനെ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. സജീവ് പാഴൂര്‍ രചിച്ച് ദിലീഷ് പോത്തന്റെ സംവിധാന മികവിലൂടെ വന്ന ഈ കഥാപാത്രം ഫഹദിന്റെ മറ്റൊരുമുഖം വെള്ളിത്തിരയിലെത്തിച്ചു. ഒരു ദുരൂഹതയുള്ള നായകന് വേണ്ട എല്ലാ ലക്ഷണങ്ങളും തന്നെ കണ്ണുകളിലൊളിപ്പിക്കാനും നിമിഷ നേരം കൊണ്ട് അതിന്റെ വ്യത്യസ്ത ഫലങ്ങള്‍ ചിരിയായരും രോഷമായും സങ്കടമായും അത്ഭുതമായുമൊക്കെ പ്രേക്ഷകരിലെത്തിക്കാനും ഫഹദിനുള്ള കഴവ് തന്നെയാണ് പ്രസാദിന് കഴിഞ്ഞവര്‍ഷത്തെ ഞെട്ടിപ്പിച്ച പ്രകടനങ്ങളില്‍ മുന്നിലെത്തിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ കൗശലതയും തെളിയിക്കപ്പെട്ടപ്പോള്‍ നിസ്സഹായതയുമെല്ലാം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ ഫഹദിന് കഴിഞ്ഞു.

 

നൊമ്പരമായി സമീറ
(പാര്‍വ്വതി/ടേക്ക് ഓഫ്)

ടേക്ക് ഓഫീലെ സമീറ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും ശക്തയായ മലയാളത്തിലെ നായികാ കഥാപാത്രങ്ങളിലൊന്നാണ്. കേരളത്തില്‍ നിന്നും ഇറാക്കിലെ യുദ്ധഭൂമിയിലെത്തിയ നഴ്‌സുമാരുടെ പ്രതീകമാണ് സമീറ. ആദ്യഭര്‍ത്താവിനും കുഞ്ഞിനും രണ്ടാം ഭര്‍ത്താവിനുമിടയിലുള്ള ജീവിതം സമീറയിലുണ്ടാക്കുന്ന കണ്ണീരും പ്രണയവും വേര്‍പാടുമെല്ലാം ശരിയായ ശരീരഭാഷയിലൂടെ പാര്‍വ്വതി അവതരിപ്പിച്ചു. ദുരിതം നിറഞ്ഞ ജീവിതവും ഗര്‍ഭാവസ്ഥയും മാതൃത്വവും ബന്ധിയായുള്ള ജീവിതവുമെല്ലാം വളരെ ലാഘവത്തോടെയേറ്റെടുക്കാന്‍ പാര്‍വതിയിലെ അഭിനയേത്രിക്ക് കഴിഞ്ഞുവെന്നുള്ളതാണ് നടിയെന്ന നിലയില്‍ പാര്‍വ്വതിയുടെ വിജയം.

ജീവിതം വില്ലനാക്കിയ മാത്യൂ മാഞ്ഞൂരാന്‍
(മോഹന്‍ലാല്‍/വില്ലന്‍)
ചടുലമായ വേഗതയില്ലല്ലാതെ പതുക്കെ പതുക്കെ പ്രേക്ഷകന്റെ ഉള്ളിലേക്ക് കയറുന്ന കഥാപാത്രമാണ് വില്ലനിലെ പൊലീസ് ഓഫീസര്‍ മാത്യു മാഞ്ഞൂരാന്‍. കണ്‍പീലികളും വിരല്‍ത്തുമ്പും വരെ അഭിനയിക്കുന്ന ലാല്‍മാജിക്കിന് തെളിവായി നിരവധി രംഗങ്ങളുണ്ട് വില്ലനില്‍. മോഹന്‍ലാലിന്റെ ആരാധകര്‍ വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന കഥാപാത്രമായിരുന്നു മാത്യുമാഞ്ഞൂരാന്‍. താരം എന്ന നിലയില്‍ ആരാധാകരെ സംതൃപ്തിപ്പെടുത്താന്‍ മാഞ്ഞൂരാനായില്ലെങ്കിലും നടന്‍ എന്ന നിലയില്‍ സാധാരണ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് വളരെ മുകളിലായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം.

ചിരിപ്പിച്ച് ചിരിപ്പിച്ച് ഷാജിപാപ്പാന്‍
(ജയസൂര്യ/ആട് 2)

ഷാജിപാപ്പാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികളും ട്രോളന്‍മാരുമേറ്റെടുത്തുവിജയിപ്പിച്ച ഒരു കഥാപാത്രമാണ്. ഒരു കോമിക് കഥാപാത്രം പോലെ മലയാളിയെ ചിരിപ്പിക്കുന്ന കഥാപാത്രം. ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ ഭാഗം സാമ്പത്തികമായി വലിയ വിജയമായില്ലെങ്കിലും അതിലെ കഥാപാത്രങ്ങളെ വച്ച് രണ്ടാമതൊരു ഭാഗമൊരുക്കാന്‍ സംവിധായകനായ മിഥുന്‍ മാനുവലിനെ പ്രേരിപ്പിച്ചതും ടിവിയിലൂടെയും ട്രോളിലൂടെയും ഇപ്പോഴും ഷാജിപാപ്പാനുള്ള സ്വീകാര്യതതന്നെയാണ്. ഷാജിപാപ്പാന്‍ മുണ്ടുംമടക്കിക്കുത്തി തല്ലുണ്ടാക്കാറുണ്ട്, അതുപോലെ നടുവേദനകൊണ്ട് മറിഞ്ഞുവീഴാറുണ്ട്.. കോമിക്ക് കഥാപാത്രമായ ശിക്കാരിശംഭുവിനെയും തന്ത്രങ്ങള്‍ പിഴച്ചുപോകുന്ന മന്ത്രിയെയുമൊക്കെ പോലെയുള്ള ഷാജിപാപ്പാന്‍ ജയസൂര്യയെന്ന നടന്റെ കൈയ്യില്‍ സുരക്ഷിതമായരുന്നു.

പെണ്‍കരുത്തുമായി മാലിനി
(അനുസിതാര/രാമന്റെ ഏദന്‍ തോട്ടം)

സാധാരണ വീട്ടമ്മയുടെ ജീവിതം.. അതും ജീവിതത്തോട് വലിയ പ്രതിബന്ധത പുലര്‍ത്താത്ത സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഭര്‍ത്താവിനോടൊപ്പമൊള്ള ജീവിതം… ഒരു മലയാളി വീട്ടമ്മയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ് അനുസിതാര എന്ന നടിയ്ക്ക് മാലിനിയെന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിക്കേണ്ടി വന്നത്. വളരെ സ്വാഭാവികതയോടെ, പ്രേക്ഷകരുടെയെല്ലാം ഉള്ളില്‍ നിശബ്ദപ്രണയത്തിന്റെയും കുടുംബബന്ധങ്ങളുടെ കുരുക്കില്‍പ്പെട്ട നിസ്സഹായതയുടെയും ക്ലൈമാക്‌സിലേക്കടുക്കുമ്പോള്‍ പെണ്‍കരുത്തിന്റെയും പ്രതീകമായി മാലിനി മാറി.

ഓമനക്കുട്ടന്റെ അഡൈ്വഞ്ചേഴ്‌സ്
(അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍/ആസിഫ് അലി)

‘കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററില്‍ നിന്ന്’ എന്ന് ഫെയ്‌സ്ബുക്കില്‍ ചിത്രത്തിന്റെ സംവിധായകനായ രോഹിത്ത് ഇട്ട പോസ്റ്റിലൂടെയാണ് അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം പ്രേക്ഷകശ്രദ്ധയിലേക്കെത്തുന്നത്. ഒന്നോ രണ്ടോ ആഴ്ചയില്‍ പ്രദര്‍ശനം അവസാനിപ്പിച്ചുപോകുമായിരുന്ന ആ ചിത്രം അതിനുശേഷം ശ്രദ്ധിക്കപ്പെട്ടു. അതോടെ ആസിഫ് അലിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ഓമനക്കുട്ടനും. ദുരൂഹതയില്‍ തുടങ്ങി ദുരൂഹതയില്‍ തന്നെ അവസാനിച്ച ഓമനക്കുട്ടനെ നല്ല സിനിമയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല.

പ്രതിസന്ധിയിലും പ്രതീക്ഷയര്‍പ്പിച്ച ശ്രീജ
(നിമിഷ സജയന്‍/ തൊണ്ടി മുതലും ദൃക്‌സാക്ഷിയും
ശ്രീജ എന്ന നാട്ടിന്‍പുറത്തുകാരിയായ യുവതി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വൈകാരികമായ പ്രകടനങ്ങളിലൂടെയാണ് നിമിഷ വെള്ളിത്തിരയിലെത്തിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് കാമുകനെ വിവാഹം കഴിച്ച ശ്രീജയുടെ പ്രതീക്ഷയെ കള്ളന്റെ തൊണ്ടമുതലായി മാറിയ താലിമാല പ്രതിസന്ധിയിലാക്കുന്നതാണ് സിനിമ. ബഹളമോ ഭീകരമായ ഡയലോഗ് കസര്‍ത്തുകളോ കണ്ണീരോ അതിഭാവുകത്വമോ ഇല്ലാത്ത മധ്യതിരുവിതാംകൂര്‍കാരിയായ ആ കഥാപാത്രം നിമിഷയുടെ കൈകളില്‍ ഭദ്രമായിരുന്നു. മലയാള സിനിമിയക്ക് വരുംകാലത്തും അഭിമാനിക്കാവുന്ന ഈ നടിയെ അവതരിപ്പിച്ചതില്‍ സംവിധായകനായ ദിലീഷ് പോത്തനും അഭിമാനിക്കാം.

പേരിറിയാത്ത പരക്കംപാച്ചില്‍
(സുരഭി ലക്ഷ്മി/മിന്നാമിനുങ്ങ്)
കഴിഞ്ഞവര്‍ഷമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടതെങ്കിലും സാധാരണപ്രേക്ഷകരിലേക്ക് സുരഭിലക്ഷ്മിയെന്ന നടിയുടെ പ്രകടനവുമായി മിന്നാമിനുങ്ങെത്തിയത് 2017 ലാണ്. നമ്മുടെ ചുറ്റുപാടും കാണുന്ന ഒരു ജോലിക്കാരി സ്ത്രീയാണ് സുരഭി അവതരിപ്പിക്കുന്ന പേരില്ലാ നായിക കഥാപാത്രം. സ്വന്തം വീട്ടില്‍ നിന്ന് ഓഫീസിലേക്ക്… ഓഫീസില്‍ നിന്ന് വീട്ടുജോലിക്ക് നില്‍ക്കുന്ന വീട്ടിലേക്ക്… മാര്‍ക്കറ്റില്‍ മുട്ട വില്‍ക്കാന്‍ മലക്കറിക്കടയില്‍ അന്നത്തെ പച്ചക്കറി നല്‍കാന്‍… പാലു വില്‍ക്കാന്‍… അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക്.. മകളുടെ ഹോസ്റ്റലിലേക്ക്… ഒരു മാസം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പരക്കംപായുന്ന സാധാരണ പെണ്ണുങ്ങളുടെ വെള്ളിത്തിര പ്രതീകം. …യൗവ്വനത്തിലേ വിധവയായ അവളുടെ ശരീരത്തോട് അവള്‍ ജോലി ചെയ്യുന്ന ഓഫീസ് മാനേജര്‍ക്കും ചികിത്സിക്കുന്ന ഡോക്ടര്‍ക്കും തോന്നുന്ന കാമം എന്ന വികാരം ജീവിതത്തിന്റെ തത്രപ്പാടില്‍ നഷ്ടപ്പെട്ടുവെന്ന് അവള്‍ പറയുന്നിടത്ത് ആ കഥാപാത്രം അതിന്റെ പൂര്‍ണ്ണതയിലെത്തുകയായിരുന്നു.

വില്ലനായി ഞെട്ടിച്ച അപ്പാനി രവി
(ശരത് കുമാര്‍/അങ്കമാലി ഡയറീസ്)
കുറേ പുതുമുഖങ്ങളെ മാത്രം വച്ച് ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ അങ്കമാലി ഡയറീസില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ശരത് കുമാറിന്റെ അപ്പാനി രവിയെന്ന കഥാപാത്രം. ആറടിപൊക്കവും സിക്‌സ്പാക്കും അത്യാവശ്യമായ മലയാള വില്ലന്‍മുഖങ്ങളെ കുഞ്ഞുശരീരവുമായി വന്ന് നിലംപരിശാക്കാന്‍ അഭിനയമികവുകൊണ്ട് ശരത്കുമാറിനായി. ചടുലമായ അഭിനയമാണ് ശരത്തിനെ വ്യത്യസ്തനാക്കുന്നത്. നാടകവേദികളില്‍ നിന്നും കീട്ടിയ അഭിനയത്തിന്റെ കൈമൂതല്‍ അദ്ദേഹത്തിന് സഹായകമായി. അടുത്ത സമയത്ത് ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് പ്രേക്ഷകനെ ഉദ്യോഗഭരിതമാക്കുന്ന രീതിയില്‍ ആ കഥാപാത്രം നിന്നു.

പ്രണയം ഉയരത്തിലെത്തിച്ച വെങ്കിടി
(പൃഥ്വിരാജ്/വിമാനം)
പ്രണയത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ സ്‌ക്രീനിലെത്തിക്കുന്ന കഥാപാത്രങ്ങള്‍ പലതവണ പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നും വെങ്കിടിയെ വ്യത്യസ്ഥനാക്കുന്നത് ആ കഥാപാത്രത്തിന്റെ പക്വത തന്നെയാണ്. സ്‌നേഹിച്ച പെണ്ണിനെയും കൊണ്ട് സ്വന്തമായുണ്ടാക്കിയ വിമാനത്തില്‍ ആകാശത്തിലൂടെ പറന്നുനടക്കണമെന്ന ആഗ്രഹമുള്ള കേള്‍വിയ്ക്ക് പോരായ്മയുള്ള നായകന്‍. ആ കഥാപാത്രത്തിന്റെ മാനറിസങ്ങളെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ പൃഥ്വിരാജിനായി. നഷ്ടപ്രണയത്തെ തീക്ഷ്ണമായി അവതരിപ്പിച്ചപ്പോള്‍ പ്രേകഷകരും ചിത്രം ഏറ്റെടുത്തു

പ്രണയം നൊമ്പരമാക്കിയ മാത്തന്‍
(ടൊവിനോ/മായാനദി)
ന്യൂജനറേഷന്‍ പ്രണയ നായകനാണ് മാത്തന്‍. കാമവും പ്രേമവുമൊക്കെ ജീവിത്തതിന്റെ ഉറപ്പിക്കലുകളല്ലെന്ന് കാണുന്ന പുതുകാല പ്രണയിതാവ്. അവന്റെ ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും പ്രണയിതാവിന്റെ വേഷം അതിമനോഹരമായി അവനെടുത്തണിയാന്‍ കഴിയുന്നു. കെട്ടുപാടുകളില്ലാതെ ജീവിക്കുന്ന… പ്രണയിക്കുന്ന.. കാമിക്കുന്ന… പുത്തന്‍തലമുറയുടെ പ്രതീകമായി മാത്തന്‍.. അതുകൊണ്ട് തന്നെ ബുദ്ധിജീവികുപ്പായമണിഞ്ഞുനടക്കുന്ന ജീവിതത്തെ അത്ര സീരിയസായി കാണാത്ത ആണിന്റെയും പെണ്ണിന്റെയുമുള്ളില്‍ മായാനദി പ്രണയത്തിന്റെ നീരുറവയായി ഒഴുകുകയായിരുന്നു.. മാത്തനും.

ഞെട്ടിച്ച് കടന്നുപോയ പിള്ളേര്‍
(അമല്‍ഷാ, ഗോവിന്ദ് പൈ/പറവ)
പറവയെന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഇച്ചാപ്പിയെയും ഹസീബിനെയും അവതരിപ്പിച്ച ഈ കുഞ്ഞുതാരങ്ങള്‍ തന്നെയാണ്. സിനിമയുടെ കഥയും കഥാപരിസരവുമെല്ലാം വലിയവര്‍ക്കുള്ളവരായിരുന്നെങ്കിലും വലിയവര്‍ ജീവിച്ചുകഴിഞ്ഞ കുട്ടിത്തത്തിന്റെ ഓര്‍മ്മകള്‍ കാഴ്ചക്കാര്‍ക്ക് ഈ കഥാപാത്രങ്ങള്‍ നല്‍കി. പ്രേക്ഷകര്‍ അതേറ്റെടുക്കുക കൂടി ചെയ്തപ്പോള്‍ ഈ കുഞ്ഞുങ്ങള്‍ 2017ലെ ഏറ്റവും ശ്രദ്ധേയമായ ബാലതാരങ്ങളായി മാറി.

ഉദാഹരണങ്ങളില്ലാത്ത സുജാത
(മഞ്ജൂവാര്യര്‍/ഉദാഹരണം സുജാത)
സുജാതയെന്ന വിധവയായ വീട്ടമ്മയുടെ ജീവിതം മലയാള സിനിമയില്‍ പുതുമയായിരുന്നു. ഇത്തരം കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ ധാരാളം ഉദാഹരണങ്ങളുണ്ടെങ്കിലും പഠനത്തില്‍ തോറ്റുപോകുമായിരുന്ന മകളെ സ്വന്തം ജീവിതത്തിലൂടെ നല്‍കിയ പാഠഭേദങ്ങളിലൂടെ വിജയത്തിലേക്കെത്തിക്കാന്‍ പരിശ്രമിച്ച കോളനിനിവാസിയായ സുജാതയുടെ വേഷം മഞ്ജുവിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. ഹിന്ദിയില്‍ സൃഷ്ടിക്കപ്പെട്ട് തമിഴിലും അവതരിപ്പിക്കപ്പെട്ട് മലയാളത്തിലെത്തിയിട്ടും സുജാത ശ്രദ്ധിക്കപ്പെട്ടു.

ശശിയാവാത്ത അയാള്‍
(ശ്രീനിവാസന്‍/അയാള്‍ ശശി)
ശശി നമ്പൂരിയിലെ ശശി നമ്മുക്കിടയിലുള്ള പലരിലുമൊരാളാണ്… ഫെയ്‌സ്ബുക്കില്‍ ഹിറ്റുകളുടെ എണ്ണം കൂട്ടാന്‍ ബൗദ്ധിക പോസ്റ്റിലൂടെ വൈറലാകാന്‍ ആഗ്രഹിക്കുന്ന… സ്ത്രീകളോടുള്ള ദ്വയാര്‍ത്ഥ കമന്റുകളിലൂടെ ഉള്ളിലെ വൈകല്യങ്ങളെ ദുഃഖങ്ങളെ മറക്കാന്‍ കഴിയുന്ന… കുടിച്ച് കുടിച്ച് അര്‍മ്മാദിച്ച് ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുന്ന… പച്ച മനുഷ്യരിലൊരാള്‍… പെട്ടെന്ന് മരണം കടന്നെത്തുമ്പോള്‍ മരണത്തെയെങ്ങനെ ആഘോഷമാക്കാം (വൈറലാക്കാന്‍) എന്ന് ശശി ആലോചിക്കുമ്പോഴാണ് സിനിമ സഞ്ചരിച്ചു തുടങ്ങുന്നത്. ന്യൂ ജെന്‍ ശവപ്പെട്ടിയും ഡോക്യുമെന്ററിയുമൊക്കെയായി മരണത്തിലേക്കുള്ള വഴിയും ആഘോഷമാക്കാന്‍ ഒരുങ്ങുന്ന ശശി സിനിമ കണ്ട പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടപ്പെട്ടയാളാണ്..

ദ ഗ്രേറ്റ് ഫാദറിലെയും പുള്ളിക്കാരന്‍ സ്റ്റാറിലെയും മാസ്റ്റര്‍പീസിലെയുമൊക്കെ മമ്മൂട്ടി, വിനീത് ശ്രീനിവാസന്റെ എബി, കെയര്‍ ഓഫ് സൈറാഭാനുവിലെ ഷൈന്‍ നിഗം, നിവിന്‍പോളിയിലെ സഖാവിലെയും ഞണ്ടുകളുടെ നാട്ടിലെ ഇടവേളയിലും കഥാപാത്രങ്ങള്‍, ഹിറ്റിലേക്കെത്തിയ രക്ഷാധികാരി ബൈജുവിലെ ബിജുമോനോന്‍, ജോമോനിലെയും കോംമ്രേഡ് ഇന്‍ അമേരിക്കയിലെയും ദുല്‍ക്കര്‍ സല്‍മാന്‍, അലന്‍സിയര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍… ഇങ്ങനെ സ്ഥലപരിമിതിമൂലം വിശദീകരണത്തിന് കഴിയാത്ത ധാരാരളം പേര്‍… ഇനിയും ബാക്കിയുണ്ട്.